തിരുവനന്തപുരം: ചന്ദ്രനിൽ ലാൻഡർ ഇറക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യം - ചന്ദ്രയാൻ 3 - ജൂലായ് 12ന് വിക്ഷേപിച്ചേക്കും. ലോഞ്ച് വെഹിക്കിൾ മാർക്ക്–3 (എൽ.വി.എം 3) റോക്കറ്റിൽ ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് വിക്ഷേപണം.
ചന്ദ്രയാൻ 2ൽ നിന്ന് വ്യത്യസ്തമായി പുതിയ ദൗത്യത്തിൽ ഉപഗ്രഹം ഇല്ല. പ്രൊപ്പൽഷൻ മൊഡ്യൂളും ( റോക്കറ്റ് ) ലാൻഡറും റോവറുമാണുള്ളത്. ആകെ ഭാരം 3900 കിലോഗ്രാം. ഓഗസ്റ്റ് 23നാണ് ചന്ദ്രനിൽ ലാൻഡിംഗ് നിശ്ചയിച്ചിരിക്കുന്നത്. ശാസ്ത്രീയ പഠനങ്ങൾക്കൊപ്പം ചന്ദ്രനിൽ റോവറിനെ ഇറക്കാനുള്ള വൈദഗ്ദ്ധ്യം തെളിയിക്കുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.
2019ൽ ചന്ദ്രയാൻ–2 ദൗത്യത്തിന്റെ വിക്രം ലാൻഡർ ലാൻഡിങ്ങിനു തൊട്ടു മുൻപ് പൊട്ടിച്ചിതറിയിരുന്നു. പരിഷ്‌കരിച്ച പുതിയ ലാൻഡർ കൂടുതൽ കരുത്തുറ്റതാണ്. 615കോടി രൂപയാണ് ചെലവ്. ചന്ദ്രയാൻ 2ന് 960കോടിയും ചന്ദ്രയാൻ 1ന് 386 കോടിയുമായിരുന്നു ചെലവ്.
ചന്ദ്രയാൻ -3 ദൗത്യം
വിക്ഷേപണം മുതൽ ചന്ദ്രന് 100 കിലോമീറ്റർ അടുത്ത് റോക്കറ്റിൽ ( പ്രൊപ്പൽഷൻ മൊഡ്യൂൾ) എത്തിക്കും. അവിടെ പ്രൊപ്പൽഷൻ മൊഡ്യൂൾ വേർപെട്ട് ലാൻഡർ ചന്ദ്രനെ വൃത്താകൃതിയിൽ വലംവയ്‌ക്കും. ഈ സമയത്ത് ചന്ദ്രോപരിതലത്തിലെ ചൂട്, ലാൻഡ് ചെയ്യാനുള്ള സ്ഥലം, അവിടെ ഭൂകമ്പം പോലുള്ള പ്രകമ്പനങ്ങളുണ്ടോ തുടങ്ങിയവ പരിശോധിക്കും. പിന്നീട് സോഫ്റ്റ് ലാൻഡ് ചെയ്യും. പരിസരം പരിശോധിച്ച് റോവറിനെ മെല്ലെ പുറത്തിറക്കും. റോവറിന് ലാൻഡറുമായി മാത്രമാണ് വാർത്താവിനിമയം. ലാൻഡറിലൂടെയാവും ഭൂമിയിൽ നിന്ന് റോവറിലേക്ക് നിർദ്ദേശങ്ങൾ പോകുക.
റോവറിന്റെ ദൗത്യം
ചന്ദ്രന്റെ മണ്ണിലെ മൂലകങ്ങൾ, ആണവസാന്നിദ്ധ്യം തുടങ്ങിയവ പരിശോധിക്കും. മൂലക ഘടന കണ്ടെത്താൻ ആൽഫ കണികാ എക്സ്-റേ സ്പെക്ട്രോമീറ്റർ, ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ക്ഡൗൺ സ്പെക്ട്രോസ്കോപ്പ് തുടങ്ങിയ ഉപകരണങ്ങൾ.
ലാൻഡറിന്റെ ദൗത്യം
താപ ചാലകതയും താപനിലയും അളക്കാനുള്ള തെർമോഫിസിക്കൽ ഉപകരണം. ലാൻഡിംഗ് സൈറ്റിന് ചുറ്റുമുള്ള ഭൂചലനങ്ങൾ അളക്കാനുള്ള ലൂണാർ സീസ്‌മിക് ആക്ടിവിറ്റി ഉപകരണം. പ്ലാസ്‌മ സാന്ദ്രതയും അതിന്റെ വ്യതിയാനങ്ങളും കണക്കാക്കാൻ ലാങ്മുയർ പ്രോബ്. ലേസർ റേഞ്ചിംഗ് പഠനത്തിന് നാസയുടെ ലേസർ റിട്രോഫ്ലെക്റ്റർ അറേ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |