SignIn
Kerala Kaumudi Online
Thursday, 19 September 2024 8.47 PM IST

ആ ഗോഡ്‌ഫാ‌ദർമാരുടെ സംരക്ഷണത്തിലാണ് മലയാള സിനിമയിലെ ലഹരിക്കടിമകൾ, നിർമ്മാതാക്കൾ പോലും ഭയക്കുന്നവർ

Increase Font Size Decrease Font Size Print Page
drugs

മകനെ സിനിമയിൽ അഭിനയിക്കാൻ വിടാത്തത് ലഹരിക്ക് അടിപ്പെടുമെന്ന ഭയം മൂലമാണെന്നും ലഹരി ഉപയോഗിച്ച് പല്ല് ദ്രവിച്ചു പോയ താരത്തെ തനിക്കറിയാമെന്നുമുള്ള നടൻ ടിനി ടോമിന്റെ തുറന്നുപറച്ചിലാണ് പൊതുസമൂഹത്തിലെ ഇപ്പോഴത്തെ ചർച്ച. അമ്പലപ്പുഴയിൽ ദിവസങ്ങൾക്ക് മുമ്പ് നടന്ന കേരള സർവകലാശാല യുവജനോത്സവ ഉദ്ഘാടന വേദിയിലായിരുന്നു നടന്റെ പരാമർശം. സിനിമാരംഗത്തെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കെട്ടടങ്ങും മുമ്പ് പ്രമുഖ നടന്റെ തുറന്നുപറച്ചിലിനെ ഒരു മാസ് എൻട്രിയായി വിശേഷിപ്പിക്കാം. എത്ര മറച്ചുവച്ചാലും ലൊക്കേഷനുകളിൽ ലഹരിമാഫിയ പിടിമുറുക്കിയെന്ന സത്യം കൂടി വിളിച്ചുപറയുന്നതായി ടിനി ടോമിന്റെ പരാമർശം. ഇതിനെ ചുവടുപിടിച്ച് ലൊക്കേഷനുകളെ ലഹരി വിമുക്തമാക്കണമെന്ന കാമ്പയിനും തുടക്കമായത് നല്ലതുതന്നെ. ലൊക്കേഷനുകളിൽ പരിശോധന നടത്താൻ എക്‌സൈസും പൊലീസും എന്തുകൊണ്ട് മടിക്കുന്നുവെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. കാരിയർമാരെയും ഇടനിലക്കാരെയും ഓടിച്ചിട്ട് പിടികൂടുന്ന ഈ അന്വേഷണസംഘങ്ങൾക്ക് ആരാണ് മണിക്കെട്ടിയിരിക്കുന്നത് എന്നതുകൂടി തുറന്നുപറയേണ്ടവർ രംഗപ്രവേശനം ചെയ്യേണ്ട സമയം അതിക്രമിച്ചു. ഷൈൻ ടോം ചാക്കോയെ ഫ്ളാറ്റിൽ കയറി പിടിച്ചുകൊണ്ടുപോയ പൊലീസ് എന്തുകൊണ്ട് ന്യൂജെൻ സിനിമാ ലൊക്കേഷൻ സൈറ്റുകൾ പരിശോധന നടത്തുന്നില്ല. ഒരു സമയത്ത് ഇതിന് തടസമായി നിന്നത് സിനിമാ സംഘടനകൾ തന്നെയായിരുന്നു. ലഹരി ഉപയോഗക്കാരെ നിയന്ത്രിക്കാനാവാതെ അവർക്ക് സാമ്പത്തിക നഷ്‌ടം കൂടി വരാൻ തുടങ്ങിയതോടെയാണ് ലൊക്കേനുകളിൽ നിയമാനുസൃതമായ പരിശോധനയാകാമെന്ന നിലപാടിലേക്ക് എത്തിയത്. എന്നാൽ അപ്പോഴേക്കും വൈകി പോയെന്ന സത്യം സംഘടനകൾ ഇപ്പോൾ തിരിച്ചറിയുന്നുണ്ടാകും.

താരങ്ങളുടെ ലഹരി ഉപയോഗത്തെ ന്യായീകരിക്കാനില്ലെന്ന നിലപാടിലേക്ക് താരസംഘടനയായ അമ്മയുമെത്തി. സംഘടനയുടെ പുതിയ നിയമഭേദഗതിയിൽ ജോലി ചെയ്യുമ്പോഴോ ജോലി സ്ഥലത്തോ മദ്യത്തിനോ ലഹരി മരുന്നിനോ അടിമപ്പെടാൻ പാടില്ലെന്നും പൊതുസ്ഥലങ്ങളിൽ മോശമായി പെരുമാറരുതെന്നും നിഷ്‌ക്കർഷിച്ചിട്ടുണ്ട്. കർശന നിരീക്ഷണങ്ങൾക്ക് ശേഷം മാത്രം പുതിയ അംഗങ്ങളെ സ്വീകരിച്ചാൽ മതിയെന്ന നിലപാടിലേക്കും സംഘടനെ എത്തിയത് ശുഭസൂചനയാണ്.

സിനിമാ രംഗത്ത് ലഹരി ഉപയോഗിക്കുന്നവരുടെ ലിസ്‌റ്റ് കൈയിലുണ്ടെന്ന് അവകാശപ്പെടുന്ന നിർമ്മാതാക്കൾ അത് പുറത്തുവിടാനോ അന്വേഷണ ഏജൻസികൾക്ക് കൈമാറാനോ തയ്യാറായിട്ടില്ല. എന്നാൽ, ലൊക്കേഷനുകളിൽ പൊലീസോ എക്‌സൈസോ നിയമാനുസൃതം നടത്തുന്ന പരിശോധനകൾ തടയില്ലെന്നാണ് പുതിയ നിലപാട്. ലഹരി ഉപയോഗമുണ്ടെന്ന് വെളിപ്പെടുത്തിയ ചിലരെ സിനിമയിൽ സംഘടിതമായി ഒതുക്കിയ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. എന്നാൽ, എല്ലാ അതിരുകളും ലംഘിച്ചുള്ള ലഹരി ഉപയോഗം ശക്തമായതോടെയാണ് ചിലർ വീണ്ടും ചർച്ചകൾക്ക് തുടക്കമിട്ടത്. ലഹരി ഉപയോഗത്തെക്കുറിച്ച് നിർണായക വിവരം ലഭിച്ച എക്‌സൈസ് സംഘം ഒരു പ്രമുഖ നടന്റെ കാറിന്റെ അരികിൽ വരെ എത്തിയെന്ന നടൻ ബാബുരാജിന്റെ വെളിപ്പെടുത്തലും ചർച്ചകൾക്ക് കൊഴുപ്പേകി.

കൊച്ചി നഗരത്തിൽ ലഹരി ഇടപാടുകാരായി പ്രവർത്തിക്കുന്ന 3000 ത്തിലധികം ആളുകളുടെ ലിസ്‌റ്റ് വിവിധ അന്വേഷണ ഏജൻസികൾ തയ്യാറാക്കിയിട്ടുണ്ട്. ഇവരുമായി സജീവമായി ഇടപെടുന്നവരിൽ നൂറുകണക്കിന് സിനിമാപ്രവർത്തകരുണ്ടെന്നാണ് കണ്ടെത്തൽ. ന്യൂജനറേഷൻ മലയാള സിനിമയിലെ ഒരു വിഭാഗം മയക്കുമരുന്നുകൾക്ക് പിന്നാലെയാണെന്ന് നിർമ്മാതാക്കളുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും സംഘടനകൾ പറഞ്ഞിട്ടും പൊലീസും എക്‌സൈസും മൗനം പാലിക്കുന്നത് ഉന്നതരുടെ പിന്തുണയുണ്ടാകില്ലെന്ന ഭയം മൂലമാണെന്ന് പറയേണ്ടിവരും. ലഹരി ഉപയോഗിക്കുന്ന മിക്ക നടന്മാർക്ക് പിന്നിലും ഗോഡ്ഫാദർമാരുണ്ട്. അവരുടെ സംരക്ഷണവലയത്തിലുള്ള നടൻമാർക്കെതിരെ നടപടിയെടുത്താൽ എട്ടിന്റെ പണി കിട്ടുമെന്ന് നിർമ്മാതാക്കൾക്ക് നന്നായറിയാം. ഗത്യന്തരമില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയതോടെയാണ് നിർമ്മാതാക്കൾക്കും നിലപാട് കടുപ്പിക്കേണ്ടി വന്നത്. അഭിനയിച്ചുകൊണ്ടിരുന്ന സിനിമയുടെ പേരുതന്നെ നടൻ മറന്നുപോയി. ലഹരി മരുന്നിന്റെ പണം കൂടി നിർമ്മാതാവ് നൽകണമെന്ന് നടൻ ആവശ്യപ്പെട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

പ്രമുഖ മലയാള സീരിയലിലെ യുവനടൻ ന്യൂജനറേഷൻ സിനിമയിലെ മയക്കുമരുന്നിന്റെ പ്രധാന കണ്ണിയാണെന്ന് എക്‌സൈസ് ഇന്റലിജൻസിന് മാസങ്ങൾക്ക് മുമ്പേ മനസിലായതാണ്. കേരള പൊലീസും എക്‌സൈസും കേന്ദ്ര നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും കസ്റ്റംസിലെ മയക്കുമരുന്നു വിഭാഗവും സിനിമാരംഗം നിരീക്ഷിക്കുന്നുണ്ടെങ്കിലും പ്രമുഖരിലേക്ക് അന്വേഷണം നീളാറില്ല. ഏതാനും വർഷം മുമ്പ് വരെ കഞ്ചാവായിരുന്നു താരം. ഇപ്പോൾ സെറ്റുകളിൽ എം.ഡി.എം.എ, എൽ.എസ്.ഡി തുടങ്ങിയ രാസലഹരികൾക്കാണ് ഡിമാൻഡ്. ചില യുവനടികളും ഇപ്പോൾ ഈ കണ്ണിയിൽ ചേരുന്നുണ്ട്. എറണാകുളത്തും ആലപ്പുഴയിലുമുള്ള സംഘങ്ങളാണ് സിനിമാ സെറ്റുകളിൽ രാസലഹരി എത്തിക്കുന്നതിൽ പ്രധാനികളെന്ന് അന്വേഷണസംഘങ്ങൾക്കറിയാം. രണ്ടുവർഷം മുമ്പ് കൊച്ചിയിൽ പിടിയിലായ മയക്കുമരുന്ന് ഇടപാടുകാരിൽ ചിലർ സിനിമാ സെറ്റുകളിലേക്ക് മാത്രം സപ്‌ളൈ നടത്തുന്നവരായിരുന്നു. കാക്കനാട് ഷൂട്ടിംഗ് സംഘം താമസിച്ച ഹോട്ടലിൽ പരിശോധന നടക്കും മുമ്പ് പ്രമുഖ യുവസംവിധായകൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മുറിയിൽനിന്ന് ചെറിയ അളവിൽ മയക്കുമരുന്നുകൾ ലഭിച്ചതിനാൽ ടെക്‌നീഷ്യന്മാരെ പൊക്കി പൊലീസും തടിയൂരി. ഇടുക്കിയിൽ ഷൂട്ടുചെയ്ത, അടുത്തിടെ റിലീസായ സിനിമയുടെ ലൊക്കേഷനിൽ മരുന്നടിച്ച് നിലതെറ്റിയ നടനും സംവിധായകനും കൈയാങ്കളിയിൽ വരെയെത്തി. ഒരു സീൻ രണ്ടാമത് ഷൂട്ട് ചെയ്യണമെന്ന് പറഞ്ഞതായിരുന്നു കാരണം. എങ്ങനെയും ഷൂട്ടിംഗ് തീർത്തുകിട്ടാനായി ഒടുവിൽ സംവിധായകൻ മാപ്പുപറഞ്ഞു. ഇത്തരം സീനുകൾ ഇപ്പോൾ പല സെറ്റുകളിലും പതിവ് സംഭവമാണ്. രാസലഹരികൾ ഉപയോഗിച്ചാൽ ഊണും ഉറക്കവുമില്ലാതെ രണ്ട് ദിവസം വരെ അവർ സജീവമാകും. അതുകഴിഞ്ഞാൽ രാവും പകലും ഉറങ്ങും. സെറ്റ് സ്തംഭിക്കും. നിർമ്മാതാവിന് ലക്ഷങ്ങളായിരിക്കും നഷ്ടം. ചില സെറ്റുകളിൽ പരസ്യമായാണ് ലഹരി ഉപയോഗം. കാസർകോടും മൂന്നാറും പുതിയ സിനിമകളുടെ ഇഷ്ട ലൊക്കേഷനുകളാകുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. എൽ.എസ്.ഡിയും എം.ഡി.എം.എയും കർണാടകയിൽ നിന്ന് എളുപ്പം കാസർകോട് എത്തിക്കാം. മൂന്നാറിലാണെങ്കിൽ രാസലഹരിക്ക് പുറമേ മാജിക് മഷ്‌റൂം എന്ന ഐറ്റവും ലഭിക്കും. കൊടൈക്കനാൽ, ഊട്ടി പോലുള്ള ഹൈറേഞ്ചുകളിൽ ലഭ്യമായിരുന്ന ഈ ലഹരിക്കൂൺ ഇപ്പോൾ മൂന്നാറിലുമുണ്ട്. മുട്ടയ്‌ക്കൊപ്പം വറുത്തും പുകച്ചുമാണ് ഉപയോഗിക്കുന്നത്.

ഐ.ടി നഗരമായ ഹൈദരാബാദിൽ നിന്ന് ചലച്ചിത്രതാരങ്ങളുടെ ലഹരിയുടെ ഇടമായി പിന്നീട് ബംഗളൂരു (സാന്റൽ വുഡ് ) മാറി.

ഈ രണ്ടിടങ്ങളിൽ നിന്നും കേരളത്തിലേക്ക് പരമ രഹസ്യമായാണ് ആദ്യം ലഹരിയെത്തിയത്. കൊച്ചി നഗരത്തിൽ നിറഞ്ഞാടിയ നിശാപാർട്ടികൾക്കും റേവ് പാർട്ടികൾക്കും പൊലീസ് കൂച്ചുവിലങ്ങിട്ടതോടെ ലഹരിയുടെ ഉന്മാദ രാത്രികൾ ഫ്‌ളാറ്റുകളിലേക്ക് ഒതുങ്ങി. കാതുതുളയ്ക്കുന്ന സംഗീതത്തിന്റെയും ബാന്റുകളുടെയും അകമ്പടിയോടെ ബംഗളൂരും, ഹൈദരാബാദിലും നടക്കുന്നതുപാേലെയുള്ള നിശാപാർട്ടികൾ കേരളത്തിൽ ഇപ്പോൾ ഇല്ലെന്നു തന്നെ പറയാം. ലഹരിയുടെ ഉന്മാദത്തിൽ നടന് കൃത്യസമയത്ത് ലൊക്കേഷനിൽ എത്താൻ കഴിയാതെ ഷൂട്ടിംഗ് മുടങ്ങിയതും മലയാളത്തിലാണ്. ഇക്കാര്യം നിർമ്മാതാവായ സിയാദ് കോക്കർ വിളിച്ചു പറഞ്ഞതോടെയാണ് മലയാള സിനിമയിൽ ലഹരിയുടെ വിവാദക്കാറ്റ് വീശിയടിച്ചത്. അന്നത്തെ തന്റെ വെളിപ്പെടുത്തൽ ഇന്ന് സിനിമയിൽ പലരെയും ജാഗരൂഗരാക്കിയെന്നാണ് സിയാദിന്റെ നിലപാട്. കൊച്ചി കായലിലെ കാറ്റിനൊപ്പം ലഹരിക്കാറ്റും മലയാള സിനിമയിലേക്ക് വീശിയടിച്ചു. ഇന്നത് ന്യൂജെൻ ലഹരിയായി അഴിഞ്ഞാടുന്നു. അതിന് തടയിട‌േണ്ടവർ ഉറക്കം വിട്ടുണരുകയും സിനിമാ സംഘടനകൾ അതിന് പിന്തുണ നൽകുകയുമാണ് വേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CINEMA, DRUGS IN CINEMA, PRODUCERS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.