SignIn
Kerala Kaumudi Online
Saturday, 16 May 2026 5.17 AM IST

ഹാര്‍ദിക് പാണ്ഡ്യ മുംബയ് വിട്ട് ചെന്നൈയിലേക്ക്; പകരം ലക്ഷ്യമിടുന്നത് രണ്ട് താരങ്ങളെ

hardik-pandya

മുംബയ്: മുംബയ് ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ഈ സീസണ്‍ അവസാനത്തോടെ ടീം വിട്ടേക്കുമെന്ന് സൂചന. ഈ സീസണിലെ മുംബയ് ഇന്ത്യന്‍സിന്റെ മോശം പ്രകടനത്തെത്തുടര്‍ന്ന് നായകമാറ്റമെന്ന പരിഹാരക്രിയയിലേക്ക് മുംബയ് മാനേജ്‌മെന്റ് കടക്കുമെന്ന് ഉറപ്പാണ്. ക്യാപ്റ്റന്‍ സ്ഥാനമില്ലാതെ ടീമില്‍ തുടരാന്‍ പാണ്ഡ്യ ആഗ്രഹിക്കുന്നില്ല എന്നതാണ് താരം ക്ലബ് വിടാനുള്ള സാദ്ധ്യതകള്‍ ശക്തമാക്കുന്നത്. ഹാര്‍ദിക് മടങ്ങിയെത്തിയത് മുതല്‍ ടീമിന്റെ ഗ്രാഫ് താഴേക്കാണ്. അതോടൊപ്പം സീനിയര്‍ താരങ്ങളുമായുള്ള പാണ്ഡ്യയുടെ പെരുമാറ്റവും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

2024 സീണിന് മുന്നോടിയായിട്ടാണ് തങ്ങളുടെ മുന്‍ താരത്തെ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് മുംബയ് തിരികെ എത്തിച്ചത്. തൊട്ട് പിന്നാലെ നായകസ്ഥാനം രോഹിത്തില്‍ നിന്ന് എടുത്ത് മാറ്റി ഹാര്‍ദിക്കിനെ ഏല്‍പ്പിക്കുകയും ചെയ്തു. അന്ന് മുതല്‍ ടീമിന് കഷ്ടകാലമാണ്. മൂന്ന് സീസണുകള്‍ മുംബയെ നയിച്ച ഹാര്‍ദിക്കിന് ഒരു തവണ പ്ലേ ഓഫില്‍ എത്തിച്ചത് മാത്രമാണ് ടീമില്‍ അവകാശപ്പെടാനുള്ള ഏക നേട്ടം. കപ്പുമില്ല, ടീമിലെ അന്തരീക്ഷവും മോശമായി എന്നതാണ് ഹാര്‍ദിക്കിന്റെ മടങ്ങിവരവിലൂടെ മുംബയ്ക്ക് ഉണ്ടായത്.

ഐപിഎല്‍ ടീമുകളിലെ താരങ്ങള്‍ ഗേള്‍ഫ്രണ്ട്‌സിന് അമിത പ്രാധാന്യം നല്‍കുന്നുവെന്ന ആകാശ് അംബാനിയുടെ പരാതി ബിസിസിഐക്ക് ലഭിച്ചിരുന്നു. ഇത് തന്നെ ഉദ്ദേശിച്ചാണ് എന്ന് പാണ്ഡ്യക്ക് അറിയാം. ഈ പരാതിക്ക് ശേഷം ഹാര്‍ദിക് ഒരു മത്സരത്തില്‍ പോലും മുംബയ്ക്കായി കളിച്ചിട്ടില്ല. സൂര്യകുമാര്‍ യാദവാണ് ടീമിനെ നയിച്ചത്. മുംബയ് വിട്ടാല്‍ ഹാര്‍ദിക് പാണ്ഡ്യ ചിരവൈരികളായ ചെന്നൈയിലേക്ക് കുടിയേറാനാണ് സാദ്ധ്യത കൂടുതല്‍. ഇത് സംബന്ധിച്ച അഭ്യൂഹങ്ങളും ശക്തമാണ്.

ചെപ്പോക്കില്‍ മുംബയ് - ചെന്നൈ മത്സരത്തിന് ശേഷം സിഎസ്‌കെ സിഇഒ കാശിനാഥനുമായി ഹാര്‍ദിക് ദീര്‍ഘനേരം സംസാരിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. 2025 സീസണില്‍ സഞ്ജു സാംസണ്‍ രാജസ്ഥാനില്‍ കളിക്കുമ്പോള്‍ സമാനമായി കാശിനാഥനുമായി നടത്തിയ ദീര്‍ഘനേരത്തെ സംഭാഷണവും പിന്നീട് സഞ്ജു ചെന്നൈയിലേക്ക് തട്ടകം മാറ്റിയതും ഉദാഹരണമായി നെറ്റിസന്‍സ് ചൂണ്ടിക്കാണിക്കുന്നു.

ഹാര്‍ദിക്കിനെ ചെന്നൈക്ക് നല്‍കുകയാണെങ്കില്‍ പകരം മുംബയ് ലക്ഷ്യമിടുന്നത് രണ്ട് താരങ്ങളെയാണ്. ഒന്നുകില്‍ ഓള്‍റൗണ്ടര്‍ ശിവം ദൂബെ, അല്ലെങ്കില്‍ നായകന്‍ റുതുരാജ് ഗെയ്കവാദ് എന്നിവരിലൊരാളെ എത്തിക്കുക. അല്ലെങ്കില്‍ തങ്ങളുടെ മുന്‍ താരമായ ഡിവാള്‍ഡ് ബ്രെവിസിനെ മടക്കി കൊണ്ടുവരിക എന്ന പദ്ധതിയും മുംബയ് ആസൂത്രണം ചെയ്യുന്നുണ്ട്. ഹൈദരാബാദില്‍ നിന്ന് ഇഷാന്‍ കിഷന്‍, രാജസ്ഥാന്റെ അത്ഭുത ബാലന്‍ വൈഭവ് സൂര്യവംശി എന്നിവരേയും മുംബയ് ലക്ഷ്യമിടുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, HARDIK PANDYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360