ന്യൂഡൽഹി: മുൻ കേന്ദ്ര മന്ത്രിയും ആർ.ജെ.ഡി നേതാവുമായ ശരദ് യാദവ് (75) അന്തരിച്ചു. ഗുരുഗ്രാമിലെ ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്നലെ രാത്രി 11.15ഓടെയിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. മകൾ സുഭാഷിണി യാദവ് സമൂഹ മാദ്ധ്യമത്തിലൂടെയാണ് മരണവിവരം അറിയിച്ചത്. ഏഴ് തവണ ലോക്‌സഭാംഗവും മൂന്ന് തവണ രാജ്യസഭാംഗവുമായിരുന്നു. 1999-2004ലെ വാജ്‌പേയ് മന്ത്രിസഭയിൽ തൊഴിൽ, വ്യോമയാന വകുപ്പ് മന്ത്രി സ്ഥാനം വഹിച്ചിട്ടുണ്ട്. 2003ൽ ജനതാദൾ പാർട്ടി (യുണൈറ്റഡ്) രൂപീകരിക്കുകയും 2016 വരെ ദേശീയ പ്രസിഡന്റുമായിരുന്നു. ബീഹാറിലെ ലോക് താന്ത്രിക് ജനതാദളിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. നിരവധി നേതാക്കൾ അനുശോചിച്ചു.
1974ൽ ജബൽപ്പൂരിൽ നടന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലൂടെയാണ് ശരത് യാദവ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. 2017ൽ ബീഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാറും കോൺഗ്രസ്, ആർ.ജെ.ഡി പാർട്ടികളും നേതൃത്വം നൽകിയിരുന്ന മഹാഗഡ്ബന്ധൻ സഖ്യം വിട്ട് ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നണിയിൽ അംഗമായി. തുടർന്ന് 2017ൽ കൂറുമാറ്റ നിരോധന നിയമപ്രകാരം രാജ്യസഭാംഗത്വം നഷ്ടപ്പെട്ടു. 2018ൽ ലോകതാന്ത്രിക് ജനതാദൾ എന്ന പാർട്ടി രൂപീകരിക്കുകയും 2022 മാർച്ച് 20ന് ലാലു പ്രസാദ് യാദവിന്റെ പാർട്ടിയായ ആർ.ജെ.ഡിയിൽ ലയിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |