ന്യൂയോർക്ക് : യു.എസ് വ്യോമപരിധിയിൽ ചാര ബലൂൺ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ ചൈനയ്ക്ക് മുന്നറിയിപ്പ് നൽകി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. മ്യൂണിക് സുരക്ഷാ കോൺഫറൻസിനിടെ ചൈനീസ് വിദേശകാര്യ കമ്മിഷൻ ഡയറക്ടർ വാംഗ് യീയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ബ്ലിങ്കൻ മുന്നറിയിപ്പ് നൽകിയത്.
യുക്രെയിൻ അധിനിവേശത്തിന് റഷ്യയ്ക്ക് ആയുധങ്ങൾ നൽകിയാൽ ഗുരുതര പ്രത്യാഘാതത്തിന് വഴിവയ്ക്കുമെന്നും ബ്ലിങ്കൻ ചൈനയ്ക്ക് താക്കീത് നൽകി. എന്നാൽ റഷ്യക്ക് ആയുധങ്ങൾ നൽകുമെന്ന റിപ്പോർട്ടുകൾ ചൈന നിഷേധിക്കുന്നു. ചാര ബലൂൺ പോലുള്ള നിരുത്തരവാദിത്വപരമായ സംഭവങ്ങൾ ഇനി ആവർത്തിക്കാൻ പാടില്ലെന്ന് ബ്ലിങ്കൻ വാംഗ് യീയെ അറിയിച്ചു.
ഈ മാസം 5നാണ് വ്യോമാതിർത്തി ലംഘിച്ചതിനെ തുടർന്ന് സൗത്ത് കാരലൈന തീരത്ത് അറ്റ്ലാൻഡിക് സമുദ്രത്തിന് മുകളിൽ വച്ച് യു.എസ് ചൈനീസ് ചാര ബലൂണിനെ വെടിവച്ചിട്ടത്. എന്നാൽ ഇത് ദിശതെറ്റിയെത്തിയ തങ്ങളുടെ കാലാവസ്ഥാ ബലൂൺ ആണെന്നാണ് ചൈനയുടെ വാദം. യു.എസിന്റെ ആരോപണം അസംബന്ധമാണെന്ന് വാംഗ് യീ ബ്ലിങ്കനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നേ പ്രതികരിച്ചിരുന്നു.
ബ്ലിങ്കൻ തുർക്കിയിൽ
ഭൂകമ്പ ബാധിത മേഖലയിലെ ജനങ്ങൾക്ക് പിന്തുണയറിയിച്ച് ആന്റണി ബ്ലിങ്കൻ ഇന്നലെ തുർക്കിയിലെത്തി. 2021ൽ അധികാരമേറ്റ ശേഷം ബ്ലിങ്കൻ നടത്തുന്ന ആദ്യ തുർക്കി സന്ദർശനമാണിത്. തെക്കൻ തുർക്കിയിലെ ഇൻസിർലിക് എയർബേസിലെത്തിയ ബ്ലിങ്കൻ തുർക്കിയിലേക്ക് യു.എസിന്റെ സഹായ വിതരണം ഏകോപിപ്പിക്കുന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഹാതെയ് പ്രവിശ്യയിലെത്തി അദ്ദേഹം യു.എസിന്റെ സഹായ വിതരണം നേരിട്ട് വിലയിരുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |