SignIn
Kerala Kaumudi Online
Saturday, 23 May 2026 1.12 AM IST

 നിർദ്ദേശവുമായി ഹൈക്കോടതി മാനസിക രോഗത്താൽ കുറ്റമുക്തരായവർ ആശുപത്രിയിൽ തുടരുന്നത് അവകാശലംഘനം

p

കൊച്ചി: മാനസികരോഗം കാരണം കേസുകളിൽ നിന്ന് കുറ്റവിമുക്തരാക്കപ്പെട്ടവർ,ആശുപത്രിയിൽ ദീർഘനാൾ തുടരുന്നത് അവകാശ ലംഘനമാണെന്ന് ഹൈക്കോടതി. ഇവരുടെ പുനരധിവാസത്തിനായി നിലവിലുള്ള നയങ്ങൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ സാമൂഹികനീതി വകുപ്പ് ഡയറക്ടറോട് കോടതി നിർദ്ദേശിച്ചു. പത്തുവയസുകാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്ന കൊച്ചി സ്വദേശി നൽകിയ അപ്പീലുമായി ബന്ധപ്പെട്ടാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ,ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെ‌ഞ്ചിന്റെ നിർദ്ദേശം.

ഹർജിക്കാരനെതിരെ സെഷൻസ് കോടതി വിധിച്ച ശിക്ഷ മനോരോഗം കണക്കിലെടുത്ത് 2023ൽ ഹൈക്കോടതി റദ്ദാക്കിയതാണ്. തൃശൂർ മെന്റൽ ഹെൽത്ത് സെന്ററിൽ മതിയായ ചികിത്സനൽകാനും നിർദ്ദേശിച്ചിരുന്നു. രോഗം മാറിയാൽ ബന്ധുക്കൾക്കൊപ്പം വിടുകയോ പുനരധിവസിപ്പിക്കുകയോ വേണമെന്നും ഉത്തരവിട്ടു. എന്നാൽ കരൾരോഗമടക്കം ബാധിച്ച് സ്ഥിതിവഷളാണെന്നും ബന്ധുക്കൾ പ്രതികരിക്കുന്നില്ലെന്നും കാണിച്ച് ഡോക്ടർ റിപ്പോർട്ട് നൽകിയ സാഹചര്യത്തിലാണ് വിഷയം വീണ്ടും കോടതിയുടെ പരിഗണനയിൽ വന്നത്. ഹർജിക്കാരന് മെഡിക്കൽ കോളേജിൽ തുടർചികിത്സ നൽകുന്നുണ്ടെങ്കിലും പുനരധിവാസത്തിന് പറ്റിയ ആരോഗ്യനിലയല്ലെന്നും ഡോക്ടർ അറിയിച്ചിരുന്നു.

തുടർന്ന് ഇത്തരം സാഹചര്യങ്ങൾ പരിശോധിക്കാൻ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. സംസ്ഥാനത്ത് പുനരധിവാസ കേന്ദ്രങ്ങളുടെ കുറവുണ്ടെന്നും എറണാകുളത്ത് മൂന്ന് കേന്ദ്രങ്ങൾ മാത്രമാണുള്ളതെന്നും അവിടെ ഒഴിവില്ലെന്നും അമിക്കസ് ക്യൂറി അറിയിച്ചു. ബന്ധുക്കളെത്താത്ത സാഹചര്യങ്ങളിൽ രോഗികൾക്കായി ഒരു പ്രതിനിധിയെ നിയമിക്കാൻ നിയമം അനുശാസിക്കുന്നുണ്ടെന്നും സാമൂഹ്യനീതിവകുപ്പ് ഡയറക്ടറെയോ അദ്ദേഹം നിശ്ചയിക്കുന്ന വ്യക്തിയെയോ ഇത്തരത്തിൽ നിയോഗിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് സാമൂഹികനീതി വകുപ്പ് ഡയറക്ടറെ സ്വമേധയാ കക്ഷിചേർത്തത്. വിഷയം 29ന് വീണ്ടും പരിഗണിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: HC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA