
റായ്പൂര്‍: ഐപിഎല്ലില്‍ ആര്‍സിബിക്ക് എതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മികച്ച സ്‌കോര്‍. അര്‍ദ്ധ സെഞ്ച്വറി നേടി അന്‍ക്രിഷ് രഘുവംശി, റിങ്കു സിംഗ് എന്നിവരുടെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് നേടി. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ആര്‍സിബിക്ക് ഇന്നത്തെ മത്സരം വിജയിക്കാനായാല്‍ പ്ലേഓഫ് പ്രവേശനം ഏറെക്കുറെ ഉറപ്പിക്കാം. 11 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഏഴ് ജയങ്ങളില്‍ നിന്ന് 14 പോയിന്റ് ആണ് നിലവിലെ ചാമ്പ്യന്‍മാരുടെ സമ്പാദ്യം.
ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ അജിങ്ക്യ റഹാനെ 19(13), കിവീസ് വെടിക്കെട്ട് വീരന്‍ ഫിന്‍ അലന്‍ 18(8) എന്നിവരുടെ വിക്കറ്റുകള്‍ കെകെആറിന് പെട്ടെന്ന് നഷ്ടമായി. മൂന്നാം വിക്കറ്റില്‍ അന്‍ക്രിഷ് രഘുവംശി 71(46) - കാമറൂണ്‍ ഗ്രീന്‍ 32(24) സഖ്യം കെകെആറിന്റെ അടിത്തറ ശക്തിപ്പെടുത്തുകയായിരുന്നു. റാസിക് ദാര്‍ സലാമിന്റെ പന്തില്‍ ഗ്രീന്‍ ക്ലീന്‍ ബൗള്‍ഡ് ആയതോടെയാണ് 68 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ സഖ്യം പിരിഞ്ഞത്.
പിന്നീട് വന്ന റിങ്കു സിംഗ് 49*(29) റണ്‍സ് നേടി പുറത്താകാതെ നിന്നു. ഏഴ് ഫോറും മൂന്ന് സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു രഘുവംശിയുടെ അര്‍ദ്ധ സെഞ്ച്വറി. റിങ്കു സിംഗ് മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സറുകളും നേടി. ആര്‍സിബിക്കായി ഭുവനേശ്വര്‍ കുമാര്‍, റാസിക് ദാര്‍ സലാം, ജോഷ് ഹേസില്‍വുഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |