SignIn
Kerala Kaumudi Online
Saturday, 16 May 2026 1.39 AM IST

കൂടുതൽ നേരം ചാർജുചെയ്തത് പ്രശ്നമായി, ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു

scooter

ബംഗളൂരു: വീട്ടിൽ ചാർജുചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാ​റ്ററി പൊട്ടിത്തെറിച്ച് വയോധികൻ മരിച്ചു. ബംഗളൂരു അൾസൂരിലുണ്ടായ അപകടത്തിൽ ലൂർദ്നാഥനാണ് (65) മരിച്ചത്. ഇയാൾ ഓട്ടോറിക്ഷാ ഡ്രൈവറാണ്. ഇദ്ദേഹത്തിന്റേതാണോ സ്കൂട്ടർ എന്ന് വ്യക്തമല്ല.


വീടിന്റെ ഹാളിനോടുചേർന്നാണ് സ്‌കൂട്ടർ ചാർജുചെയ്തിരുന്നത്. രാത്രി പതിനൊന്നുമണിയോടെയാണ് ചാർജിംഗ് ആരംഭിച്ചത്. തുടർന്ന് കുടുംബാംഗങ്ങൾ ഉറങ്ങാൻ പോയി. എല്ലാദിവസവും ഇതുപോലെയായിരുന്നു ചാർജ് ചെയ്തിരുന്നത്. പുലർച്ചെ മൂന്നിനാണ് അപകടമുണ്ടായത്. ലൂർദ്നാഥൻ ഹാളിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. ബാക്കിയുള്ളവർ വീടിന്റെ മുകൾ നിലയിലും. ബാ​റ്ററി പൊട്ടിത്തെറിച്ച ഉച്ചത്തിലുള്ള ശബ്ദംകേട്ട് മകൻ ഫ്രാങ്ക് ആന്റണിയും വീട്ടുകാരും ഉണർന്നപ്പോൾ തീ ആളിപ്പടരുന്നതാണ് കണ്ടത്. ഇതിനിടെ അയൽക്കാരും ഓടിയെത്തി. എല്ലാവരും ചേർന്ന് ഏറെ പണിപ്പെട്ട് തീയണച്ച് ഗുരുതര പൊള്ളലേ​റ്റ ലൂർദ്നാഥനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊട്ടിത്തെറിച്ചത് ഏത് കമ്പനിയുടെ സ്കൂട്ടർ ആണെന്ന് വ്യക്തമല്ല.

അപകടത്തിന് ഇടയാക്കിയ കാരണം എന്താണെന്നും വ്യക്തമായിട്ടില്ല. കൂടുതൽ സമയം ചാർജുചെയ്യാൻ ഇട്ടിരുന്നതിനാൽ പുലർച്ചെയായപ്പോഴേക്കും സ്‌കൂട്ടറിന്റെ ബാ​റ്ററി ചൂടുകൂടി പൊട്ടിത്തെറിച്ചതായിരിക്കുമെന്നാണ് പ്രാഥമികനിഗമനം. വിശദമായ അന്വേഷണത്തിനുശേഷമേ ഇക്കാര്യത്തിൽ വ്യക്തതവരൂ എന്നാണ് അധികൃതർ പറയുന്നത്. പൊട്ടിത്തെറിയിൽ വീടിനും കാര്യമായ കേടുപാടുകളുണ്ടായിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസും മോട്ടോർ വാഹനവകുപ്പിലെ വിദഗ്ദ്ധരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിക്കുന്നത് ആദ്യത്തെ സംഭവമല്ല. നേരത്തേയും ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളാണ് രാജ്യത്ത് പലയിടത്തായി റിപ്പോർട്ടുചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, ELECTRIC SCOOTER, EXPLODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360