തിരുവനന്തപുരം : മലയാളത്തിന് ചിരിയുടെ വസന്തകാലം സമ്മാനിച്ച പ്രിയനടൻ ഇന്നസെന്റിന് ആദരാഞ്ജലി അർപ്പിക്കാൻ ചലച്ചിത്രതാരങ്ങളും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും ആരാധകരും ഉൾപ്പെടെ നിരവധി പേരാണ് ഇന്ന് ഒഴുകിയെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും അന്ത്യാഞ്ജലി അർപ്പിച്ചു. രാത്രിയോടെ ഇരിങ്ങാലക്കുടയിലെ ഇന്നസെന്റിന്റെ വസതിയിൽ എത്തി മോഹൻലാൽ പ്രിയസുഹൃത്തിനെ അവസാനമായി കണ്ടത്. ഇന്നലെ പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് രാജസ്ഥാനിലായിരുന്ന മോഹൻലാൽ ഇന്ന് പുലർച്ചെ നാലുവരെ നീണ്ട ഷൂട്ടിംഗിന് ശേഷമാണ് ഇന്നസെന്റിന് അന്ത്യോപചാരമർപ്പിക്കാൻ കേരളത്തിലേക്ക് തിരിച്ചത്. ഇത് സംബന്ധിച്ച കുറിപ്പ് പങ്കുവയ്ക്കുകയാണ് നടൻ ഹരീഷ് പേരടി.
ഇന്നലെ രാത്രിയാണ് മുംബയിലെ ഷൂട്ട് കഴിഞ്ഞ് ലാലേട്ടൻ രാജസ്ഥാനിൽ എത്തുന്നത്..ആയിരത്തോളം കലാകാരൻമാർ പങ്കെടുക്കുന്ന ഒരുഗാനരംഗം..കഥാപാത്രത്തിന്റെ മുഴുവൻ വേഷവിധാനങ്ങളോടെയും എത്തിയ ലലേട്ടൻ എന്നോട് സ്വകാര്യമായി പറഞ്ഞു..'ഇന്നസെന്റേട്ടൻ പോയി...വാർത്ത ഇപ്പോൾ പുറത്തുവരും...ഞാൻ പാട്ട് പാടി കഥാപാത്രമാവാൻ പോവുകയാണ് '..സിനിമയെന്ന സ്വപനത്തെ യാഥാർത്ഥ്യങ്ങളിൽ എത്തിക്കാൻ വ്യക്തിബന്ധങ്ങളുടെയും കഥാപാത്രങ്ങളുടെയും ഇടയിലായ ഒരു നടന്റെ അല്ല ഒരു മനുഷ്യന്റെ മഹാവേദന...ഒരുപാട് ഓർമ്മകൾ തിളച്ച് മറിയുന്ന ആ കണ്ണുകളിലേക്ക് ഒന്നും പറയാൻ ഇല്ലാതെ ഞാൻ ഒരു പ്രതിമയെ പോലെ നോക്കിനിന്നു...പുലർച്ചെ നാലുമണി വരെ പോയ ഷൂട്ടും കഴിഞ്ഞ് അദ്ദേഹം പ്രിയപ്പെട്ട ഇന്നച്ചനെ കാണാൻ കൊച്ചിയിലേക്ക്... ഹരീഷ് പേരടി കുറിച്ചു. ഏത് വലിയവരും ചെറിയവരും നിങ്ങളെ അവസാനമായി കാണാൻ ആഗ്രഹിക്കും..കാരണം ചിരിയുടെ സംഗീതത്തിലൂടെ നിങ്ങൾ ഉണ്ടാക്കിയ ചിന്തകൾ അത്രയും വലുതാണെന്നും ഹരീഷ് പേരടി കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെ 8 മുതൽ 11.30 വരെയാണ് എറണാകുളം രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ മൃതദേഹം പൊതുദർശനത്തിനു വച്ചത്. ഇടവേള ബാബു, രൺജി പണിക്കർ, സിദ്ധിക്ക് തുടങ്ങി 'അമ്മ'യുടെ ഭാരവാഹികൾ പൊതുദർശനത്തിന് നേതൃത്വം നൽകി. 11.30ന് കെ.എസ്.ആർ.ടി.സിയുടെ അലങ്കരിച്ച എ.സി ലോഫ്ലോർ ബസിൽ മൃതദേഹം സ്വദേശമായ ഇരിങ്ങാലക്കുടയിലേക്കു കൊണ്ടുപോയി. സംസ്കാരം ഔദ്യോഗിക ബഹുമതിയോടെ നാളെ രാവിലെ 10ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നടക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |