
തിരുവനന്തപുരം: കേരള നിയമസഭയുടെ 25-ാമത്തെ സ്പീക്കറായി മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. തിരുവഞ്ചൂരിന് 101 വോട്ടുകൾ ലഭിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.സി. മൊയ്തീന് 35, ബി.ജെ.പി സ്ഥാനാർത്ഥി ബി.ബി.ഗോപകുമാറിന് മൂന്ന് വോട്ടും കിട്ടി. പ്രോ ടെം സ്പീക്കർ ജി. സുധാകരൻ തിരഞ്ഞെടുപ്പ് ചുമതലക്കാരൻ കൂടിയായതിനാൽ വോട്ടുചെയ്തില്ല. ഒറ്റ വോട്ടും അസാധുവായില്ല. ആദ്യമായാണ് സ്പീക്കർ പദവിയിലേക്ക് മൂന്ന് പേർ മത്സരിക്കുന്നത്.
തിരുവഞ്ചൂരിനെ മുഖ്യമന്ത്രി വി.ഡി.സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ചേർന്ന് സ്പീക്കറുടെ ഡയസിലേക്ക് ആനയിച്ചു. ഇരുവർക്കും പ്രോ ടെം സ്പീക്കർക്കും ഹസ്തദാനം നൽകിയ ശേഷം തിരുവഞ്ചൂർ സഭാദ്ധ്യക്ഷന്റെ ഇരിപ്പിടത്തിൽ ഇരുന്നു.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എതിർ സ്ഥാനാർത്ഥികളും വിവിധ കക്ഷി നേതാക്കളും സ്പീക്കറെ അനുമോദിച്ച് പ്രസംഗിച്ചു. തിരുവഞ്ചൂർ മറുപടി പ്രസംഗം നടത്തി. നിയമസഭാ സമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള ദേശീയനേതാക്കളുടെ പ്രതിമകളിൽ സ്പീക്കർ പുഷ്പാർച്ചന നടത്തി.
25-ാമത് സ്പീക്കറാണ് തിരുവഞ്ചൂർ രാധാകൃഷ്ണനെങ്കിലും വ്യക്തി എന്ന നിലയ്ക്ക് 23-ാമനാണ്. കാരണം വക്കം പുരുഷോത്തമനും തേറമ്പിൽ രാമകൃഷ്ണനും രണ്ട് ടേമുകളിൽ സ്പീക്കർ പദവി വഹിച്ചിട്ടുണ്ട്.
രണ്ടര മണിക്കൂറോളം നീണ്ട ചടങ്ങുകൾക്ക് ശേഷം സഭ പിരിഞ്ഞു. 29നാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |