ന്യൂഡൽഹി: അദാനി വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണവും രാഹുൽ ഗാന്ധിയുടെ അയോഗ്യതയും ഉയർത്തിയുള്ള പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുക്കാതെ പാർലമെന്റിന്റെ ബഡ്‌ജറ്റ് സമ്മേളനവുമായി കേന്ദ്രസർക്കാർ മുന്നോട്ട്.
ഏപ്രിൽ ആറുവരെ നിശ്ചയിച്ച സമ്മേളനം ബഡ്‌ജറ്റുമായി ബന്ധപ്പെട്ട ബില്ലുകൾ പാസാക്കിയ ശേഷം പിരിയുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ സഭ വെട്ടിച്ചുരുക്കി പ്രതിപക്ഷ പ്രതിഷേധത്തിന് വഴങ്ങേണ്ടെന്നാണ് സർക്കാർ തീരുമാനമെന്നറിയുന്നു. രണ്ടു ദിവസത്തെ രാമനവമി അവധിക്കു ശേഷം ഏപ്രിൽ മൂന്നിന് സമ്മേളനം തുടരും.
രാഹുലിന്റെ അയോഗ്യതയെ ചൊല്ലി കറുത്ത വേഷം ധരിച്ചും ജനാധിപത്യ സംരക്ഷണ പ്ളക്കാർഡുകൾ ഉയർത്തിയും കോൺഗ്രസ് നേതൃത്വത്തിൽ ഇന്നലെയും പ്രതിപക്ഷം ഇരുസഭകളും തടസപ്പെടുത്തി. രണ്ടാം ദിവസവും സ്‌പീക്കർ ഒാം ബിർള ലോക്‌സഭയിലെത്തിയില്ല. രാവിലെ 11ന് സമ്മേളിച്ചപ്പോൾ ഉപാദ്ധ്യക്ഷ പാനലിലെ ബി.ജെ.ഡിയുടെ ഭർതൃഹരി മെഹ്‌താബാണ് സഭ നിയന്ത്രിച്ചത്. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് അദ്ദേഹം 12മണി വരെ സഭ നിർത്തി.
12മണിക്ക് സഭ നിയന്ത്രിച്ചത് ബി.ജെ.പി എം.പി രമാദേവിയാണ്. വിവിധ സമിതികളുടെ റിപ്പോർട്ടുകൾക്കൊപ്പം കോമ്പറ്റീഷൻ കമ്മിഷൻ ദേദഗതി ബിൽ ബഹളത്തിനിടെ ചർച്ചയില്ലാതെ പാസാക്കി. വന സംരക്ഷണ ബില്ലും ജൈവ വൈവിധ്യ ഭേദഗതി ബില്ലും അവതരിപ്പിച്ച ശേഷം സഭ ഏപ്രിൽ മൂന്നുവരെ പിരിഞ്ഞു. രാജ്യസഭ ബഹളം മൂലം രണ്ടുമണി വരെ നിർത്തിയിരുന്നു. രണ്ടു മണിക്കും നടപടികൾ തടസപ്പെട്ടതോടെ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു.
വനസംരക്ഷണ ബിൽ പാർല.സമിതിക്ക്
ഇന്നലെ ലോക്‌സഭയിൽ അവതരിപ്പിച്ച വനസംരക്ഷണ നിയമ ഭേദഗതി ബില്ലിലെ ചില വ്യവസ്ഥകൾ ആദിവാസി, വനസംരക്ഷണ വിരുദ്ധമാണെന്ന പ്രതിപക്ഷ ആക്ഷേപത്തെ തുടർന്ന് പാർലമെന്ററി സമിതിക്കു വിട്ടു.
അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് 100 കിലോമീറ്റർ ചുറ്റളവിലുള്ള വനം, പ്രതിരോധ, അർദ്ധസൈനിക സ്ഥാപനങ്ങളുടെ ചുറ്റുമുള്ള വനം, റെയിൽപ്പാതകൾക്കും റോഡുകൾക്കും അരികിലുള്ള വനം, സുരക്ഷാ, അടിസ്ഥാന സൗകര്യങ്ങൾക്ക് ഉപയോഗിക്കാൻ നിർദ്ദേശിച്ചിരിക്കുന്ന വനഭൂമി,
വനഭൂമിയിലെ പൊതു ഉപയോഗങ്ങൾ തുടങ്ങിയവയ്‌ക്ക് ബിൽ ഇളവു നിർദ്ദേശിക്കുന്നു.
പ്രധാന നിയമം ബഹളത്തിനിടയിൽ അവതരിപ്പിക്കരുതെന്നും അവതരണാനുമതി നൽകരുതെന്നും ആവശ്യപ്പെട്ട് എൻ.കെ.പ്രേമചന്ദ്രൻ എം.പി നോട്ടീസ് നൽകിയിരുന്നു. ജൈവവൈവിദ്ധ്യവും കാലാവസ്ഥാ വ്യതിയാനവും സംബന്ധിച്ച അന്തരാഷ്ട്ര ഉറപ്പുകൾ ലംഘിക്കുന്നതാണ് പല വ്യവസ്ഥകളുമെന്ന് പ്രേമചന്ദ്രൻ കുറ്റപ്പെടുത്തി. ജനാഭിപ്രായം തേടാതെ വനഭൂമി മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിക്കാൻ അവസരം നൽകുന്നതും ആശങ്കാ ജനകമാണ്. വനസംരക്ഷണ ബില്ലിന്റെ തലവാചകം ഹിന്ദിയിലാക്കിയതിനെയും എതിർത്തു. എം.പിയുടെ വാദങ്ങൾ ശബ്ദവോട്ടോടെ തള്ളിയാണ് ബിൽ അവതരിപ്പിച്ചത്. തുടർന്ന് 19 അംഗ സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു.
വനങ്ങൾക്ക് നിഘണ്ടു നിർവചനങ്ങൾക്ക് അതീതമാണെന്നും ഉടമസ്ഥാവകാശം പരിഗണിക്കാതെ സർക്കാർ രേഖയിൽ വനമായി രേഖപ്പെടുത്തിയിരിക്കുന്ന ഏത് പ്രദേശവും പരിഗണിക്കണമെന്നുമുള്ള സുപ്രീം കോടതി വിധി മറികടക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ബിൽ.
കോമ്പറ്റീഷൻ കമ്മിഷൻ
ഭേദഗതി ബിൽ പാസാക്കി
കമ്പനികളുടെ ലയനവുമായി ബന്ധപ്പെട്ട കോമ്പറ്റീഷൻ കമ്മിഷൻ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. കഴിഞ്ഞ ആഗസ്റ്റിൽ വന്ന ബിൽ പാർലമെന്ററി കമ്മിറ്റിക്ക് വിട്ടിരുന്നു.
രാജ്യത്ത് സജീവമായി പ്രവർത്തിക്കുന്ന രണ്ടു കമ്പനികളുടെ ഏറ്റെടുക്കൽ, ലയനം തുടങ്ങിയവയുടെ ഇടപാട് മൂല്യം 2000 കോടി രൂപയിൽ കൂടുതലാണെങ്കിൽ കോമ്പറ്റീഷൻ കമ്മീഷന്റെ (സി.സി.ഐ) അനുമതി തേടണം.
ആസ്തികളും വിറ്റുവരവും അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾക്ക് പുറമേയാണിത്. സി.സി.ഐ അംഗീകാരത്തിനുള്ള സമയ പരിധി 210 ൽ നിന്ന് 150 ദിവസമായി കുറച്ചു. ലയനത്തിന്റെ ആദ്യഘട്ട അംഗീകാരത്തിനുള്ള സമയം 30 പ്രവൃത്തി ദിവസങ്ങൾ എന്നത് 30 കലണ്ടർ ദിവസങ്ങളാക്കിയും ഭേദഗതി ചെയ്‌തു.
വ്യവഹാരങ്ങൾ കുറയ്‌ക്കാനും പെട്ടെന്നുള്ള തർക്ക പരിഹാരത്തിനും സെറ്റിൽമെന്റിനുമുള്ള വ്യവസ്ഥയും ബില്ലിലുണ്ട്.
മത്സര വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കമ്പനികൾക്ക് പിഴ ചുമത്താൻ ബിൽ കോമ്പറ്റീഷൻ കമ്മീഷന് അധികാരം നൽകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |