
#തിരുവനന്തപുരത്ത്
വിളിച്ചുവരുത്തി
റിപ്പോർട്ട് തിരുത്തി
ആലപ്പുഴ/തിരുവനന്തപുരം : മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ഗൺമാൻമാർ ആലപ്പുഴയിൽവച്ച് യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം എ.ഡി.ജി.പി ഇടപെട്ട് അട്ടിമറിച്ചെന്ന് മൊഴി.
ഗൺമാൻമാർക്കെതിരെ നടപടി ശുപാർശ ചെയ്ത എസ്.പി ചൈത്ര തെരേസാ ജോണിന്റെ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് പൂഴ്‌ത്തിയെന്ന വിവരവും പുറത്തുവന്നു. ചൈത്ര തെരേസയെ കൊല്ലത്തേക്ക് മാറ്റുകയും ചെയ്തിരുന്നു.
ആലപ്പുഴ സൗത്ത് പൊലീസ് പ്രാഥമികാന്വേഷണത്തിലെ വിവരങ്ങൾ കേസ് ഡയറിയിൽ രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഗൺമാൻമാർക്ക് അനുകൂലമായി തിരുത്തുകയായിരുന്നു.
പുനരന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് എസ്.പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള എസ്.ഐ.ടിക്കാണ് ആദ്യ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി, എസ്.ഐ, പൊലീസുകാർ എന്നിവർ മൊഴിനൽകിയത് . ക്രമസമാധാന ചുമതലയുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥൻ തലസ്ഥാനത്തേക്ക് വിളിച്ചു വരുത്തിയാണ് സി.ഡി ഫയൽ തിരുത്തിച്ചതെന്നും മൊഴിയിലുണ്ട്. ഡ്യൂട്ടിക്കിടയിൽ നടത്തിയ മർദ്ദനമെന്ന് രേഖപ്പെടുത്തിയ റിപ്പോർട്ട് 'മർദ്ദിക്കുന്ന വീഡിയോ കണ്ടിട്ടില്ലെ'ന്ന തരത്തിലാക്കി കോടതിയിൽ സമർപ്പിച്ചുവെന്നാണ് കണ്ടെത്തൽ.തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു. എസ്.ഐ.ടി. ഈ വിവരങ്ങൾ പ്രത്യേക റിപ്പോർട്ടാക്കി ഡി.ജി.പിക്ക് കൈമാറും. ഗൺമാൻമാർക്കെതിരെ നടപടിയുണ്ടാവും.
2023 ഡിസംബറിൽ നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിവന്നാണ് ഗൺമാൻമാരായ അനിൽ കുമാറും സന്ദീപും ഇപ്പോഴത്തെ എം.എൽ.എയായ എ.ഡി.തോമസിനെയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസിനെയും ക്രൂരമായി മർദ്ദിച്ചത്.
സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ഗൺമാൻമാർ ചെയ്തതെന്നും അത് 'രക്ഷാപ്രവർത്തന'മാണെന്നും പിണറായി വിജയൻ ന്യായീകരിച്ചിരുന്നു. മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാക്കൾ കോടതിയെ സമീപിച്ചാണ് കേസെടുപ്പിച്ചത്.
എം.എൽ.എയുടെ
മൊഴി ഇന്ന്
#മർദ്ദനത്തിനിരയായ ആലപ്പുഴ എം.എൽ.എ എ.ഡി. തോമസിന്റെയും യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജുവൽ കുര്യാക്കോസിന്റെയും മൊഴികൾ ഇന്ന് രേഖപ്പെടുത്തും.
ദൃശ്യങ്ങൾ പകർത്തിയ പ്രധാനസാക്ഷിയായ ജയ്ഹിന്ദ് ടി.വി ക്യാമറാമാൻ ജോജിമോനെ ഇന്നലെ ആലപ്പുഴ ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തി വിശദമായ മൊഴിയെടുത്തു.
ദൃശങ്ങൾ കാട്ടിയാണ് മൊഴിയെടുത്തത്. പ്രതികളെ തിരിച്ചറിഞ്ഞു.
# ദൃശ്യങ്ങൾ പകർത്തിയ ജോജിയുടെ ഫോൺ കസ്റ്റഡിയിലാണ്.
ദൃശ്യങ്ങൾ കോടതിയിൽ സമർപ്പിച്ചവേളയിൽ മൊഴിമാറ്റാൻ ഭീഷണിയുണ്ടായെന്ന് വെളിപ്പെടുത്തി. തിരുവനന്തപുരത്തെ സ്റ്റേറ്റ് ഫോറൻസിക് ലാബിലേക്ക് അയച്ച വീഡിയോ ദൃശ്യങ്ങളുടെ പരിശോധനാഫലം വേഗത്തിൽ ലഭ്യമാക്കണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്.ആധികാരികത ഉറപ്പു വരുത്താനാണു പരിശോധന. പ്രതികളെ ചോദ്യം ചെയ്യും.
ഗൺമാൻ സന്ദീപിനെ
പിൻവലിച്ചു
പ്രതിപക്ഷ നേതാവായ പിണറായിയുടെ ഇസഡ് കാറ്റഗറി സുരക്ഷ പിൻവലിച്ചതോടെ ഗൺമാൻ സന്ദീപിനെ പൊലീസിലേക്ക് തിരിച്ചുവിളിച്ചു. മറ്റൊരു പ്രതിയായ സുരക്ഷാ ഉദ്യോഗസ്ഥൻ അനിൽ കുമാർ പിണറായിക്കൊപ്പം തുടരുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |