ന്യൂജേഴ്സി: ഏതുപ്രായത്തിലും ആർക്കും പഠിക്കാം. ലോകത്തെവിടെയായാലും ഇതുതന്നെ അവസ്ഥ. എന്നാൽ ന്യൂജഴ്സിൽ പഠിക്കാനെത്തിയ യുവതി അറസ്റ്റിലായി. ഇരുപത്താെമ്പതുകാരി ഹീജിയോംഗ് ഷിൻ ആണ് പിടിയിലായത്. വ്യാജ ജനന സർട്ടിഫിക്കറ്റുണ്ടാക്കിയതിനായിരുന്നു അറസ്റ്റ്.
അധികൃതർക്കോ വിദ്യാർത്ഥികൾക്കോ ഒരു സംശയവും കൂടാതെയാണ് ഹീജിയോംഗ് ഷിൻ സ്കൂളിൽ പ്രവേശനം നേടിയത്. രക്ഷിതാക്കളോടൊപ്പമല്ലാതെ ജനനസർട്ടിഫിക്കറ്റുമായി എത്തുന്നവർക്ക് പ്രവേശനം അനുവദിക്കണമെന്നാണ് ന്യൂജേഴ്സിയിലെ നിയമം. അതും ഹീജിയോംഗ് മുതലെടുത്തു. കുറച്ചുദിവസങ്ങൾ പ്രശ്നമില്ലാതെ പോയെങ്കിലും അധികം വൈകാതെ തന്നെ ഹീജിയോംഗിന്റെ തനിനിറം പുറത്തുവന്നു. ക്ളാസ് കട്ടുചെയ്ത് പുറത്തുപോകാമോ എന്ന് സഹപാഠികൾക്ക് മെസേജ് അയച്ചതാണ് പ്രശ്നമായത്. പുറത്തുപോകാൻ തയ്യാറാകാതിരുന്നവരോട് വളരെ മോശമായി പെരുമാറുകയും മോശം മെസേജുകൾ അയയ്ക്കുകയും ചെയ്തു. ഈ മെസേജുകൾ ചില വിദ്യാർത്ഥികൾ അദ്ധ്യാപകരെ കാണിച്ചതോടെയാണ് ഹീജിയോംഗിന്റെ 'കുട്ടി ജീവിതം' അവസാനിച്ചത്. ഇവർ അടിച്ചുപൊളിക്കാനാണ് സ്കൂളിൽ എത്തിയതെന്നാണ് കരുതുന്നത്.
29 വയസായ ഒരാൾ പ്രായപൂർത്തിയാകാത്ത കുട്ടികൾക്കൊപ്പം ഇരുന്ന് പഠിക്കാനിടയാക്കിയത് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുത വീഴ്ചമൂലമാണെന്നാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്. ചെറിയ പ്രശ്നങ്ങളുടെ പേരിൽ പോലും വെടിവയ്പ്പ് നടക്കുന്ന അമേരിക്കയിൽ ഇത്തരമൊരു വീഴ്ച ഒരിക്കലും അനുവദിക്കാനാവാത്തതാണെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
എന്നാൽ രൂപത്തിലോ ഭാവത്തിലോ രേഖകളിലോ ഹീജിയോംഗ് മുതിർന്ന ഒരാളാണെന്ന് അഡ്മിഷന്റെ ഒരു ഘട്ടത്തിലും തോന്നിയില്ലെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |