SignIn
Kerala Kaumudi Online
Saturday, 23 May 2026 2.13 AM IST

ശരീരത്തിൽ ഒടിഞ്ഞു കയറിയ ഇൻജക്ഷൻ സൂചിയുമായി വയോധിക  സംഭവം ഒരു വർഷം മുമ്പ് ചികിത്സാപിഴവെന്ന് ആരോപണം

valsala

കോഴഞ്ചേരി: ഇടുപ്പിൽ ഒരു വർഷം പഴക്കമുള്ള ഇൻജക്ഷൻ സൂചിയുടെ ഭാഗവുമായി ആറന്മുള ഇടശ്ശേരിമല മണക്കാലായിൽ വത്സല (68)​ അനുഭവിക്കുന്നത് നരക യാതന. ഒരു വർഷം മുമ്പ് ഛർദ്ദിയും വയറിളക്കവുമായി വത്സല പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അന്ന് ഇൻജക്ഷൻ ചെയ്തപ്പോൾ ഒടിഞ്ഞ സൂചിയുടെ ഭാഗമാണ് ഇതെന്ന് വത്സലയും ബന്ധുക്കളും പറഞ്ഞു. വേദന മാറാത്തതിനെ തുടർന്ന് ഈ മാസം 19 ന് വത്സല ജില്ലാ ആശുപത്രിയിലെത്തി. ഇടുപ്പിൽ നീർക്കെട്ടും പഴുപ്പും ഉണ്ടായിരുന്നു.

എക്സ്റേ എടുത്തപ്പോഴാണ് ഇടുപ്പിൽ സൂചിയുടെ ഒടിഞ്ഞഭാഗം രണ്ടു കഷണങ്ങളായി കിടക്കുന്നത് കണ്ടത്. 21ന് ശസ്‌ത്രക്രിയ നടത്തി സൂചിയുടെ ഒരു ഭാഗം നീക്കംചെയ്തു . അണുബാധ കൂടിയ അവസ്ഥയിലായതിനാൽ പ്രമേഹരോഗിയായ വത്സലയുടെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുണ്ടാക്കി ബാക്കിഭാഗം പുറത്തെടുക്കാൻ ഇപ്പോൾ കഴിയില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

മരുന്നുനൽകി അണുബാധയും പ്രമേഹവും നിയന്ത്രിച്ച ശേഷമേ വീണ്ടും സർജറി നടത്താനാകൂ. വത്സല വീട്ടിൽ വിശ്രമത്തിലാണ്. ഛർദ്ദിയും വയറിളക്കവുമായി ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയത് ഒരു വർഷം മുമ്പാണെങ്കിലും തീയതി ഒാർമ്മയില്ലെന്ന് വത്സല പറഞ്ഞു. ഇതിനുശേഷം വേറെ ആശുപത്രിയിൽ ചികിത്സിച്ചിട്ടില്ല. അതുകൊണ്ട് സൂചി ഒടിഞ്ഞുകയറിയത് ജില്ലാ ആശുപത്രിയിലെ പിഴവാണെന്ന് അവർ പറഞ്ഞു.

നേരത്തെ ചികിത്സ തേടിയതിന്റെ രേഖകൾ വത്സലയുടെ കൈവശമില്ലാത്തതിനാൽ ആശുപത്രി രേഖകൾ പരിശോധിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു. ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് ആറൻമുള പൊലീസ് അന്വേഷണം തുടങ്ങി.

റിപ്പോർട്ട് ആവശ്യപ്പെട്ട്

ആരോഗ്യ മന്ത്രി

ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവുണ്ടായെന്ന പരാതിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് ഡി.എം.ഒയോട് ആരോഗ്യ മന്ത്രി കെ.മുരളീധരൻ ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് അബിൻ വർക്കി എം.എൽ.എ മന്ത്രിക്ക് കത്തുനൽകിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA