കൊൽക്കത്ത: രാഹുൽ ഗാന്ധിയാണ് പ്രതിപക്ഷത്തിന്റെ മുഖമെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആർക്കും തൊടാനാകില്ലെന്ന് ബംഗാൾ മുഖ്യ മന്ത്രി മമതാ ബാനർജി. മോദിയുടെ ഏറ്റവും വലിയ ടി ആർ പി രാഹുൽ ഗാന്ധിയാണെന്നും മമതാ ബാനർജി വിമർശിച്ചു. പാർട്ടിയോഗത്തിലാണ് മമതയുടെ പരാമർശം. മുർഷിദാബാദിലെ പാർട്ടി പ്രവർത്തകരോട് കൊൽക്കത്തയിൽ നിന്ന് ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
രാഹുലിനെ ഹീറോയാക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. രാഹുലിനെ നേതാവാക്കുന്നതിനായി പാർലമെന്റ് പ്രവർത്തിക്കാൻ ബി ജെ പി അനുവദിക്കുന്നില്ല. മോദി അധികാരത്തിൽ തുടരാൻ കാരണം രാഹുൽ ഗാന്ധിയാണ്. കോൺഗ്രസ് ബി ജെ പിയ്ക്ക് മുന്നിൽ മുട്ടുമടക്കുകയാണ്. സി പി ഐ എമ്മും ബി ജെ പിയും ചേർന്ന് ന്യൂനപക്ഷങ്ങളെ തൃണമൂലിനെതിരെ ഇളക്കിവിടുകയാണെന്നും മമത ആരോപിച്ചു. അടുത്തിടെ നടന്ന ഉപതിരഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് ഒരു സീറ്റ് നഷ്ടമായിരുന്നു. കോൺഗ്രസാണ് ഈ സീറ്റ് സ്വന്തമാക്കിയത്. രാഹുൽ ഗാന്ധി പ്രതിപക്ഷത്തിന്റെ മുഖമായിരിക്കുന്നതിലൂടെ ബി ജെ പി നേട്ടം കൊയ്യുകയാണെന്ന് തൃണമൂൽ എം പിയും ലോക്‌സഭയിലെ പാർട്ടി നേതാവുമായ സുദീപ് ബന്ദോപാദ്ധ്യയും ആരോപിച്ചിരുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി മമതാ ബാനർജിയും കോൺഗ്രസും പരസ്‌പരം ഏറ്റുമുട്ടുകയാണ്. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും തൃണമൂൽ കോൺഗ്രസാണ് സീറ്റുകൾ നേടിയത്. ഇതിൽ കോൺഗ്രസ് അസ്വസ്ഥരാണ്. ബംഗാളിലെ രാഷ്ട്രീയ അക്രമങ്ങളിൽ രാഹുൽ ഗാന്ധി തൃണമൂൽ കോൺഗ്രസിനെ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മമതാ ബാനർജി രാഹുൽ ഗാന്ധിയ്ക്കെതിരായി രൂക്ഷവിമർശനം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |