തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ 120 കണ്ടക്ടർമാർക്ക് 40,300- 93,400 ശമ്പള സ്കെയിലിൽ സ്റ്റേഷൻ മാസ്റ്റർമാരായും 108 സ്റ്റേഷൻ മാസ്റ്റർമാർക്ക് 45,600- 1,05,300 ശമ്പള സ്കെയിലിൽ ഇൻസ്പെക്ടർമാരായും സ്ഥാനക്കയറ്റം നൽകി.
ജോലി ക്രമീകരണത്തിന്റെ ഭാഗമായി 59 സ്റ്റേഷൻ മാസ്റ്റർമാരെയും 202 ഇൻസ്‌പെക്ടർമാരെയും സ്ഥലംമാറ്റിയിട്ടുണ്ട്. അതേസമയം കെ.എസ്.ആർ.ടി.സിയിലെ കണ്ടക്ടർ, ഡ്രൈവർ വിഭാഗത്തിന്റെ സ്ഥലംമാറ്റ ഉത്തരവിനെതിരെ ജീവനക്കാരുടെ സംഘടനകളിൽ എതിർപ്പ് ശക്തമാണ്.
3960 കണ്ടക്ടർമാരെയും 4502 ഡ്രൈവർമാരെയുമാണ് സ്ഥലംമാറ്റിക്കൊണ്ട് മനേജ്മെന്റ് ഉത്തരവിറക്കിയത്. ബസ് സർവീസുകൾ കാര്യക്ഷമമാകാൻ സ്ഥലംമാറ്റം അനിവാര്യമാണെന്നാണ് മാനേജ്മെന്റ് പറയുന്നത്. ശമ്പളം കൃത്യസമയത്ത് നൽകാകെ രണ്ട് തവണകളായി നൽകുന്ന മാനേജ്‌മെന്റ് നിലപാടിനെതിരെ തൊഴിലാളികൾ സമരരംഗത്ത് നിൽക്കുമ്പോഴാണ് കൂട്ടസ്ഥലംമാറ്റം. മാനേജ്‌മെന്റിന്റെ ഏകപക്ഷീയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ(സി.ഐ.ടി.യു) രംഗത്തെത്തിയിരുന്നു.
6462 പേരെ സ്ഥലംമാറ്റുന്നതിൽ 2284 പേർ മാത്രമാണ് അപേക്ഷ നൽകിയതെന്നും ബാക്കിയുള്ളവർ മാനേജ്‌മെന്റിന്റെ വികൃതിക്കു വിധേയരാവുകയാണെന്നും സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |