
പത്തനംതിട്ട: മികച്ച കളക്ഷനിൽ ഓടിക്കൊണ്ടിരുന്ന സൂപ്പർ ഫാസ്റ്റ് ബസുകൾ പ്രീമിയത്തിലേക്ക് മാറ്റിയതോടെ കെഎസ്ആർടിസിയുടെ വരുമാനം കുത്തനെ ഇടിഞ്ഞു. കെഎസ്ആർടിസിയുടെ പുതിയ തീരുമാനം കാരണം സംസ്ഥാനത്തെ മിക്ക ഡിപ്പോകളും നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. സ്റ്റോപ്പുകൾ വെട്ടിച്ചുരുക്കി യാത്രക്കാർക്ക് വേഗത്തിൽ ലക്ഷ്യസ്ഥാനത്തേക്ക് എത്തുന്നതിന് വേണ്ടിയാണ് കെഎസ്ആർടിസി പ്രമീയം ബസുകൾ അവതരിപ്പിച്ചത്.
എന്നാൽ യാത്രക്കാർ ഏറ്റവും കൂടുതൽ കയറുന്ന സ്റ്റോപ്പുകളിൽ ബസിന് സ്റ്റോപ്പില്ല. ഇതാണ് വരുമാന നഷ്ടത്തിന് പ്രധാന കാരണം. സ്റ്റോപ്പുകളിൽ നിർത്തണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടാൽ പോലും നിർത്തിക്കൊടുക്കില്ല. അതുകൊണ്ട് തന്നെ പ്രീമിയം ബസുകളിൽ യാത്രക്കാർ കയറാൻ മടിക്കുന്നു. ജീവനക്കാരുടെ ഡ്യൂട്ടി സമയം കുറയ്ക്കുന്നതിനും കൂടി വേണ്ടിയാണ് സ്റ്റോപ്പുകളുടെ എണ്ണം കുറച്ചത്. ഇത് യാത്രക്കാരുടെ എണ്ണത്തെ ബാധിച്ചു. അടുത്തിടെ പുതുതായി വാങ്ങിച്ച ബസുകളിൽ ഭൂരിഭാഗവും സർവീസ് നടത്തുന്നത് പ്രീമിയം വിഭാഗത്തിലാണ്.
ആദ്യം പ്രീമിയം വിഭാഗത്തിലേക്ക് കെഎസ്ആർടിസി എസി ബസുകളാണ് സർവീസിന് ഇറക്കിയത്. ഈ ബസുകൾക്ക് വലിയ സ്വീകാര്യത ലഭിച്ചതോടെ പിന്നീട് പുറത്തിറങ്ങിയ സൂപ്പർ ഫാസ്റ്റ് ബസുകളും പ്രീമിയത്തിലേക്ക് മാറ്റി. എന്നാൽ ഈ ബസുകളും സാധാരണ സൂപ്പർ ഫാസ്റ്റ് ബസുകളും തമ്മിൽ വലിയ വ്യത്യാസമില്ല. പ്രീമിയം എന്ന് എഴുതി ബോർഡ് മാത്രമാണ് പ്രധാന വ്യത്യാസം. ഡിപ്പോകൾക്ക് കൂടുതൽ വരുമാനം നൽകിയിരുന്ന സൂപ്പർ ഫാസ്റ്റ് ബസുകൾ പ്രീമിയമാക്കിയതോടെ 25 മുതൽ 40 ശതമാനം വരെ വരുമാന നഷ്ടമാണുണ്ടായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |