ആലത്തൂർ: ഒരു രൂപയ്ക്ക് ഒരു ലിറ്റർ വെള്ളം 'വാട്ടർ എ.ടി.എം' പദ്ധതി തേങ്കുറിശിയിൽ മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. പദ്ധതി പ്രകാരം ഒരു രൂപ നാണയമിട്ടാൽ ഒരു ലിറ്റർ വെള്ളവും അഞ്ച് രൂപയുടെ നാണയമിട്ടാൽ അഞ്ച് ലിറ്റർ വെള്ളവും വാട്ടർ എ.ടി.എമ്മിലൂടെ ലഭിക്കും. പഞ്ചായത്ത് 4.75 ലക്ഷം വിനിയോഗിച്ച് നടപ്പിലാക്കുന്ന വാട്ടർ കിയോസ്ക് പദ്ധതിയിലൂടെയാണ് ജലവിതരണം.
കുഴൽ കിണറിൽ നിന്ന് ഫിൽറ്റർ ചെയ്ത പ്യൂരിഫൈഡ് വെള്ളമാണ് നൽകുന്നത്. ഒരു മണിക്കൂറിൽ 500 ലിറ്റർ ശേഷിയുളള ടാങ്കിലേക്കാണ് വെള്ളം സംഭരിക്കുന്നത്. പദ്ധതി നടപ്പാക്കുന്ന ജില്ലയിലെ രണ്ടാമത്തെ പഞ്ചായത്താണ് തേങ്കുറിശ്ശി, മുഴുവൻ വാർഡുകളിലും ഇത് നടപ്പാക്കും.
പരിപാടിയിൽ ഹരിത സേനാംഗങ്ങൾക്കുള്ള യൂണിഫോം വിതരണവും സംസ്ഥാന കായികമേളയിൽ മൂന്ന് സ്വർണ്ണം കരസ്ഥമാക്കിയ തേങ്കുറിശ്ശി സ്വദേശിനി നിവേദ്യയ്ക്കുള്ള ഉപഹാരം നൽകലും മന്ത്രി നിർവഹിച്ചു. കെ.ഡി പ്രസേനൻ എം.എൽ.എ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.ഭാർഗവൻ, സെക്രട്ടറി കെ.കിഷോർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |