ശ്രീനഗർ: ജമ്മു കാശ്മിരിൽ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര താത്കാലികമായി നിറുത്തി വയ്ക്കാനിടയായ സംഭവത്തിൽ കോൺഗ്രസിന്റെ ആരോപണങ്ങൾ തള്ളി പൊലീസ്. യാത്രയിൽ സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ലെന്ന് ജമ്മു കാശ്മീർ പൊലീസ് വ്യക്തമാക്കി. യാത്രയ്ക്ക് സുരക്ഷ ഉറപ്പുവരുത്താനുള്ള എല്ലാ നടപടികളും ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്ന് ജമ്മു കാശ്മീർ ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ആർ.കെ. ഗോയൽ അറിയിച്ചു. നേരത്തെ അറിയിച്ചിരുന്നതിനെക്കാൾ ആൾക്കൂട്ടം യാത്രയിൽ എത്തി. ഇത് സുരക്ഷാജീവനക്കാർക്ക് മേൽ സമ്മർദ്ദമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷയ്ക്കായി 15 കമ്പനി കേന്ദ്രസേനയേയും 10 കമ്പനി കാശ്മീർ പൊലീസിനെയും നിയമിച്ചിരുന്നു. ബെനിഹാലിൽ ഇത്രയധികം പേർ എത്തുമെന്ന് സംഘാടകർ അറിയിച്ചിരുന്നില്ല. സംഘാടകരായവരെ മാത്രമാണ് യാത്രയിൽ അനുവദിച്ചിരുന്നതെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. യാത്ര നിറുത്തിവയ്ക്കുന്നതിനെക്കുറിച്ചും അറിയിച്ചിരുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി . പഴുതുകളില്ലാത്ത സുരക്ഷ ഇനിയും ഒരുക്കുമെന്നും പൊലീസ് പറഞ്ഞു.
ശ്രീനഗറിലേയ്ക്കുള്ള വഴിയിൽ ബനിഹാൽ തുരങ്കം പിന്നിട്ടതിന് ശേഷം വൻ ജനക്കൂട്ടം യാത്രയിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. അര മണിക്കൂറോളം രാഹുൽ ഗാന്ധിക്ക് അനങ്ങാനായില്ല, തുടർന്ന് രാഹുലിനെ സുരക്ഷാ വാഹനത്തിൽ കയറ്റിയ ശേഷം ഇന്നത്തേക്ക് യാത്ര അവസാനിപ്പിക്കുകയായിരുന്നു. നിയന്ത്രിക്കാൻ മതിയായ സുരക്ഷാ ഉദ്യോഗസ്ഥരില്ലാത്തതിനെ തുടർന്നാണ് യാത്ര നിർത്തിവച്ചതെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്നും, കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ജമ്മു കാശ്മീർ ഭരണകൂടം പരാജയപ്പെട്ടെന്നും കോൺഗ്രസ് ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |