ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് കോൺഗ്രസും ആം ആദ്‌മി പാർട്ടിയും ഉൾപ്പെടെ 19 പ്രതിപക്ഷ പാർട്ടികൾ സംയുക്ത പ്രസ്‌താവനയിറക്കി. 'സ്വേച്ഛാധിപതിയായ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ സർക്കാരും' എന്ന് പ്രസ്‌താവനയിൽ വിമർശനമുണ്ട്.
പാർലമെന്റിൽ ജനാധിപത്യത്തിന്റെ ആത്മാവിനെ പുറന്തള്ളപ്പെടുമ്പോൾ പുതിയ മന്ദിരത്തിന് യാതൊരു മൂല്യവുമില്ലെന്ന് പ്രതിപക്ഷ പാർട്ടികൾ പറഞ്ഞു. സ്വേച്ഛാധിപതിയായ പ്രധാനമന്ത്രിക്കും സർക്കാരിനുമെതിരെ പോരാട്ടം തുടരും. ഞങ്ങളുടെ സന്ദേശം ജനങ്ങളിലേയ്ക്ക് നേരിട്ട് എത്തിക്കും. രാഷ്‌ട്രപതിയെ ഒഴിവാക്കി സ്വന്തമായി പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം കടുത്ത അപമാനം മാത്രമല്ല ജനാധിപത്യത്തിനുനേരെയുള്ള കടന്നാക്രമണവുമാണ്.
രാഷ്‌ട്രപതി ദ്രൗപതി മുർമു രാജ്യത്തിന്റെ തലവൻ മാത്രമല്ല പാർലമെന്റിന്റെ അവിഭാജ്യഘടകം കൂടിയാണ്. രാഷ്ട്രപതിയില്ലാതെ പാർലമെന്റിന് പ്രവർത്തിക്കാനാവില്ല. എന്നിട്ടും രാഷ്‌ട്രപതിയില്ലാതെ ഉദ്ഘാടനം നടത്താനാണ് പ്രധാനമന്ത്രിയുടെ തീരുമാനമെന്നും പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി.
ദ്രാവിഡ മുന്നേറ്റ കഴകം, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി, ജനതാ ദൾ, സി പി ഐ, സി പി എം, ശിവസേന, സമാജ്‌വാദ് പാർട്ടി, രാഷ്ട്രീയ ജനതാ ദൾ, ജാർഖണ്ഡ് മുക്തി മോർച്ച, മുസ്ളീം ലീഗ്, കേരള കോൺഗ്രസ് (മാണി), വിടുതലൈ ചിരുതൈകൾ പാർട്ടി, രാഷ്ട്രീയ ലോക്‌ദൾ, നാഷണൽ കോൺഫറൻസ്, മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം, റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി എന്നീ പാർട്ടികൾ സംയുക്ത പ്രസ്താവനയിറക്കിയ പ്രതിപക്ഷ പാർട്ടികളിൽ ഉൾപ്പെടുന്നു. അതേസമയം, ബി ആർ എസ്, വൈ എസ് ആർ കോൺഗ്രസ്, ബി ജെ പി പാർട്ടികൾ എന്നിവർ നിലപാടറിയിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |