SignIn
Kerala Kaumudi Online
Saturday, 23 May 2026 1.12 AM IST

മാതാപിതാക്കൾ ഐ.എ.എസ് ഉദ്യോഗസ്ഥരെങ്കിൽ കുട്ടികൾക്ക് എന്തിന് സംവരണം

p

ന്യൂഡൽഹി: മാതാപിതാക്കൾ ഐ.എ.എസ് ഉദ്യോഗസ്ഥരെങ്കിൽ കുട്ടികൾക്ക് എന്തിനാണ് സംവരണമെന്ന ചോദ്യമുയർത്തി സുപ്രീംകോടതി. കർണാടകയിൽ ഒ.ബി.സി നോൺ ക്രീമിലെയർ സംവരണം നിഷേധിക്കപ്പെട്ട ഉദ്യോഗാ‌ർത്ഥിയുടെ ഹർജി പരിഗണിക്കവെയാണ് നിരീക്ഷണം.

പവ‌ർ ട്രാൻസ്‌മിഷൻ കോർപറേഷൻ അസിസ്റ്റന്റ് എൻജിനിയർ തസ്‌തികയിലേക്കാണ് കുറുംബ വിഭാഗത്തിലെ ഉദ്യോഗാ‌ർത്ഥി അപേക്ഷിച്ചിരുന്നത്. മാതാപിതാക്കൾ സർക്കാർ ഉദ്യോസ്ഥരും,ഉയർന്ന വരുമാനമുള്ളവരുമായതിനാൽ ക്രീമിലെയർ പരിധിയിൽപ്പെട്ടയാളാണെന്ന് നിലപാടെടുത്ത് അധികൃതർ ജാതി സർട്ടിഫിക്കറ്ര് നൽകിയിരുന്നില്ല. ഇത് കർണാടക ഹൈക്കോടതിയും ശരി വച്ചു.തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.

സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കാവസ്ഥയെങ്കിൽ സംവരണം നി‌ർബന്ധമായും നൽകണമെന്ന് ജസ്റ്രിസുമാരായ ബി.വി. നാഗരത്ന,ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. എന്നാൽ ഇവിടെ മാതാപിതാക്കൾ സംവരണം പ്രയോജനപ്പെടുത്തി ജീവിതത്തിൽ നല്ല നിലയിലെത്തി. ഇപ്പോൾ മക്കൾ തങ്ങളെ സംവരണത്തിൽ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്യുകയാണ്. ഈ സമയത്താണ് ഐ.എ.എസ് ഉദ്യോഗസ്ഥരുടെ കാര്യം ഉദാഹരണമായി കോടതി പരാമർശിച്ചത്. വിദ്യാഭ്യാസവും സാമ്പത്തിക ശാക്തീകരണവും നേടിയതിനാൽ സമൂഹത്തിന്റെ ഉയ‌ർന്ന ശ്രേണിയിലാണവർ. മക്കൾ വീണ്ടും സംവരണം ആവശ്യപ്പെട്ടാൽ ഒരിക്കലും സംവരണത്തിൽ നിന്ന് പുറത്തു കടക്കാനാവില്ല. മാതാപിതാക്കൾ നല്ല രീതിയിൽ പഠിച്ചു. മികച്ച ജോലിയിലാണ്. നല്ല വരുമാനവുമുണ്ട്. എന്നിട്ടും കുട്ടികൾ സംവരണം തേടുന്നു. അവർ സംവരണത്തിൽ നിന്ന് പുറത്തു കടക്കേണ്ടതുണ്ട്.

ശമ്പളമല്ല

മാനദണ്ഡം

സർക്കാർ ജീവനക്കാരുടെ ശമ്പളമല്ല സംവരണം തീരുമാനിക്കാനുള്ള മാനദണ്ഡമെന്ന് ഉദ്യോഗാ‌ർത്ഥി വാദിച്ചു. അങ്ങനെയായാൽ ഡ്രൈവർ,​പ്യൂൺ,​ക്ലാർക്ക് തുടങ്ങിയ താഴ്ന്ന തലത്തിലെ സർക്കാർ ജീവനക്കാരുടെ മക്കൾക്കും സംവരണം നഷ്‌ടമാകുന്ന സാഹചര്യമുണ്ടാകും. വാദമുഖങ്ങൾക്കൊടുവിൽ കർണാടക സർക്കാരിനടക്കം നോട്ടീസ് അയയ്ക്കാൻ കോടതി ഉത്തരവിട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA