ഇന്ത്യ - ന്യൂസിലാൻഡ് ആദ്യ ഏകദിനം ഇന്ന്
1.30pm മുതൽ സ്റ്റാർ സ്പോർട്സിൽ
ഹൈദരാബാദ് : ശ്രീലങ്കയ്ക്ക് എതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പര തൂത്തുവാരിയതിന്റെ ആവേശമടങ്ങും മുന്നേ ഇന്ത്യൻ ക്രിക്കറ്റ് ടീം ന്യൂസിലാൻഡിനെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയ്ക്കിറങ്ങുന്നു. ഇന്ന് ഹൈദരാബാദിലാണ് ഇന്ത്യയും കിവീസും തമ്മിലുള്ള ആദ്യ ഏകദിനം.
കാര്യവട്ടത്ത് നടന്ന അവസാന മത്സരത്തിൽ 317 റൺസിന്റെ ചരിത്രവിജയം നേടിയെങ്കിലും മത്സരം കാണാൻ ആളുകുറഞ്ഞത് ഏകദിന ക്രിക്കറ്റിന്റെ കാലം കഴിഞ്ഞോ എന്നുള്ള ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്ന സമയമാണിത്. മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീൻ നേതൃത്വം നൽകുന്ന ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ മികച്ച ജനപങ്കാളിത്തോടെ മത്സരം നടത്താനുള്ള തയ്യാറെടുപ്പിലാണ്.
രോഹിത് ശർമ്മ നയിക്കുന്ന ഇന്ത്യൻ ടീമിൽ നിന്ന് കെ.എൽ രാഹുലും അക്ഷർ പട്ടേലും വ്യക്തിപരമായ കാരണങ്ങളാൽ ഒഴിവായിട്ടുണ്ട്.പരിക്കുമൂലം ശ്രേയസ് അയ്യർ കളിക്കില്ല. മൂവർക്കും പകരം ഇന്ത്യ ആരെയൊക്കെ കളിപ്പിക്കുമെന്ന ചർച്ചയിലാണ് ആരാധകർ. വിക്കറ്റ് കീപ്പറായാണ് രാഹുൽ ലങ്കയ്ക്ക് എതിരെ കളിച്ചത്. രാഹുലിന് പകരം ഇഷാൻ കിഷൻ ഓപ്പണായി എത്താനാണ് സാദ്ധ്യത. ബംഗ്ളാദേശിനെതിരെ ഏകദിനത്തിൽ ഇരട്ടസെഞ്ച്വറിയടിച്ച ഇഷാന് ലങ്കയ്ക്ക് എതിരെ പുറത്തിരിക്കേണ്ടിവന്നിരുന്നു. ഇഷാൻ ഓപ്പണിംഗ് പൊസിഷനിലാവും ബാറ്റുചെയ്യുക. അങ്ങനെവന്നാൽ ലങ്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളിൽ ഓപ്പണിംഗിനിറങ്ങി ഒരു സെഞ്ച്വറിയും ഒരു അർദ്ധസെഞ്ച്വറിയും നേടിയ ശുഭ്മാൻ ഗില്ലിനെ ബാറ്റിംഗ് ഓർഡറിൽ താഴേക്ക് ഇറക്കുകയോ ഒഴിവാക്കുകയോ ചെയ്യേണ്ടിവരും. മദ്ധ്യനിരയിൽ ശ്രേയസിന് പകരം സൂര്യകുമാർ യാദവിന് അവസരം ലഭിച്ചേക്കും.
കാര്യവട്ടത്ത് ഗംഭീരപ്രകടനം നടത്തിയ സിറാജ് ജന്മനാട്ടിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനാവും എന്ന പ്രതീക്ഷയിലാണ്.ഷമിക്കൊപ്പം മൂന്നാം പേസറായി ഉപനായകൻ ഹാർദിക് പാണ്ഡ്യ ഉണ്ടാവും. ഉമ്രാൻ മാലിക്ക് , ശാർദ്ദൂൽ താക്കൂർ എന്നിവരും അവസരം പ്രതീക്ഷിക്കുന്നു.അക്ഷർ ഇല്ലാത്തതിനാൽ യുസ്‌വേന്ദ്ര ചഹൽ,കുൽദീപ് യാദവ് എന്നീ രണ്ട് സ്പിന്നർമാരെയും ഇന്ത്യ കളിപ്പിച്ചേക്കാം.
പരിചയസമ്പന്നരായ കേൻ വില്യംസണിന്റെയും ടിം സൗത്തീയുടെയും അഭാവത്തിൽ ടോം ലതാമാണ് കിവീസിനെ നയിക്കുന്നത്. ഐ.സി.സി റാങ്കിംഗിലെ നിലവിലെ ഒന്നാം സ്ഥാനക്കാരായ കിവീസ് പാകിസ്ഥാൻ പര്യടനം കഴിഞ്ഞ് നേരേ ഇന്ത്യയിലേക്ക് എത്തിയതാണ്. പാക് പര്യടനത്തിൽ ആദ്യം നടന്ന രണ്ട് ടെസ്റ്റുകളും സമനിലയിൽ കലാശിച്ചെങ്കിലും തുടർന്ന് മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിൽ കിവീസ് 2-1ന് വിജയം കണ്ടിരുന്നു. കഴിഞ്ഞ നവംബറിൽ ഇന്ത്യ നടത്തിയ ന്യൂസിലാൻഡ് പ്യടനത്തിലെ മൂന്ന് ഏകദിനങ്ങളിൽ രണ്ടെണ്ണം മഴയെടുത്തതോടെ ആദ്യ കളി ജയിച്ച ആതിഥേയർ പരമ്പര1-0ത്തിന് സ്വന്തമാക്കിയിരുന്നു.
ശ്രേയസിന് പരമ്പര നഷ്ടം
ശ്രീലങ്കയ്ക്ക് എതിരായ പരമ്പരയ്ക്കിടെ നടുവിന് പരിക്കേറ്റ ശ്രേയസ് അയ്യർക്ക് കിവീസിനെതിരായ പരമ്പര നഷ്‌ടമാകും. ശ്രേയസിന് പകരക്കാരനായി രജത് പാട്ടീദാറിനെ ടീമിൽ ഉൾപ്പെടുത്തി.
ടീമുകൾ ഇവരിൽ നിന്ന്
ഇന്ത്യ: രോഹിത് ശർമ്മ(ക്യാപ്ടൻ),ഹാർദിക് പാണ്ഡ്യ(വൈസ് ക്യാപ്ടൻ),വിരാട് കൊഹ്‌ലി, ഇഷാൻ കിഷൻ, ശ്രീകാർ ഭരത്,സൂര്യകുമാർ യാദവ്, യുസ്‌വേന്ദ്ര ചഹൽ,കുൽദീപ് യാദവ്,മുഹമ്മദ് ഷമി,സിറാജ്,ഷഹ്ബാസ് അഹമ്മദ്,ശുഭ്മാൻ ഗിൽ,ശാർദൂൽ താക്കൂർ,ഉമ്രാൻ മാലിക്ക്,വാഷിംഗ്ടൺ സുന്ദർ, രജത് പാട്ടീദാർ.
കിവീസ് : ടോം ലതാം (ക്യാപ്‌ടൻ),ഫിൻ അല്ലെൻ,ഡഗ് ബ്രേസ്‌വെൽ, മിച്ചൽ ബ്രേസ്‌വെൽ,മാർക്ക് ചാപ്മാൻ,ഡെവോൺ കോൺവേയ്,ജേക്കബ് ഡഫി,ലോക്കീ ഫെർഗൂസൺ,ആദം മിൽനെ,ഡാരിൽ മിച്ചൽ,ഹെൻട്രി നിക്കോൾസ്,ഗ്ളെൻ ഫിലിപ്പ്സ്, മിച്ചൽ സാന്റ്നർ,ഹെൻറി ഷിപ്ളേ,ഇഷ് സോധി,മാറ്റ് ഹെൻറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |