ന്യൂഡൽഹി: അലഹബാദ് ഹെെക്കോടതി വളപ്പിൽ സ്ഥിതി ചെയ്യുന്ന മസ്ജിദ് നീക്കം ചെയ്യണമെന്ന ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. മൂന്ന് മാസത്തിനുള്ളിൽ മസ്ജിദ് നീക്കം ചെയ്തില്ലെങ്കിൽ സംസ്ഥാന സർക്കാരിനും ഹെെക്കോടതിയ്ക്കും തുടർ നടപടികൾ സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി.
കോടതി വളപ്പിലെ മസ്ജിദ് പൊളിച്ച് നീക്കണമെന്ന് അലഹബാദ് ഹെെക്കോടതി 2017ൽ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ വഖഫ് മസ്ജിദും യു പി സുന്നി സെൻട്രൽ വഖഫ് ബോർഡും നൽകിയ ഹർജികളാണ് സുപ്രീം കോടതി തള്ളിയത്. മസ്ജിദ് നീക്കം ചെയ്യുന്നതിന് പകരമായി മറ്റൊരു ഭൂമി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടാൻ ഹർജിക്കാർക്ക് സുപ്രീം കോടതി അനുമതി നൽകി.
മസ്ജിദ് സ്ഥിതി ചെയ്യുന്നത് സർക്കാർ പട്ടയഭൂമിയിലാണെന്നും 2002ൽ ഗ്രാന്റ് റദ്ദാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് ബെഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. നിയമത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ച് തുടർ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് കോടതി നിർദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |