സോൾ : റേഡിയോ ആക്ടീവ് സുനാമി സൃഷ്ടിക്കാൻ കഴിയുന്ന ആണവായുധ ശേഷിയുള്ള അത്യാധുനിക അണ്ടർവാട്ടർ ഡ്രോൺ പരീക്ഷിച്ചെന്ന അവകാശവാദവുമായി ഉത്തര കൊറിയ. സൗത്ത് ഹാംഗ്യോങ്ങ് പ്രവിശ്യയുടെ തീരത്തായിരുന്നു രഹസ്യ ആയുധത്തിന്റെ പരീക്ഷണം. 59 മണിക്കൂറിലേറെ ഏകദേശം 80 മുതൽ 150 മീറ്റർ വരെ ആഴത്തിൽ സഞ്ചരിച്ച ശേഷം പ്രവിശ്യയുടെ കിഴക്കൻ തീരത്ത് വച്ച് ഡ്രോൺ പൊട്ടിത്തെറിച്ചതായി ഉത്തര കൊറിയൻ ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
' ഹെയിൽ " എന്നാണ് ഈ അജ്ഞാത ഡ്രോൺ അറിയപ്പെടുന്നത്. സുനാമിയുടെ കൊറിയൻ പദമാണ് ഹെയിൽ. അതിശക്തമായ റേഡിയോ ആക്ടീവ് തിരമാല സൃഷ്ടിച്ച് ശത്രുക്കളുടെ കപ്പലും തുറമുഖങ്ങളും തകർക്കുകയാണ് ഈ ആയുധത്തിന്റെ ലക്ഷ്യം. എവിടെയും എപ്പോഴും ഈ ഡ്രോണിനെ ഉപയോഗിക്കാൻ കഴിയുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ ഡ്രോണിന്റെ പരീക്ഷണം നേരിട്ട് വിലയിരുത്തി.
യു.എസിനും ദക്ഷിണ കൊറിയയ്ക്കുമുള്ള മുന്നറിയിപ്പായിട്ടാണ് ഡ്രോണിന്റെ പരീക്ഷണം. യു.എസും ദക്ഷിണ കൊറിയയും യു.കെയും ചേർന്നുള്ള വിപുലമായ സൈനികാഭ്യാസം അടുത്തിടെ അവസാനിച്ചിരുന്നു. റേഡിയോ ആക്ടീവ് സുനാമി സൃഷ്ടിക്കുമെന്നല്ലാതെ ഡ്രോണിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങളൊന്നും ഉത്തര കൊറിയ പുറത്തുവിട്ടിട്ടില്ല. സമീപ വർഷങ്ങളിൽ ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലുകളുടെയടക്കം പരീക്ഷണം ഉത്തര കൊറിയ ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്. 2022ൽ മാത്രം 90ലേറെ മിസൈലുകളാണ് ഉത്തര കൊറിയ പരീക്ഷിച്ചത്.
റഷ്യയുടെ അനുകരണം ?
റഷ്യയുടെ 'സൂപ്പർ - വെപ്പൺ" എന്നറിയപ്പെടുന്ന സ്റ്റെൽത്ത് ടോർപ്പിഡോ ആയ 'പോസിഡോൺ 2M39"നെ അനുകരിച്ചുള്ള ആയുധമാണോ ഉത്തര കൊറിയയുടെ ആവനാഴിയിലുള്ളതെന്നാണ് സംശയം. എന്നാൽ പോസിഡോണിനെ പോലെ ഭീകരമോ ഭീഷണി ഉയർത്തുന്നതോ ആകാൻ ഇടയില്ല. ആണവോർജ്ജത്തിലാണ് പോസിഡോൺ ടോർപ്പിഡോയുടെ പ്രവർത്തനം. പോസിഡോൺ ടോർപ്പിഡോകൾക്ക് തീരദേശ മേഖലകളിൽ കനത്ത നാശം വിതയ്ക്കാനുള്ള ശേഷിയുണ്ട്. 'റേഡിയോ ആക്ടീവ് സുനാമി' എന്നാണ് പോസിഡോണിന്റെ പ്രഹര ശേഷിയെ റഷ്യ വിശേഷിപ്പിക്കുന്നത്.
അതായത്, നാവിക കേന്ദ്രങ്ങൾ, അന്തർ വാഹിനികൾ, തീരദേശ സൈനിക കേന്ദ്രങ്ങൾ തുടങ്ങിയവയെ സുനാമി പോലെ തകർത്തെറിയാൻ പോസിഡോണിന് കഴിയും. 100 മെഗാടണ്ണോളം ഭാരവാഹക ശേഷിയുണ്ട് പോസിഡോണിന്. പരീക്ഷണഘട്ടങ്ങളിലുള്ള പോസിഡോണിന് ഒരു എതിരാളി ആഗോള സൈനിക ശക്തിയായ അമേരിക്കയുടെ കൈയ്യിൽ പോലുമില്ലെന്ന് കരുതുന്നു. വിമാനവാഹിനി കപ്പലുകളെ പോലും തകർക്കാൻ ശേഷിയുള്ള പോസിഡോണിന്റെ കടലിനടിയിലെ പരീക്ഷണങ്ങൾ 2018ൽ തുടങ്ങിയിരുന്നു.
2027ൽ മാത്രമേ പോസിഡോണിന്റെ വിതരണം ആരംഭിക്കൂ എന്നാണ് റിപ്പോർട്ട്. 640 അടിയിലേറെ വലിപ്പമുള്ള റഷ്യയുടെ ഓസ്കാർ II ക്ലാസിലുള്ള പടുകൂറ്റൻ അന്തർവാഹിനിയായ ' ബെൽഗൊറോഡ് ", നിർമ്മാണ ഘട്ടത്തിലുള്ള ഖാബറോവ്‌സ്ക് അന്തർവാഹിനി എന്നിവയ്ക്കേ പോസിഡോണിനെ വഹിക്കാനാൻ കഴിയൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |