കോട്ടയം: 14 കോടി രൂപ ചെലവിൽ പ്രവാസി വ്യവസായി നിർമ്മിക്കുന്ന ചിൽഡ്രൻസ് സ്‌പോർട്സ് പാർക്കിന്റെ ഭാഗമായ ആറുനില കെട്ടിടത്തിന് പെർമിറ്റ് അനുവദിക്കുന്നതിന് 20,000 രൂപയും സ്‌കോച്ചും കൈക്കൂലി ആവശ്യപ്പെട്ട അസി.എൻജിനിയർ വിജിലൻസ് പിടിയിൽ. മാഞ്ഞൂർ പഞ്ചായത്ത് അസി.എൻജിനിയർ വൈക്കം ഇറുമ്പയം ഇ.ടി. അജിത് കുമാർ (38) ആണ് അറസ്റ്റിലായത്. 2020ൽ അപേക്ഷ സമർപ്പിച്ചെങ്കിലും പെർമിറ്റ് ലഭിച്ചില്ല.
ഇക്കഴിഞ്ഞ 23ന് നേരിൽ സമീപിപ്പോൾ പെർമിറ്റ് ലഭിക്കാൻ ചില 'കാര്യങ്ങളൊക്കെ'യുണ്ടെന്ന് പറഞ്ഞു. കൈവശമുണ്ടായിരുന്ന 5000 രൂപ വ്യവസായി എ.ഇയ്ക്ക് നൽകിയെങ്കിലും പ്രതീക്ഷിച്ചത് ഇത്രയല്ലെന്ന് അറിയിച്ചു. ആവശ്യമുള്ളത് പറഞ്ഞാൽ നൽകാമെന്ന് പ്രവാസി സമ്മതിച്ചു. ഇന്നലെ രാവിലെ എ.ഇയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഫയൽ അപ്രൂവലിനും സെക്രട്ടറിയ്ക്ക് അയക്കുന്നതിനുമായി 20,000 രൂപയും ഒരു കുപ്പി സ്‌കോച്ചുമാണ് ആവശ്യപ്പെട്ടത്. തുടർന്നാണ് വിജിലൻസ് എസ്.പി വി.ജി. വിനോദ്കുമാറിന് പരാതി നൽകിയത്.
ഫിനോഫ്തലിൻ പുരട്ടിയ നോട്ടും മദ്യക്കുപ്പിയുമായി എ.ഇയുടെ മുറിയിലെത്തി പണം കൈമാറുന്നതിനിടെ പുറത്ത് കാത്തുനിന്ന വിജിലൻസ് പിടികൂടുകയായിരുന്നു. ഓഫീസ് സമയം കഴിഞ്ഞ് കുപ്പിയെത്തിച്ചാൽ മതിയെന്ന് പറഞ്ഞതിനാൽ കുപ്പി കൈപ്പറ്റിയില്ല. എ.ഇയുടെ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ വിജിലൻസ് നിർദ്ദേശപ്രകാരം പഞ്ചായത്ത് സെക്രട്ടറി രേഖകൾ പരിശോധിച്ച് പെർമിറ്റ് അനുവദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |