അഹമ്മദാബാദ്: ഈ സീസണോടെ ഐ.പി.എല്ലിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപിച്ച് ചെന്നൈ സൂപ്പർ കിംഗ്സിന്റെ ബാറ്റർ അമ്പാട്ടി റായ്ഡു. മുൻ ഇന്ത്യൻ ടീം അംഗം കൂടിയായ അമ്പാട്ടി ഗുജറാത്ത് ടൈറ്റൻസിനെതിരായ ഫൈനലിന് മുമ്പാണ് തന്റെ തീരുമാനമറിയിച്ചത്.
2019ലെ ഏകദിന ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താത്തതിനെത്തുടർന്ന് അമ്പാട്ടി ഇന്ത്യൻ ടീമിൽ നിന്ന് വിരമിച്ചിരുന്നു. രണ്ടുവർഷത്തിനുശേഷം ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് തീരുമാനം മാറ്റി ഐ.പി.എല്ലിൽ തുടർന്നു. 38 കാരനായ റായ്ഡു ഈ സീസണിൽ ഇതുവരെ 15 മത്സരങ്ങളിൽനിന്ന് 139 റൺസ് മാത്രമാണ് നേടിയത്.
ചെന്നൈ സൂപ്പർ കിംഗ്സിലെത്തും മുമ്പ് മുംബയ് ഇന്ത്യൻസിന്റെ താരമായിരുന്ന അമ്പാട്ടി ആകെ 203 ഐ.പി.എൽ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഒരു സെഞ്ച്വറിയും 22 അർദ്ധസെഞ്ച്വറികളുമടക്കം 4329 റൺസെടുത്തിട്ടുണ്ട്. 2010 മാർച്ച് 13 ന് രാജസ്ഥാൻ റോയൽസിനെതിരെയാണ് ഐ.പി.എല്ലിൽ അരങ്ങേറ്റം കുറിച്ചത്. 14 സീസണിൽ ഐ.പി.എൽ കളിച്ച റായ്ഡു അഞ്ച് കിരീടനേട്ടങ്ങളിൽ പങ്കാളിയായി. 11 പ്ലേ ഓഫുകളിലും എട്ട് ഫൈനലുകളിലും കളിച്ചു. ഇന്ത്യയ്ക്ക് വേണ്ടി 55 ഏകദിനങ്ങൾ കളിച്ച അമ്പാട്ടി മൂന്ന് സെഞ്ച്വറികളും 10 അർദ്ധസെഞ്ച്വറികളുമടക്കം 1694 റൺസ് നേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |