കോട്ടയം: 'ജില്ലയിൽ ഒരു ഉത്പന്നം" പദ്ധയിലൂടെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കാൻ വ്യവസായ വകുപ്പ് കൈതച്ചക്ക തിരഞ്ഞെടുത്തെങ്കിലും എല്ലാം കടലാസിലൊതുങ്ങി. രണ്ട് വർഷം മുമ്പാണ് പദ്ധതി പ്രഖ്യാപിച്ചത്. ആദ്യ വർഷം 108 യൂണിറ്റുകൾ തുടങ്ങുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ഒന്നുമുണ്ടായില്ല. ചെറുകിട, സൂക്ഷ്മ, ഇടത്തരം വ്യവസായ യൂണിറ്റുകൾ ആരംഭിക്കുന്നതിനൊപ്പം തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതായിരുന്നു പദ്ധതി.
എറണാകുളം കഴിഞ്ഞാൽ കൂടുതൽ കൈതച്ചക്ക കൃഷി കോട്ടയത്താണ്. മീനച്ചിൽ, കാഞ്ഞിരപ്പള്ളി, കോട്ടയം, ചങ്ങനാശേരി താലൂക്കുകളിലെ റബറിന് ഇടവിള കൃഷിയാണ് കൈത. മുണ്ടക്കയം, എരുമേലി, മണിമല എന്നിവിടങ്ങളിലാണ് തോട്ടങ്ങളേറെയും. ചെറുവള്ളി എസ്റ്റേറ്റിൽ 350 ഏക്കർ സ്ഥലത്ത് കൃഷിയുണ്ട്. മുണ്ടക്കയം വെള്ളനാടി, കൂട്ടിക്കൽ താളുങ്കൽ, എരുമേലി പാലംപാടം എന്നീ എസ്റ്റേറ്റുകളാണ് വലിയ തോട്ടങ്ങൾ. ചിറ്റടി, പഴുവത്തടം, പാറത്തോട് എന്നിവിടങ്ങളിലും പാലാ, ഭരണങ്ങാനം, രാമപുരം പൈക പ്രദേശങ്ങളിലും കൈതച്ചക്ക കൃഷിയുണ്ട്.
ഒരു യൂണിറ്റിൽ 15 പേർക്ക് തൊഴിൽ
കൈതച്ചക്കയുടെ വിപണി പ്രയോജനപ്പെടുത്താം
ഇടനിലക്കാരെ ഒഴിവാക്കുമ്പോൾ മികച്ച വില
മൂല്യവർദ്ധിത ഉത്പന്നം കർഷകർക്ക് പ്രയോജനം
ഒരു യൂണിറ്റിൽ കുറഞ്ഞത് 15 പേർക്ക് തൊഴിൽ
പ്രഖ്യാപനത്തിലൊതുങ്ങിയത്
തുടർ പ്രവർത്തനങ്ങളുണ്ടായില്ല
വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മ
കൈതയിൽ നിന്ന് വീര്യം കുറഞ്ഞ വൈൻ നിർമ്മിക്കാനുള്ള ലൈസൻസ് പ്രശ്നങ്ങൾ
നബാർഡ്, കൃഷിവകുപ്പ് തുടങ്ങിയ വിഭാഗങ്ങൾക്ക് പദ്ധതിയെപ്പറ്റി അറിയില്ല
'ജില്ലാ വ്യവസായ കേന്ദ്രത്തിന് പദ്ധതിയെക്കുറിച്ച് ഒരറിവുമില്ല. കൈയടി നേടാനുള്ള വെറും പ്രഖ്യാപനം മാത്രമാണ്. മദ്യം, വൈൻ, സാനിറ്റൈസർ എന്നിങ്ങനെ വിവിധ ഉത്പന്നങ്ങൾ നിർമ്മിക്കാനുള്ള സാദ്ധ്യതകൾ പരിശോധിക്കപ്പെട്ടിരുന്നെങ്കിൽ വലിയ നേട്ടമായേനെ''.
- ജോജോ വാളിപ്ലാക്കൽ, സംസ്ഥാന പ്രസിഡന്റ്, പൈനാപ്പിൾ ആൻഡ് റബർ ഗ്രോവേഴ്‌സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |