വിശാഖപട്ടണം: ആന്ധ്രപ്രദേശിന്റെ തലസ്ഥാനം വിശാഖപട്ടണമാകുമെന്ന് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. തെലങ്കാന സംസ്ഥാനം രൂപികരിച്ചപ്പോൾ നേരത്തെ ആന്ധ്രയുടെ തലസ്ഥാനമായിരുന്ന ഹെെദരാബാദ് തെലങ്കാനയുടെ ഭാഗമായി മാറുകയായിരുന്നു.
'വരാനിരിക്കുന്ന ദിവസങ്ങളിൽ നമ്മുടെ തലസ്ഥാനമാകാൻ പോകുന്ന വിശാഖപട്ടണത്തിലേയ്ക്ക് നിങ്ങളെ ക്ഷണിക്കുന്നു. ഞാൻ ഉടനെ വിശാഖപട്ടണത്തിലേയ്ക്ക് മാറുമെന്നും' ജഗൻ മോഹൻ റെഡ്ഡി പറഞ്ഞു. മാർച്ച് മൂന്ന്, നാല് തീയതികളിൽ വിശാഖപട്ടണത്തിൽനടക്കുന്ന നിക്ഷേപക സംഗമത്തിലേയ്ക്കുള്ള ക്ഷണിച്ചുത്തിലൂടെയാണ് മുഖ്യമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്.
2015ൽ ടി ഡി പി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള ആന്ധ്ര സർക്കാർ കൃഷ്ണ നദിയുടെ തീരത്തുള്ള അമരവതിയെ പുതിയ തലസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ 2022ൽ അമരാവതി, വിശാഖപട്ടണം, കർണൂൽ എന്നീ മൂന്ന് സ്ഥലങ്ങളെ തലസ്ഥാനങ്ങളാക്കാൻ നീക്കം നടന്നു. ഇതിനെതിരെ പ്രതിഷേധം ഉയർന്നതോടെ ഈ നീക്കം ഉപേഷിക്കുയായിരുന്നു.
എന്തുകൊണ്ട് വിശാഖപട്ടണം
തീരദേശ നഗരമായ വിശാഖപട്ടണം ആന്ധ്ര പ്രദേശിലെ ഏറ്റവും വലുതും ജനസംഖ്യ കൂടുതലിള്ളതുമായ നഗരമാണ്. വിശാഖപട്ടണത്തിന്റെ പ്രധാന സവിശേഷതകൾ ഇതാണ്.
1. രണ്ട് തുറമുഖങ്ങളുള്ള നഗരം
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ രണ്ട് തുറമുഖങ്ങൾ ഉള്ള നഗരമാണ് വിശാഖപട്ടണം. വിശാഖ തുറമുഖവും ഗംഗാവരം തുറമുഖവും.
2. ആദ്യത്തെ നാവിക ഷൂട്ടിംഗ് റേഞ്ച്
കിഴക്കൻ നേവൽ കമാൻഡ് ആസ്ഥാനം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്
3. കിഴക്കൻ തീരത്തിന്റെ രത്നം
കിഴക്കൻ പർവതനിരകൾക്കും ബംഗാൾ ഉൾക്കടലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന വിശാഖപട്ടണത്തെ 'കിഴക്കൻ തീരത്തിന്റെ രത്നം' എന്ന് അറിയപ്പെടുന്നു. നിരവധി ബീച്ചുകൾ, മ്യൂസിയങ്ങൾ, ക്ഷേത്രങ്ങൾ എന്നിവയുള്ളതിനാൽ ഇത് ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. ആന്ധ്രാപ്രദേശിലെ ഏറ്റവും വലുതും ജനസാന്ദ്രതയുള്ളതുമായ നഗരം, ഇന്ത്യയുടെ കിഴക്കൻ തീരത്ത് ചെന്നൈ കഴിഞ്ഞാൽ രണ്ടാമത്തെ വലിയ നഗരം കൂടിയാണിത്.
4. ദക്ഷിണേഷ്യയിലെ ആദ്യത്തെ അന്തർവാഹിനി മ്യൂസിയം
1969ൽ ഇന്ത്യൻ നാവികസേന വാങ്ങിയ ആദ്യത്തെ നാല് അന്തർവാഹിനികളിലൊന്നാണ് ഐ എൻ എസ് കുർസുര. ഇത് 1971 ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു. 2001ൽ ഇത് ഡീകമ്മീഷൻ ചെയ്യുകയും 2002 ൽ രാമകൃഷ്ണ ബീച്ചിൽ ഒരു അന്തർവാഹിനി മ്യൂസിയം ഉണ്ടാക്കി അവിടെ സ്ഥാപിക്കുകയും ചെയ്തു. ദക്ഷിണേഷ്യയിലെ ആദ്യ അന്തർവാഹിനി മ്യൂസിയമാണിത്.
5. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന കപ്പൽ നിർമാണ ശാല
1941ൽ ഇവിടെ സ്ഥാപിച്ച ഹിന്ദുസ്ഥാൻ ഷിപ്പ്യാർഡ് ലിമിറ്റഡാണ് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള കപ്പൽ നിർമാണ ശാല.
6. അല്ലൂരി സീതാരാമ രാജു വിശാഖപട്ടണം സ്വദേശിയാണ്
ആർ ആർ ആർ ചിത്രത്തിലൂടെ ലോകം മുഴുവൻ അറിഞ്ഞ സ്വാതന്ത്ര സമര സേനാനി അല്ലൂരി സീതാരാമ രാജു വിശാഖപട്ടണം സ്വദേശിയാണ്.
7. ഐ എൻ എസ് അരിഹന്ത് വിശാഖപട്ടണത്തിലാണ് നിർമ്മിച്ചത്
രാജ്യത്തെ ആദ്യ തദ്ദേശീയ ആണവ അന്തർവാഹിനിയായ 'ഐ എൻ എസ് അരിഹന്ത്' വിശാഖപട്ടണത്തിലാണ് നിർമ്മിച്ചത്. വിനോദസഞ്ചാര കേന്ദ്രങ്ങൾ നിരവധി ഉള്ളതും നിരവധി തന്ത്രപരമായ സവിശേഷതകൾ നിറഞ്ഞതുമായ നഗരമാണ് വിശാഖപട്ടണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |