തിരുവനന്തപുരം : ഒരുവർഷത്തോളമായി വാട്ടർ അതോറിട്ടിയുടെ പണിപുരോഗമിക്കുന്ന കുമാരപുരം,പൂന്തിറോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. കഴക്കൂട്ടം മുതൽ അണമുഖം ഇടത്തറ മുക്ക് വരെ നീളുന്ന ഡ്രെയിനേജിന്റെ പണിയാണ് ഗതാഗതക്കുരുക്കിന് കാരണം.ഇതോടെ ആക്കുളം കേന്ദ്രീയ വിദ്യാലയം,കിംസ് ആശുപത്രി എന്നിവിടങ്ങളിലേക്കെത്താൻ ഈ റോഡിനെ ആശ്രയിക്കുന്നവർ വലയുകയാണ്. രാവിലെയും വൈകിട്ടും ഓഫീസ് സമയത്ത് മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കാണ്. ഇന്നലെ രാവിലെയുണ്ടായ കുരുക്ക് രണ്ട് മണിക്കൂറോളം നീണ്ടു. കഴക്കൂട്ടം മേൽപ്പാലം വന്നതോടെ മെഡിക്കൽകോളേജിലേക്കും പട്ടംഭാഗത്തും നഗരത്തിന്റെ മറ്റിടങ്ങളിലേക്കും എത്താൻ ഈ റോഡ് ഷോർട്ട് കട്ടായി മാറി. അതിനായി ആക്കുളത്തു നിന്ന് തിരിയുന്ന വാഹനങ്ങൾ ഈ റോഡിലൂടെയാണ് കടന്നുപോകുന്നത്. ഇതോടെ തിരക്കും ഇരട്ടിയാണ്. ഇതിനിടെയാണ് ഡ്രെയിനേജ് പണി സുഗമമായ യാത്രയ്ക്ക് തടസമാകുന്നത്.മെഡിക്കൽ കോളേജിനെയും കിംസ് ആശുപത്രിയെയും ബന്ധിപ്പിക്കുന്ന റോഡായതിനാൽ ദിവസേന നിരവധി ആംബുലൻസുകളും ഇതിലൂടെ കടന്നുപോകുന്നുണ്ട്.തിരക്കേറിയ സമയങ്ങളിലെത്തുന്ന ആംബുലൻസുകൾ കുരുക്കിൽപ്പെടുന്നതും പതിവ് കാഴ്ചയാണ്. എന്നാൽ ഡ്രെയിനേജിന്റെ പണി അന്തിമഘട്ടത്തിലാണെന്ന് വാട്ടർ അതോറിട്ടി അറിയിച്ചു.കേന്ദ്രീയ വിദ്യാലയം സ്കൂളിന് സമീപമായി സ്ഥാപിക്കുന്ന മാൻഹോളിന്റെ പണി മാത്രമാണ് അവശേഷിക്കുന്നത്. ഉടൻ ഇത് പൂർത്തിയാകുമെന്നും ഇതോടെ റോഡിലെ ഡ്രെയിനേജ് ജോലികൾ അവസാനിക്കുമെന്നും നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്ന വാട്ടർഅതോറിട്ടി പ്രോജക്ട് ഡിവിഷൻ അധികൃതർ വ്യക്തമാക്കി.
ഡ്രെയിനേജ് നിർമ്മാണം വേഗത്തിൽ പുരോഗമിക്കുകയാണ്. അവസാനഘട്ട ജോലികളാണ് ഇനിയുള്ളത്.
- അജിത് കുമാർ.എൻ
കൗൺസിലർ,അണമുഖം വാർഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |