SignIn
Kerala Kaumudi Online
Monday, 18 May 2026 10.16 AM IST

കൊട്ടാരക്കര- പുത്തൂർ റോഡിന് തട്ടിക്കൂട്ട് നവീകരണം, റോഡ് തോട്ടിലേക്ക്....

photo
കൊട്ടാരക്കര- പുത്തൂർ റോഡിൽ കോട്ടാത്തല പണയിൽ ഭാഗത്ത് തോട്ടിലേക്ക് ഇടിഞ്ഞുതള്ളിയ സംരക്ഷണ ഭിത്തി

കൊട്ടാരക്കര: കൊട്ടാരക്കര- പുത്തൂർ റോഡിന്റെ നവീകരണ ജോലികൾ വീണ്ടും മുടങ്ങി, കോട്ടാത്തല പണയിൽ ഭാഗത്ത് റോഡിന്റെ സംരക്ഷണ ഭിത്തി തോട്ടിലേക്ക് ഇടിഞ്ഞുതള്ളി. തോടിനോട് ചേർന്ന റോ‌ഡിന്റെ സംരക്ഷണ ഭിത്തി നിർമ്മിച്ചതിൽ അപാകതകൾ ഉണ്ടെന്ന് ആദ്യം തന്നെ ആക്ഷേപം ഉണ്ടായിരുന്നു. റോഡ് നിരപ്പിനേക്കാൾ താഴ്ചയിലാണ് സംരക്ഷണ ഭിത്തി നിർമ്മിച്ചത്. ഇതിന് മുകളിൽ കോൺക്രീറ്റ് നടത്തിയതുമില്ല. വേനൽമഴ ശക്തമായതോടെ കൽക്കെട്ടുകൾക്കിടയിലേക്ക് വെള്ളമിറങ്ങി ഇടിഞ്ഞ് തള്ളുകയായിരുന്നു. തോട്ടിലേക്ക് കരിങ്കല്ലുകൾ പതിച്ചത് നീരൊഴുക്കിനും തടസമാകും. അതോടെ റോഡിന്റെ ഭാഗവും തോടിന്റെ മറുഭാഗത്തെ സംരക്ഷണഭിത്തിയും കൂടുതൽ ഇടിയാനാണ് സാദ്ധ്യത. പണയിൽ കിടങ്ങിൽ ഭാഗത്ത് റോഡിന്റെ ടാറിംഗിനോട് ചേർന്ന ഭാഗംവരെയും ഇടിഞ്ഞ് തള്ളിയ നിലയിലാണ്. അടിയന്തര അറ്റകുറ്റപ്പണികൾ നടത്തിയില്ലെങ്കിൽ ഇവിടെ ടാറിംഗ് ഭാഗം കൂടി ഇടിയാൻ സാദ്ധ്യതയുണ്ട്. വാഹനങ്ങൾ അപകടത്തിൽപ്പെടാനും ഇടയുണ്ട്. പതിവ് അപകട മേഖലയിലെ നിർമ്മാണത്തിൽപ്പോലും അധികൃതർ ജാഗ്രത കാട്ടാഞ്ഞത് വലിയ ആക്ഷേപങ്ങൾക്ക് ഇടയാക്കുന്നു.

 കരാറുകാരനെ മാറ്റിയിട്ടും

ശാസ്താംകോട്ട-കൊട്ടാരക്കര കോടതി സമുച്ചയം റോഡ് നവീകരണത്തിനായി വർഷങ്ങൾക്ക് മുൻപ് 20.80 കോടി രൂപ അനുവദിച്ചതാണ്. നിർമ്മാണം തുടങ്ങിയ കാലംമുതൽ വിവാദത്തിലായിരുന്നു. എക്സി.എൻജിനീയറടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമുണ്ടായി. പിന്നീട് പാതിവഴിയിൽ നിർമ്മാണം ഉപേക്ഷിക്കപ്പെട്ടു. മന്ത്രിയായിരുന്ന കെ.എൻ.ബാലഗോപാലിന്റെ ഇടപെടലിനെത്തുടർന്ന് ശേഷിച്ച തുകയായ 12.5 കോടി രൂപയ്ക്ക് പുതിയ കരാർ നൽകി. ഇതിന്റെ നിർമ്മാണ ജോലികൾ തുടങ്ങിയതുമുതൽ വീഴ്ചകൾ തുടർക്കഥയാണ്. സംരക്ഷണ ഭിത്തി നിർമ്മാണം അശാസ്ത്രീയമാണ്. സാധാരണ നിലയിൽ സംരക്ഷണ ഭിത്തിയുടെ മുകളിലാണ് സംരക്ഷണ കുറ്റികൾ സ്ഥാപിക്കുന്നത്. എന്നാൽ ഇവിടെ സംരക്ഷണ ഭിത്തിയിൽ നിന്നും ഏറെ അകന്ന് റോഡിന്റെ ടാറിംഗിനോട് ചേർന്നാണ് കുറ്റികൾ സ്ഥാപിച്ചത്. പരാതികളെത്തുടർന്ന് കുറ്റികൾ സ്ഥാപിക്കുന്നത് നിർത്തിവച്ചിരിക്കയാണ്. എന്നാൽ സ്ഥാപിച്ചത് അപകടത്തെ മാടിവിളിക്കുന്നു.

  • അനുവദിച്ച ആകെ തുക: 20.80 കോടി രൂപ

  • പുതിയ കരാർ തുക: 12.5 കോടി രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL