ജീവനക്കാരുടെ വിഹിതം പിടിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആരോഗ്യ സെക്രട്ടറി
തിരുവനന്തപുരം : റീജിയണൽ കാൻസർ സെന്ററിലെ (ആർ.സി.സി) ജീവനക്കാർക്കായി സർക്കാർ അനുവദിച്ച പങ്കാളിത്ത പെൻഷൻ അട്ടിമറിക്കാൻ നീക്കം. പകരം സംവിധാനങ്ങളൊന്നും ഏർപ്പെടുത്താതെ പദ്ധതിയ്ക്കായി ജീവനക്കാരിൽ നിന്നും പിടിക്കുന്ന വിഹിതം നിറുത്തലാക്കണമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാൾ നിർദ്ദേശിച്ചതോടെ പെൻഷൻകാരും ജീവനക്കാരും ആശങ്കയിലായി.പങ്കാളിത്ത പെൻഷനെതിരെ ഒരുവിഭാഗം ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് പദ്ധതി പൂർണമായി അവസാനിപ്പിക്കാൻ ആരോഗ്യസെക്രട്ടറി ശ്രമിക്കുന്നത്.
2011ൽ വി.എസ്.അച്യുതാനന്ദൻ സർക്കാരാണ് ആർ.സി.സിയിൽ പങ്കാളിത്തപെൻഷൻ അനുവദിച്ചത്. അതും 2013 മേയ് 31വരെ സർവീസിൽ പ്രവേശിച്ച ജീവനക്കാർക്ക് മാത്രം. 2013ൽ ഉമ്മൻചാണ്ടി സർക്കാർ പദ്ധതിയുടെ റൂൾ അംഗീകരിച്ച് 34കോടിരൂപ കോർപ്പസ് ഫണ്ടായി അനുവദിക്കുകയും 2015ൽ പെൻഷൻ നൽകിത്തുടങ്ങുകയും ചെയ്തു. അതിനിടെ പ്രശ്നം കോടതിയിലെത്തിയതോടെ പരാതിയുള്ളവരിൽനിന്ന് വിഹിതം പിടിക്കരുതെന്ന് കോടതി നിർദ്ദേശിച്ചു. എന്നാൽ 2020ൽ ഒന്നാം പിണറായി സർക്കാർ ആർ.സി.സിയിലെ എല്ലാ ജീവനക്കാർക്കുമായി പങ്കാളിത്തപെൻഷൻ വിപുലീകരിച്ചു. ഇതോടെ പിൽക്കാലത്ത് സർവീസിലെത്തിലെത്തിയവരും പെൻഷന്റെ പരിധിയിലായി. എന്നാൽ പദ്ധതി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം ജീവനക്കാർ നൽകിയ പരാതി പരിഗണിച്ചാണ് ഈമാസം 12ന് ചേർന്ന യോഗത്തിൽ ബദൽമാർഗങ്ങളൊന്നും നിർദ്ദേശിക്കാതെ പങ്കാളിത്തപെൻഷനായി വഹിതം പിടിക്കുന്നത് അവസാനിപ്പിക്കാൻ വകുപ്പ് സെക്രട്ടറി നിർദ്ദേശം നൽകിയത്. വിഹിതം പിടിക്കാതിരുന്നതാൽ പദ്ധതിയും അതോടെ അവസാനിക്കും.
ജീവനക്കാർ 10% സ്ഥാപനം 5%
നിലവിൽ ശമ്പളത്തിന്റെ 10ശതമാനവും സ്ഥാപനത്തിന്റെ 5ശതമാനവുമാണ് പദ്ധതിയ്ക്കായുള്ള വിഹിതം. ഇതിന് പകരം 10ശതമാനം ജീവനക്കാരും 14ശതമാനം സ്ഥാപനവും നൽകുന്ന നാഷണൽ പെൻഷൻ സ്കീം (എൻ.പി.എസ്) വേണമെന്ന് ആവശ്യപ്പെട്ടാണ് ഒരുവിഭാഗം രംഗത്തുള്ളത്. എന്നാൽ 2016ൽ പെൻഷൻ സ്കീമിനൊപ്പം എൻ.പി.എസും നടപ്പാക്കാൻ ആർ.സി.സി ശ്രമിച്ചെങ്കിലും അത് സാമ്പത്തിക ബാദ്ധ്യതയാണെന്ന് ചൂണ്ടിക്കാട്ടി ധനകാര്യവകുപ്പ് തടഞ്ഞു.
10ശതമാനം കാൻസർ രോഗികൾ
റേഡിയേഷൻ ഏൽക്കുന്നതിനാൽ ജീവനക്കാരിൽ 10ശതമാനം കാൻസർരോഗികളാകുന്നു.
പെൻഷൻ നടപ്പാക്കിയതോടെ ഇ.പി.എഫും ജി.പി.എഫും നഷ്ടമായി.
സർക്കാരിന്റെ മെഡിസെപ് ഉൾപ്പെടെയുള്ള പദ്ധതികളൊന്നും ആർ.സി.സിയിൽ ബാധകമല്ല.
ജീവനക്കാർക്കും പെൻഷൻകാർക്കും യാതൊരു ചികിത്സാ ആനുകൂല്യങ്ങളും നിലവിലില്ല.
ആർ.സി.സി
ആകെ ജീവനക്കാർ 857
ഡോക്ടർമാർ 110
മറ്റ് വിഭാഗത്തിലുള്ളർ 747
ആകെ പെൻഷൻവാങ്ങുന്നവർ 137
ഡോക്ടർമാർ 17
മറ്റുള്ളവർ 120
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |