കോഴിക്കോട്: പാമ്പുകളുടെ സംരക്ഷണത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കുമായി വനംവകുപ്പ് ആവിഷ്കരിച്ച സർപ്പ മൊബൈൽ ആപ്ലിക്കേഷൻ വഴി രണ്ടുവർഷത്തിനിടെ വനത്തിലെത്തിയത് 18064 പാമ്പുകൾ. സംസ്ഥാനത്ത് ഇതുവരെ 19994 പാമ്പുകളുടെ വിവരമാണ് ആപ്പിൽ വന്നത്. ഇതിൽ 1930 പാമ്പുകൾ വനംവകുപ്പിന്റെ പാമ്പുപിടിത്തക്കാർ എത്തുമ്പോഴേക്കും രക്ഷപ്പെട്ടു.
പാമ്പുകളെ പിടികൂടുന്നതിനായി 1600 പേരരെയാണ് വനംവകുപ്പ് പരിശീലിപ്പിച്ചത്. കോഴിക്കോട് ജില്ലയിൽ ലൈസൻസോടെ 23 റെസ്‌ക്യൂവർമാർ പ്രവർത്തിക്കുന്നുണ്ട്. മലപ്പുറം ജില്ലയിലാണ് പരിശീലനം നേടിയവർ ഏറ്റവുമധികമുള്ളത്. 132 പേർ. അരിപ്പ ഫോറസ്റ്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടർ മുഹമ്മദ് അൻവറാണ് സ്നേക്ക് റെസ്ക്യൂവർ പരിശീലനം നൽകുന്നതിന്റെ സംസ്ഥാന നോഡൽ ഓഫിീസർ. ഏറ്റവും കൂടുതൽ പാമ്പുകളെ സംരക്ഷിച്ചിട്ടുള്ളത് കണ്ണൂരിലാണ്. 3976 എണ്ണം. കുറവ് ഇടുക്കിയിൽ 152. മൂർഖനെയാണ് കൂടുതലും രക്ഷിച്ചത്.
അശാസ്ത്രീയമായി പാമ്പിനെ പിടിക്കുന്നതിലൂടെ അപകടങ്ങൾ വർദ്ധിച്ചതിനെ തുടർന്നാണ് വനം വകുപ്പിന്റെ നേതൃത്വത്തിൽ 2020 ആഗസ്റ്റിൽ സർപ്പ ആപ്പ് (സ്നേക് അവയർനസ് റെസ്ക്യൂ ആൻഡ് പ്രൊട്ടക്‌ഷൻ ആപ്) തുടങ്ങിയത്. വൈൽഡ് ലൈഫ് ട്രസ്റ്റ് ഒഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് ആപ്പ് വികസിപ്പിച്ചത്. പാമ്പിനെ കണ്ടെത്തിയാൽ പാമ്പിന്റെ ഫോട്ടോയും ഇരിക്കുന്ന സ്ഥലവും സംബന്ധിച്ച വിവരം ആപ്പിലേക്ക് കൈമാറിയാൽ മതി. ഈ സന്ദേശങ്ങൾ റസ്കൂവർക്ക് നോട്ടിഫിക്കേഷനായി ലഭിക്കും. സന്ദേശം വന്ന സ്ഥലത്തിന്റെ ലൊക്കേഷൻ പരിശോധിച്ച് റെസ്ക്യൂവർ സ്ഥലത്തെത്തും. ജി.പി.എസ് മുഖേനയാണ് ആപ്പിന്റെ പ്രവർത്തനം. പാമ്പിനെ പിടികൂടുന്നത് മുതൽ വിട്ടയയ്ക്കുന്നതുവരെയുള്ള പ്രവർത്തനം ആപ്പിലൂടെ അറിയാൻ സാധിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് സൗജന്യമായി സർപ്പ ആപ്പ് ഡൗൺലോഡ് ചെയ്യാം.
തണുപ്പു തേടി വീടുകളിൽ
ചൂട് കൂടുമ്പോൾ തണുപ്പുതേടി വീടുകൾക്കുള്ളിൽ പാമ്പുകൾ എത്തുന്ന സാഹചര്യമുണ്ട്. ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള സമയങ്ങളിലാണ് പാമ്പുകളുടെ ശല്യം ഏറുന്നത്. അശാസ്ത്രീയമായ രീതിയിൽ അവയെ പിടികൂടരുതെന്നാണ് വനം വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തിൽ 110ഓളം പാമ്പ് വർഗങ്ങളാണ് ഉള്ളത്. ഇതിൽ മനുഷ്യവാസമുള്ള സ്ഥലത്ത് കാണപ്പെടുന്നത് നാൽപ്പതോളം വിഭാഗങ്ങളെയാണ്. മൂർഖൻ, ചേനത്തണ്ടൻ എന്നിവയാണ് ഇതിൽ അപകടകാരിയായ പാമ്പുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |