SignIn
Kerala Kaumudi Online
Wednesday, 29 March 2023 11.42 AM IST

കേന്ദ്ര ബഡ്‌ജറ്റ് 2023-24,​ ഇളവുകൾ ഉന്നമിട്ട് ആദായനികുതി

nirmala

കൊച്ചി: രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ അവസാന സമ്പൂർണ ബഡ്‌ജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ അടുത്തമാസം ഒന്നിന് അവതരിപ്പിക്കും. നിർമ്മലയുടെ നാലാമത്തെ ബഡ്‌ജറ്റ് അവതരണം. 2024ൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ, ജനപ്രിയ പ്രഖ്യാപനങ്ങൾ ഇക്കുറി ബഡ്‌ജറ്റിൽ പ്രതീക്ഷിക്കാം.

കൊവിഡും റഷ്യ-യുക്രെയിൻ യുദ്ധംമൂലമുള്ള ആഗോള സമ്പദ്‌പ്രതിസന്ധികളും ആഞ്ഞടിച്ച പശ്ചാത്തലത്തിൽ പ്രതിസന്ധിയുടെ മുൾമുനയിലായിരുന്നു കഴിഞ്ഞ രണ്ടുവർഷത്തെയും ബഡ്‌ജറ്റുകളെങ്കിൽ ഇക്കുറി നിർമ്മലയ്ക്ക് സാഹചര്യം പൊതുവേ ഭേദപ്പെട്ടതാണ്. ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ (മേജർ) സമ്പദ്‌വ്യവസ്ഥ, ജി20 കൂട്ടായ്‌മയിലെ ഏറ്റവും വേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ എന്നീ പട്ടങ്ങൾ ഇന്ത്യയ്ക്ക് സ്വന്തമാണ്.

നാണയപ്പെരുപ്പ ഭീഷണി കുറയുന്നു. അടിസ്ഥാന പലിശനിരക്ക് കുത്തനെ കൂട്ടുന്ന ട്രെൻഡ് റിസർവ് ബാങ്ക് ഒഴിവാക്കിയേക്കുമെന്ന വിലയിരുത്തലും ശക്തം. ജി.എസ്.ടി ഉൾപ്പെടെ കേന്ദ്രത്തിന്റെ മൊത്ത നികുതിവരുമാനവും പ്രതീക്ഷിച്ചതിനേക്കാൾ കൂടി. ഫലത്തിൽ, കടം വാരിക്കൂട്ടാതെ തന്നെ ജനപ്രിയപ്രഖ്യാപനങ്ങൾ ബഡ്‌ജറ്റിൽ നിറയ്ക്കാൻ നിർമ്മലയ്ക്ക് കഴിയും.

ആദായനികുതിയും സ്ളാബുകളും

ആദായനികുതിയിൽ ഇളവ് വേണമെന്ന ആവശ്യം 2020ലും ശക്തമായെങ്കിലും നിർമ്മല നിലവിലെ സ്ളാബ് നിലനിറുത്തിത്തന്നെ പുത്തനൊരു സ്ളാബ് അവതരിപ്പിക്കുകയാണ് നിർമ്മല ചെയ്‌തത്.

നിലവിലെ സ്ളാബിൽ ആദായനികുതിദായകർക്ക് ലഭിക്കുന്ന 70ഓളം ഇളവുകൾ ഉൾപ്പെടാത്തതാണ് പുതിയ സ്ളാബ് ഘടന. നിലവിലെ സ്ളാബുകളേക്കാൾ നികുതിനിരക്ക് കുറവുമാണ്. പക്ഷേ, ആശയക്കുഴപ്പം മൂലം പുതിയ സ്ളാബ് ഘടനയിലേക്ക് കൂടുമാറിയവർ തീരെക്കുറവാണ്.

മാറ്റണം ആശയക്കുഴപ്പം

നിലവിലെ സ്ളാബ് ഘടനയിൽ സെക്‌ഷൻ 80സി., 80ഡി തുടങ്ങിയ ആദായനികുതി സെക്‌ഷനുകൾ പ്രകാരം നികുതിദായകർക്ക് ഇളവ് നേടാം. പുതിയ സ്ളാബിൽ ഇത്തരം ഇളവുകളില്ല.

ഇരു സ്ളാബ് ഘടനയിലും 2.50 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർക്ക് നികുതിയില്ല. അഞ്ചുലക്ഷം രൂപവരെ വരുമാനമുള്ളവർക്ക് 12,500 രൂപ റിബേറ്റ് സർക്കാർ നൽകുന്നതിനാൽ, അവർക്കും നികുതിബാദ്ധ്യതയില്ല.

 പുതിയ സ്ളാബ് ഘടനയിൽ റിബേറ്റ് ഇല്ലാതെ തന്നെ അഞ്ചുലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർക്ക് നികുതി പൂർണമായി ഒഴിവാക്കിയാൽ കൂടുതൽ പേരെ ആകർഷിക്കാനാകുമെന്ന് നികുതിവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

കുറയണം നികുതിഭാരം

 ഇരുസ്ളാബ് ഘടനകളിലും ഏറ്റവും ഉയർന്ന നികുതി 30 ശതമാനമാണ് (പുറമേ സെസും). ഇത് 25 ശതമാനമാക്കണമെന്ന ആവശ്യം ശക്തമാണ്.

 പഴയ സ്ളാബിൽ 10 ലക്ഷം രൂപയ്ക്കുമേലും പുതിയ സ്ളാബിൽ 15 ലക്ഷം രൂപയ്ക്കുമേലും വാർഷിക വരുമാനമുള്ളവർക്കാണ് 30 ശതമാനം നികുതിയും സെസും ബാധകം.

 പുതിയ സ്ളാബ് ഘടനയിലെങ്കിലും ഈ നികുതിയുടെ പരിധി 20 ലക്ഷം രൂപയാക്കണമെന്ന ആവശ്യവുമുണ്ട്.

സെക്‌ഷൻ 80സി

വീണ്ടും നോട്ടപ്പുള്ളി

വിവിധ നിക്ഷേപപദ്ധതികളിലെ നിക്ഷേപം ചൂണ്ടിക്കാട്ടി ആദായനികുതിയിൽ ഒന്നരലക്ഷം രൂപവരെ ഇളവ് നേടാവുന്ന ചട്ടമാണ് സെക്‌ഷൻ 80സി. 2014-15 മുതൽ ഇതു പരിഷ്‌കരിച്ചിട്ടില്ല.

ഇളവിന്റെ പരിധി രണ്ടുലക്ഷം രൂപയെങ്കിലുമാക്കണമെന്ന ആവശ്യമുണ്ട്.

ഇൻഷ്വറൻസ്, പോസ്‌റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്, പി.പി.എഫ്., എൻ.പി.എസ്., ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്കീം (ഇ.എൽ.എസ്.എസ്) തുടങ്ങിയവയിൽ നിക്ഷേപിച്ച് ഇളവ് നേടാവുന്ന ചട്ടമാണിത്.

വ്യക്തിഗത വായ്പയും പരിഗണിക്കണം

ആദായനികുതി നിയമത്തിലെ സെക്‌ഷൻ 80ഇ പ്രകാരം വിദ്യാഭ്യാസ വായ്‌പ ചൂണ്ടിക്കാട്ടി ആദായനികുതിയിളവ് നേടാം. ഇതേ ആനുകൂല്യം വ്യക്തിഗത വായ്‌പകൾക്കും വേണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.

ഉറ്റുനോട്ടം സ്‌റ്റാൻഡേർഡ്

ഡിഡക്‌ഷനിലും

ആദായനികുതി ബാധകമായ വരുമാനത്തിൽ നിലവിൽ 50,000 രൂപയുടെ സ്‌റ്റാൻഡേർഡ് ഡിഡക്‌ഷൻ അനുവദനീയമാണ്. വരുമാനത്തിൽ നിന്ന് 50,000 രൂപ കുറച്ചശേഷം ബാക്കിത്തുകയ്ക്ക് നികുതി അടച്ചാൽ മതി. 2019 മുതൽ ഇതിൽ മാറ്റംവരുത്തിയിട്ടില്ല. ഇക്കുറി ഇളവ് 75,000 രൂപയോ ഒരുലക്ഷം രൂപയോ ആയി ഉയർത്തണമെന്ന ആവശ്യം ശക്തമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, BUDGET 2023, NIRMALA SITHARAMAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.