SignIn
Kerala Kaumudi Online
Friday, 26 April 2024 8.34 PM IST

പറക്കും, ഗുരുക്കൾ

gurikkal1



തുടക്കം, കടത്തനാട്ടിൽ
--------------------
കുട്ടിക്കാലം മുതലേ കളരി പഠിക്കാൻ മോഹമുണ്ടായിരുന്നു. വാപ്പ മരിച്ചതിനുശേഷം നിത്യജീവിതത്തിന് പോലും വഴി കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ഉമ്മയോട് ഈ ആവശ്യം പറയാനൊരു മടി. ആറാംക്ലാസിൽ മൂന്നാംതവണയും തോറ്റപ്പോൾ ഒരു ദിവസം വീട്ടിൽനിന്ന് മുങ്ങി. പാലക്കാടും തൃശൂരും കറങ്ങിത്തിരിഞ്ഞശേഷം ഒടുവിലെത്തിയത് കോഴിക്കോട്ട്. അവിടെ ഒരു ഹോട്ടലിൽ ക്ലീനിംഗ് ബോയ് ആയി ജോലിക്ക് ചേർന്നു. ഹോട്ടലിലേക്ക് സ്ഥിരമായി ഭക്ഷണം കഴിക്കാൻ വരുന്നവരായിരുന്നു വടകരയിലെ പ്രശസ്തരായ കളരി ഗുരുക്കന്മാരായ കടത്തനാട് സുലൈമാൻ ഗുരുക്കളും അബൂബക്കർ ഗുരുക്കളും. അവരെ പരിചയപ്പെട്ടു. കളരിയോടുള്ള താത്പര്യമറിഞ്ഞപ്പോൾ സുലൈമാൻ ഗുരുക്കൾ ചോദിച്ചു.
''പോരുന്നോ കൂടെ? വീട്ടിലെ ചില്ലറ ജോലിയും ചെയ്യാം. കളരിയും പഠിക്കാം.''
അങ്ങനെയാണ് ഹോട്ടൽ ജോലി വിട്ട് വടകരയിലെ സുലൈമാൻ ഗുരുക്കളുടെ വീട്ടിലെത്തുന്നത്. രാവിലെ ആയുർവേദ ചികിത്സയ്ക്കുള്ള മരുന്ന് അരയ്ക്കണം. അതുകഴിഞ്ഞ് കളരി പഠനം. ആറുവർഷത്തെ പഠനം അഷ്റഫിനെ ഗുരുക്കളാക്കി. പിന്നീട് കൊടുങ്ങല്ലൂരിലേക്ക് തിരിച്ചുപോയി അവിടെ മൂന്ന് കളരികൾ സ്ഥാപിച്ചു. അതിലൊന്ന് സംവിധായകൻ കമൽ സാറിന്റെ വീടിനടുത്തായിരുന്നു. ഒരു ദിവസം കമൽ സാർ എന്നെത്തേടി കളരിയിലെത്തി.
''അടുത്ത പടത്തിൽ കളരിയുടെ ചില ഡമോൺസ്‌ട്രേഷൻസുണ്ട്. അതിനുവേണ്ടി അഷ്റഫും ഇരുപത് ശിഷ്യരും ലൊക്കേഷനിൽ വരണം.''
'പെരുവണ്ണാപുരത്തെ വിശേഷങ്ങളു'ടെ ലൊക്കേഷൻ ഷൊർണൂർ പാഞ്ഞാളിലായിരുന്നു. സാർ നിർദ്ദേശിച്ചതുപോലെ ചില ഡമോൺസ്‌ട്രേഷൻ കാണിച്ചു. തിരിച്ചുപോന്നു. സിനിമയോട് കുട്ടിക്കാലം മുതലേ താത്പര്യമുണ്ടായിരുന്നു. കൊടുങ്ങല്ലൂരിലെ ഓലക്കൊട്ടക തിയേറ്ററിലെ സ്‌ക്രീനിൽ സംഘട്ടനം ത്യാഗരാജൻ എന്നെഴുതി കാണിക്കുമ്പോൾ കൈയടിക്കുന്ന ബാല്യം. എന്നെങ്കിലും ത്യാഗരാജനെ കാണണമെന്നും ഫൈറ്റ് പഠിക്കണമെന്നും ആഗ്രഹിച്ചു.
നാട്ടിലുള്ളവർ നിർമ്മിച്ച കവാടമെന്ന സിനിമയുടെ ലൊക്കേഷനിൽ ഫുൾടൈം ഞാനുണ്ടായിരുന്നു. പ്രൊഡക്ഷൻ മാനേജരായി മുൻ പരിചയമൊന്നുമില്ലെങ്കിലും എല്ലാത്തിനും ഞാൻ തന്നെ ഓടിനടന്നു. ഒരു ദിവസം രാവിലെ ലൊക്കേഷനിൽ ചെല്ലുമ്പോൾ ജയഭാരതി അസ്വസ്ഥയായി ഇരിക്കുന്നു. എന്നെ കണ്ടപ്പോൾ ചോദിച്ചു, എവിടെ നിന്നെങ്കിലും ഇത്തിരി വെള്ളം കിട്ടുമോ? തൊട്ടടുത്ത് വീട് പോലുമില്ല. ലൊക്കേഷനിലാകട്ടെ വെള്ളമെത്തിയിട്ടുമില്ല. പെട്ടെന്ന് എനിക്കൊരു ഐഡിയ തോന്നി. ബാഗിലുള്ള തോർത്തെടുപ്പ് തളപ്പുണ്ടാക്കി അടുത്തുള്ള തെങ്ങിൽക്കയറി രണ്ട് കരിക്കിട്ടുകൊടുത്തു. ഇതൊക്കെയും അവിടെയുണ്ടായിരുന്ന സിനിമാ മാസികയുടെ റിപ്പോർട്ടറും ഫോട്ടോഗ്രാഫറും കാണുന്നുണ്ടായിരുന്നു. അവരത് വാർത്തയും പടവും നൽകി പ്രസിദ്ധീകരിച്ചു. അതുകണ്ടിട്ടാണ് പ്രൊഡക്ഷൻ കൺട്രോളറായ എം.രഞ്ജിത്ത് എന്നെ എക്‌സിക്യൂട്ടീവായി നിൽക്കാൻ വിളിക്കുന്നത്. അടുത്ത സിനിമ മുതൽ രഞ്ജിത്തിനൊപ്പം. ഇടയ്ക്ക് ആൽവിൻ ആന്റണി, പീറ്റർ ഞാറയ്ക്കൽ, ഗിരീഷ് വൈക്കം, ആന്റണി ഇരിങ്ങാലക്കുട എന്നിവർക്കൊപ്പവും. ചക്രം, പേരഴകൻ, സ്വപ്നക്കൂട്, അന്യർ, ഇവർ, നമ്മൾ, കണ്ണകി, ഇന്ത്യാഗേറ്റ്, കല്യാണരാമൻ തുടങ്ങിയ സിനിമകളിൽ എക്‌സിക്യൂട്ടീവായിരുന്നു. വേണുസാറിന്റെ ദയ മുതലാണ് സ്വതന്ത്രനായത്. ദൂരദർശന് വേണ്ടി ചെയ്യുന്ന 'പാലിയത്തച്ഛൻ എന്ന ചരിത്രസീരിയലിന് ഫൈറ്റ് ചെയ്യാൻ കളരിയറിയുന്ന ഒരാളെ വേണം. ആ അന്വേഷണം എത്തിയത് എന്നിലായിരുന്നു. അതാണ് ആദ്യത്തെ സംഘട്ടന സംവിധാനം. പിന്നീട് കായംകുളം കൊച്ചുണ്ണി എന്ന മെഗാ സീരിയലിലേക്ക്. സംഘട്ടന സംവിധാനത്തിനൊപ്പം സായിപ്പിന്റെ വേഷത്തിൽ അഭിനയിക്കുകയും ചെയ്തു. പിന്നീടെനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. തുടർച്ചയായി സീരിയലുകൾ. അതുകഴിഞ്ഞ് സിനിമകൾ.

കാൻസർ പടിക്ക് പുറത്ത്
--------------------
കുങ്കുമപ്പൂവ് എന്ന മെഗാസീരിയലിന്റെ ഫൈറ്റ്‌സീൻ പാളയം മാർക്കറ്റിൽ നടക്കുകയാണ്. ഇടയ്ക്ക് കിട്ടിയ ബ്രേക്ക് സമയത്ത് സാൻഡ് വിച്ച് കഴിച്ചുകൊണ്ടിരിക്കുമ്പോൾ നാവും പല്ലും തമ്മിലുരസി ചോര വന്നു. ബ്ലീഡിംഗ് നിൽക്കുന്നില്ല. കോട്ടണും ഐസും വെച്ചപ്പോഴാണ് നിന്നത്. ആലുവയിലെ ഡോ.ജിജോ പോൾ സാറിനോട് കാര്യം പറഞ്ഞപ്പോൾ പിറ്റേന്നുതന്നെ വന്ന് കാണാൻ പറഞ്ഞു. പിറ്റേ ദിവസം ഡോക്ടറുടെ നിർദ്ദേശമനുസരിച്ച് അമൃതയിലെത്തി ബയോപ്‌സി ചെയ്തപ്പോൾ കാൻസർ. തുടക്കത്തിലായതിനാൽ സർജറിയിലൂടെ മാറ്റാൻ കഴിയുമെന്ന് ഡോക്ടർ ഉറപ്പുനൽകിയപ്പോഴാണ് നേരെ ആർ.സി.സിയിലേക്ക് പോയത്.
സിനിമാസംഘടനകൾ, ചലച്ചിത്ര അക്കാഡമി, എം.രഞ്ജിത്ത്, ബന്ധുക്കൾ, കുടുംബാംഗങ്ങൾ എന്നിവരൊക്കെ ഒപ്പമുണ്ടായിരുന്നു. നാവിന്റെ ഒരുഭാഗം കട്ട് ചെയ്ത് സ്റ്റിച്ചിട്ടു. പിന്നീട് 35 ദിവസം മൂക്കിലൂടെ ട്യൂബിട്ടായിരുന്നു ഭക്ഷണം. കുറച്ചുനാളത്തെ ആശുപത്രി വാസത്തിന് ശേഷം വീട്ടിലേക്കുമടങ്ങി. വിശ്രമിക്കുന്ന സമയത്താണ് സംവിധായകൻ രാജേഷ് കണ്ണങ്കര വിളിക്കുന്നത്. ഞാൻ അസുഖമായി കിടക്കുന്ന കാര്യമൊന്നും രാജേഷിനറിയില്ല. ഒരു സീരിയലിന്റെ വർക്കുണ്ട്. വരാമോ എന്നു ചോദിച്ചു. ആ സമയത്ത് പണത്തിന് അത്യാവശ്യമായിരുന്നു. രോഗമാണെന്ന് പറഞ്ഞ് വീട്ടിലിരുന്നാൽ പട്ടിണിയാവും. അതോടെ വീണ്ടും സീരിയലിൽ സജീവമായി. പതുക്കെപ്പതുക്കെ സിനിമകളിലെത്തി. ഇപ്പോൾ കൈനിറയെ സിനിമകളുണ്ട്. പോയവർഷം മാത്രം അമ്പതിലധികം സിനിമകൾ ചെയ്തു. ത്യാഗരാജൻ മാസ്റ്ററാണ് എന്റെ മാനസഗുരു. അദ്ദേഹത്തിന്റെ കട്ടിംഗും എഡിറ്റിംഗും സ്വാധീനിച്ചിട്ടുണ്ട്. ജോഷി സാറിന്റെയും ഷാജി കൈലാസ് സാറിന്റെയും ഷോട്ടുകളും എന്നിലെ ഫൈറ്റ് മാസ്റ്ററെ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചു. മാമാങ്കം, ജനഗണമന, ചാണക്യതന്ത്രം, ഖുർബാനി, നദികളിൽ സുന്ദരി യമുന, എക്‌സ്പിരിമെന്റ് ഫൈവ്, അഞ്ച് സെന്റും സെലീനയും, മത്ത് തുടങ്ങി ഇരുനൂറോളം സിനിമകൾ എന്റെ കരിയർഗ്രാഫിലുണ്ട്. ഫൈറ്റ് മാത്രമല്ല, ചില സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. ആമിയിലെ മുസ്ല്യാരും കായംകുളം കൊച്ചുണ്ണിയിലെ വൈദ്യരും വീരത്തിലെ കണ്ണപ്പച്ചേകവരും ഭീമന്റെ വഴിയിലെ റോയ് മാഷും ശ്രദ്ധിക്കപ്പെട്ട വേഷങ്ങളാണ്.

ചികിത്സ തുടരുന്നു

കളമശേരി കാൻസർ റിസർച്ച് സെന്ററിലെ സിഷ ഡോക്ടറാണ് ഇപ്പോൾ ചികിത്സിക്കുന്നത്. മൂന്നുമാസത്തിലൊരിക്കൽ പോകും. ഇതിനിടയ്ക്ക് തൊണ്ടയിൽ ചെറിയൊരു മുഴയുണ്ടായിരുന്നു. എൻഡോസ്‌കോപ്പിയും അൾട്രാ സൗണ്ട് സ്‌കാനും ചെയ്തു. മൂന്നുമാസം കഴിഞ്ഞ ശേഷവും വളർച്ചയുണ്ടെങ്കിൽ ശ്രദ്ധിച്ചാൽ മതിയെന്നാണ് ഡോക്ടർ പറഞ്ഞത്. രോഗങ്ങൾ അവയുടെ വഴിക്കുപോകട്ടെ. ഞാൻ എന്റെ വഴിക്ക് നടക്കുക തന്നെ ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CINEMA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.