SignIn
Kerala Kaumudi Online
Friday, 19 April 2024 1.52 PM IST

ഒഴിയാതെ നിഗൂഡത, നാലാം പേടകത്തെയും തകർത്ത് യു.എസ്

usa

ന്യൂയോർക്ക്: യു.എസിനെ വട്ടംചുറ്റിച്ച് തുടർച്ചയായ മൂന്നാം ദിവസവും ആകാശത്ത് അജ്ഞാത പേടകം. ഇന്നലെ ഇന്ത്യൻ സമയം പുലർച്ചെ 1.12ന് കനേഡിയൻ അതിർത്തിക്ക് സമീപം ഹ്യൂറൺ തടാകത്തിന് മുകളിൽ വച്ച് പേടകത്തെ യു.എസിന്റെ എഫ് - 16 യുദ്ധവിമാനത്തിൽ നിന്ന് തൊടുത്ത മിസൈൽ തകർത്തു. യു.എസ് തകർക്കുന്ന നാലാമത്തെ പേടകമാണിത്. സമുദ്രനിരപ്പിൽ നിന്ന് 20,000 അടി ഉയരത്തിൽ പറന്ന പേടകം വ്യോമഗതാഗതത്തിന് തടസം സൃഷ്ടിച്ചിരുന്നു.

അഷ്ടഭുജാകൃതിയുള്ള പേടകത്തിൽ പ്രത്യേക സ്ട്രിംഗുകൾ ഘടിപ്പിച്ചിരുന്നതായി സൈന്യം അറിയിച്ചു. ഈ മാസം ഇത് നാലാം തവണയാണ് ഒരു ആകാശ വസ്തുവിനെ യു.എസ് വെടിവച്ച് വീഴ്ത്തുന്നത്. 5ന് നടന്ന ആദ്യ സംഭവത്തിൽ വ്യോമാതിർത്തി ലംഘിച്ച ചൈനീസ് ചാര ബലൂണിനെയാണ് യു.എസ് വീഴ്ത്തിയത്. എന്നാൽ പിന്നീടുണ്ടായ മൂന്ന് സംഭവങ്ങളിലും വെടിവച്ചിട്ടത് എന്തിനെയാണെന്നോ അവയുടെ ഉത്ഭവം എവിടെയാണെന്നോ യു.എസ് വ്യക്തമാക്കിയിട്ടില്ല.

ശനിയാഴ്ചയും ഞായറാഴ്ചയും യഥാക്രമം അലാസ്കയിലും കാനഡയിലെ യൂകോണിലും പ്രത്യക്ഷപ്പെട്ട അജ്ഞാത പേടകങ്ങളെ യു.എസ് തകർത്തിരുന്നു. ചെറു കാറിനോളം വലിപ്പമുള്ള ഇവ രണ്ടിനും സിലിണ്ടർ ആകൃതിയാണെന്ന് അധികൃതർ പറഞ്ഞിരുന്നു. പേടകങ്ങൾ ചെറുവിമാനങ്ങളോ ഡ്രോണുകളോ ബലൂണുകളോ ആകാമെന്ന് കരുതുന്നുണ്ട്. റഡാറുകളിലും സെൻസറുകളിലും പരിശോധന വ്യാപിപ്പിച്ചതിനാൽ വരും ദിവസങ്ങളിലും അജ്ഞാത പേടകങ്ങളെ കണ്ടെത്താനുള്ള സാദ്ധ്യത തള്ളാനാകില്ല.

 പിന്നിൽ അന്യഗ്രഹജീവികൾ ?

അജ്ഞാത പേടകങ്ങൾക്ക് അന്യഗ്രഹ ജീവികളുമായോ ഭൂമിയ്ക്ക് പുറത്തേക്കുമോ ബന്ധമുണ്ടോ എന്ന സംശയം തള്ളാതെ യു.എസ് നോർത്തേൺ കമാൻഡ് കമാൻഡർ ജനറൽ ഗ്ലെൻ വാൻഹെർക്. മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് ഈ അവസരത്തിൽ ഒന്നും തള്ളിക്കളയുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

' നിലവിൽ ഇവ ഭീഷണിയൊന്നും സൃഷ്ടിക്കുന്നില്ല. ഇവ ബലൂണുകളാണെന്ന് ഞാൻ പറയുന്നില്ല. ചില കാരണങ്ങളാൽ ഇവയെ ' വസ്തുക്കൾ" എന്നാണ് ഞങ്ങൾ വിളിക്കുന്നത്. ഇവ വളരെ ചെറുതാണ്. വളരെ ചെറിയ റഡാർ ക്രോസ് - സെക്‌ഷനാണിവയ്ക്ക് ( ഒരു വസ്തുവിനെ റഡാർ ഉപയോഗിച്ച് എത്രത്തോളം കണ്ടെത്താനാകും എന്നതിന്റെ അളവ് ). ഇന്റലിജൻസ് ഏജൻസികൾ ഇവ എന്താണെന്ന് കണ്ടെത്തും. " അദ്ദേഹം കൂട്ടിച്ചേർത്തു.

 ചൈനയും റഷ്യയും ?

അതേ സമയം, അജ്ഞാത പേടകങ്ങൾ റഷ്യയുടെയോ ചൈനയുടെയോ നിരീക്ഷണ സംവിധാനങ്ങൾ ആണെന്ന തരത്തിലും ആരോപണങ്ങളുണ്ട്. യു.എസ് ഇതിനോട് പ്രതികരിച്ചിട്ടില്ല. അതിനിടെ യു.എസ് ഈ മാസം ആദ്യം വെടിവച്ച് വീഴ്ത്തിയ ബലൂൺ ചൈനയേയും റഷ്യയേയും പോലുള്ള രാജ്യങ്ങൾ നാറ്റോ അംഗരാജ്യങ്ങൾക്കെതിരെ നിരീക്ഷണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമാണെന്ന് നാറ്റോ തലവൻ ജെൻസ് സ്റ്റോൽറ്റൻബർഗ് പ്രതികരിച്ചു.

അതേ സമയം, 2022 ജനുവരി മുതൽ 10 ലേറെ തവണ യു.എസിന്റെ നിരീക്ഷണ ബലൂണുകൾ തങ്ങളുടെ വ്യോമപരിധിയിൽ പ്രത്യക്ഷപ്പെട്ടിരുന്നെന്ന ചൈനയുടെ അവകാശവാദം യു.എസ് നിഷേധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.