കോട്ടയം: കൈതച്ചക്ക കൃഷിയുടെ അന്തകനായ മച്ചിക്കനിയ്‌ക്ക് (അന്തകവിത്തുകൾ) പ്രതിവിധിയില്ലാത്തത് കർഷകർക്ക് വെല്ലുവിളിയാകുന്നു. കാർഷിക സർവകലാശാലയ്‌ക്കോ പൈനാപ്പിൾ ഗവേഷണ കേന്ദ്രത്തിനോ ഇതു സംബന്ധിച്ച് വ്യക്തതയുമില്ല.
കേരളത്തിൽ മച്ചിക്കനി പ്രശ്‌നം തുടങ്ങിയിട്ട് രണ്ട് വർഷമായി. വളർച്ചയെത്തുന്ന കൈതച്ചക്കച്ചെടി കായ്‌ക്കാതെ വരുന്നതിനെയാണ് കർഷകർ മച്ചിക്കനിയെന്ന് പറയുന്നത്. ചെടിയുടെ അഗ്ര മുകുളത്തിന്റെ കൂമ്പടഞ്ഞ ശേഷം വശങ്ങളിൽ മുകുളങ്ങൾ രൂപപ്പെടുന്നതാണ് പ്രശ്നം. ഇതോടെ ചെടി പൂർണമായും നശിക്കും.
ഇതോടെ തോട്ടങ്ങളിലെ ഉത്പാദനം നേർപകുതിയുമായി. എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് മച്ചിക്കനി വ്യാപകമായി കണ്ടെത്തിയത്. തുടർന്ന് കൃഷിത്തോട്ടങ്ങളിൽ നിന്ന് പൈനാപ്പിൾ ഗവേഷണ കേന്ദ്രം സാമ്പിളും ശേഖരിച്ചിരുന്നു. തോട്ടങ്ങളിലെ മണ്ണും ഇലയും പരിശോധിച്ചെങ്കിലും അടിസ്ഥാന കാരണം കണ്ടെത്താനായില്ല.
ഉത്പാദനം 86 ടൺ മാത്രം
100 ടൺ വിളവ് പ്രതീക്ഷിച്ച തോട്ടങ്ങളിൽ നിന്ന് ഇത്തവണ 86 ടൺ മാത്രമാണ് ലഭിച്ചത്. 14 ടൺ ഉത്പാദനത്തിന്റെ ചെടികളാണ് നശിച്ചത്. തോട്ടങ്ങളിൽ 10 ശതമാനം ഉത്പാദനം കുറഞ്ഞതോടെ കർഷകരുടെ ലാഭവും ഇടിഞ്ഞു. ഭൂരിഭാഗം കർഷകരും സ്ഥലം പാട്ടത്തിനെടുത്താണ് കൃഷിയിറക്കുന്നത്. പാട്ടത്തുക, ചെടികളുടെ വില, നിലം ഉഴുന്നതിന്റെ കൂലി, നടീൽ ചെലവ്, പരിചരണം, മരുന്ന് തളിക്കുന്നത് എന്നിങ്ങനെ വലിയ ചെലവാണ് കർഷകർക്കുള്ളത്.
കുറഞ്ഞത് 14 ടൺ
പ്രതീക്ഷിച്ച വിളവ്- 100 ടൺ
ലഭിച്ചത്- 86 ടൺ
കുറവ്- 14 ടൺ
തോട്ടങ്ങളിലെ കുറവ്- 10%
'മച്ചിക്കനി പ്രശ്‌നത്തിൽ പ്രതിവിധികണ്ടെത്താൻ സാധിക്കാത്തത് പ്രതിഷേധാർഹമാണ്".
- ജോയി വാളിപ്ലാക്കൽ,
റബർ ആൻഡ് പൈനാപ്പിൾ ഗ്രോവേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |