ന്യൂഡൽഹി: ഉപഭോക്തൃവില (റീട്ടെയിൽ) സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം നടപ്പുവർഷത്തെ ശരാശരിയായ 6.8 ശതമാനത്തിൽ നിന്ന് അടുത്ത സമ്പദ്‌വർഷം 5 ശതമാനത്തിലേക്കും 2024ൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ 4 ശതമാനത്തിലേക്കും കുറയുമെന്ന് അന്താരാഷ്‌ട്ര നാണയനിധിയുടെ (ഐ.എം.ഫ്) 'വേൾഡ് എക്കണോമിക് ഔട്ട്‌ലുക്ക്" റിപ്പോർട്ട്. റിസർവ് ബാങ്കിന്റെ സമയോചിത ഇടപെടലുകളാണ് ഇക്കാര്യത്തിൽ ഇന്ത്യയുടെ കരുത്ത്.
84 ശതമാനം രാജ്യങ്ങളിലും അടുത്ത രണ്ടുവർഷക്കാലം നാണയപ്പെരുപ്പം കുറയും. ആഗോളതലത്തിലെ നാണയപ്പെരുപ്പം 2022ലെ ശരാശരിയായ 8.8 ശതമാനത്തിൽ നിന്ന് ഈവർഷം 6.6 ശതമാനത്തിലേക്കും 2024ൽ 4.3 ശതമാനത്തിലേക്കുമെത്തും. അതേസമയം, കൊവിഡിന് മുമ്പ് ആഗോള ശരാശരി 3.5 ശതമാനം മാത്രമായിരുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കി.
ഇന്ത്യ വളരും 6.1%
ഇന്ത്യ നടപ്പുവർഷം 6.8 ശതമാനവും 2023ൽ 6.1 ശതമാനവും വളരുമെന്ന് ഐ.എം.എഫ് വ്യക്തമാക്കി. 2024ൽ വളർച്ചാനിരക്ക് 6.8 ശതമാനമായി തിരിച്ചുപിടിക്കും. 2023ൽ ആഗോളതലത്തിലെ വെല്ലുവിളികളാണ് ഇന്ത്യയ്ക്ക് തിരിച്ചടിയാവുക.
ആഗോള സമ്പദ്‌വളർച്ച 2022ലെ 3.4 ശതമാനത്തിൽ നിന്ന് 2023ൽ 2.9 ശതമാനമായി താഴും. 3.1 ശതമാനമായിരിക്കും 2024ൽ വളർച്ച.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |