ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധനയിൽ വൃത്തിഹീനമെന്ന് കണ്ട ഒന്നര ഡസൻ ഹോട്ടലുകൾ കോട്ടയത്ത് അടച്ചുപൂട്ടിയതിൽ ഭൂരിപക്ഷവും വീണ്ടും പ്രവർത്തനം തുടങ്ങിയത് എങ്ങനെയെന്ന് ചോദിക്കുകയാണ് ചുറ്റുവട്ടത്തുള്ളവർ. ഹെൽത്ത് കാർഡ് ഉടൻ റെഡിയാക്കാമെന്നും അടുക്കളയിലെ വൃത്തിഹീനസാഹചര്യം ഉടൻ മാറ്റാമെന്നുമുള്ള ഉറപ്പിൽ പിഴ അടപ്പിച്ചുമാണ് പല ഹോട്ടലുകളും തുറന്നത്.
അൽഫാം കഴിച്ച് കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സ് മരിച്ച സംക്രാന്തിയിലെ മലപ്പുറം കുഴിമന്തി ഹോട്ടൽ മാത്രമാണ് ഇനി പ്രധാനമായും തുറക്കാനുള്ളത്. ഹോട്ടൽ ഉടമകളും ഷെഫും അടക്കം നാല് പേർ അറസ്റ്റിലായതിനപ്പുറം ഒന്നും സംഭവിച്ചില്ല. ആദ്യം അടച്ച ഹോട്ടൽ തുറക്കാൻ അനുമതി നൽകിയതെന്ന് ആരോപിച്ച് കോട്ടയം നഗരസഭാ ആരോഗ്യവകുപ്പിലെ ഇടതു യൂണിയനിൽപെട്ട ഉദ്യോഗസ്ഥനെ യു.ഡി.എഫ് ഭരണ സമിതി സസ്പെൻഡ് ചെയ്തതിനെതിരെ ഇടതു കൗൺസിലർമാർ സമരം നടത്തിയതോടെ ഒരാഴ്ചക്കുള്ളിൽ തിരിച്ചെടുത്തു. ഇതിനുള്ള ഉത്തരവിറക്കാതെ അവധിയിൽ പോയ സെക്രട്ടറിയെ തിരുവനന്തപുരത്തെ ഉന്നതോദ്യോഗസ്ഥൻ വിരട്ടി വിളിച്ചു വരുത്തിയായിരുന്നു സസ്പെൻഷൻ പിൻവലിച്ചതായുള്ള ഓർഡർ ഇറക്കിയത്. സത്യത്തിൽ ആ ഉദ്യോഗസ്ഥൻ കൈക്കൂലിക്കാരനല്ലായിരുന്നുവെന്ന് യു.ഡി.എഫ് നേതാക്കളും സമ്മതിക്കുന്നുണ്ട്.
എന്ത് വൃത്തിഹീനമായ അന്തരീക്ഷവും എത്ര മോശം ഭക്ഷണവും വിതരണം ചെയ്യുന്ന ഹോട്ടൽ ഏമാന്മാരുടെ കിമ്പളം പറ്റി അവരെ സംരക്ഷിക്കുന്ന അരക്കള്ളന്മാരും മുക്കാൽ കള്ളന്മാരുമായ വലിയ പെരുച്ചാഴികൾ നഗരസഭയിൽ ഉണ്ടായിട്ടും പിന്നെ എന്തിന് സത്യസന്ധനായ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തുവെന്ന് ചോദിച്ചാൽ ഉത്തരമില്ല. നഗരസഭയിൽ സർവ്വത്ര അഴിമതിയെന്നാരോപിച്ച് പ്രതിപക്ഷം നഗരസഭ വളയൽ സമരം വരെ നടത്തി. ഇനിയും പല സമരമുറളും കാണേണ്ടി വന്നേക്കും.
വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പല തട്ടുകടകളും പ്രവർത്തിക്കുന്നത്. പക്ഷെ കൗൺസിലർമാരും ബിനാമികളായുള്ളപ്പോൾ എങ്ങനെ തട്ടുകടയിൽ പരിശോധന നടത്തും. ചീഞ്ഞഴുകിയ മത്സ്യവും മാംസവും വൃത്തിഹീനമായ അന്തരീക്ഷത്തിൽ വിൽക്കുന്നത് പരിശോധിക്കാൻ സംവിധാനമില്ല. സുനാമി ഇറച്ചിയെന്നറിയപ്പെടുന്ന ചത്ത കോഴികളുടെ ഇറച്ചിവരെ വില്പനയ്ക്കുണ്ടെന്ന പരാതി ഉയർന്നിട്ടും ഒരു പരിശോധനയുമില്ല.
അനധികൃത കശാപ്പുശാലൾ പെരുകിയിട്ടും നല്ല ഇറച്ചി വിൽക്കാൻ കഴിയുന്നതിന് ആരോഗ്യമുള്ള ഉരുക്കളെ ശാസ്ത്രീയമായി കൊല്ലുന്നതിന് നിർമ്മിച്ച സ്ലോട്ടർ ഹൗസ് വർഷമേറെക്കഴിഞ്ഞിട്ടും തുറക്കാൻ കഴിഞ്ഞിട്ടില്ല. നഗരസഭാ ആരോഗ്യവിഭാഗം ജീവനക്കാരെ ഫീൽഡിലിറക്കി ഹോട്ടലുകളും തട്ടുകടകളും കൂണുപോലെ മുളച്ച വീട്ടിൽ ഊണുകകളും ഹോസ്റ്റലുകളുമെല്ലാം നിരന്തരം പരിശോധിച്ചു നടപടി എടുത്താൽ മാത്രമേ നാട്ടുകാർക്ക് നല്ല ഭക്ഷണം കഴിക്കാനും ഭക്ഷ്യവിഷബാധയിൽ ചാകാതിരിക്കാനും കഴിയൂ. രാഷ്ട്രീയത്തിനതീതമായുള്ള ശ്രമം കൗൺസിലർമാരുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നാണ് ചുറ്റുവട്ടത്തിന് അഭ്യർത്ഥിക്കാനുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |