ആരാധകരുടെ ആവേശം അണുവിട ചോരാതിരുന്ന ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ അവസാന പന്തിൽ ബൗണ്ടറിയടിച്ച് തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിംഗ്സ് തങ്ങളുടെ അഞ്ചാം ഐപിഎൽ കിരീടം സ്വന്തമാക്കിയ രാവായിരുന്നു ഇന്നലത്തേത്. എന്നാൽ സൂപ്പർതാരങ്ങളായ ധോണിയോ ജഡേജയോ പാണ്ഡ്യയോ ഗില്ലോ ഒന്നുമല്ല ഇത്തവണത്തെ മത്സരത്തിൽ സ്‌റ്റാറായത്. ഐപിഎൽ മത്സരത്തിനിടെ ഏറ്റവും കൂടുതൽ പേർ ആഗ്രഹിച്ചത് ബിരിയാണി ആയിരുന്നു. ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
ഓരോ മാച്ച് കഴിയുമ്പോഴും കാണികൾ ഓർഡർ ചെയ‌്തത് എന്തൊക്കെയാണെന്ന് സ്വിഗ്ഗി വെളിപ്പെടുത്തുമായിരുന്നു. 12 മില്യൺ ഓർഡറാണ് ബിരിയാണിക്കാകെ ലഭിച്ചത്. അതായത് ഓരോ മിനിട്ടിലും 212 എണ്ണം എന്ന കണക്കിൽ. എന്നാൽ ബിരിയാണി മാത്രമല്ല താരം. ഗർഭനിരോധന ഉറകളും ചൂടപ്പം പോലെ വിറ്റു പോയി എന്ന് സ്വിഗ്ഗി വ്യക്തമാക്കി. കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് രാത്രി 8.43 ആയപ്പോഴേക്കും 2423 കോണ്ടം വിറ്റു പോയത്രേ.
ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റാൻസ് നാലുവിക്കറ്റ് നഷ്ടത്തിലാണ് 214 റൺസടിച്ചത്. സായ് സുദർശൻ (96),വൃദ്ധിമാൻ സാഹ(54),ശുഭ്മാൻ ഗിൽ (39),ഹാർദിക് പാണ്ഡ്യ (21*) എന്നിവരുടെ മികച്ച പ്രകടനമാണ് നിലവിലെ ചാമ്പ്യന്മാരെ ഈ സ്കോറിലെത്തിച്ചത്.
മറുപടിക്കിറങ്ങിയ ചെന്നൈ 3 പന്തുകളിൽ 4 റൺസെടുത്തപ്പോഴേക്കും കനത്ത മഴ പെയ്യുകയായിരുന്നു.തുടർന്ന് രാത്രി 12.10നാണ് മത്സരം പുനരാരംഭിക്കാൻ കഴിഞ്ഞത്. ഇതോടെ ചെന്നൈയുടെ വിജയലക്ഷ്യം 15 ഓവറിൽ 171 റൺസായി പുനർനിർണയിക്കുകയായിരുന്നു.ഇതാണ് രവീന്ദ്ര ജഡേജ അവസാന രണ്ടുപന്തുകളിൽ സിക്സും ഫോറുമടിച്ച് മറികടന്നത്.
നേരത്തേ ഗുജറാത്തിന് തകർപ്പൻ തുടക്കമാണ് സാഹയും ഗില്ലും ചേർന്ന് നൽകിയത്. സാഹയാണ് ആക്രമണത്തിന് മുന്നിട്ട് നിന്നത്. ആദ്യ ഏഴോവറിൽ 67 റൺസാണ് ഓപ്പണിംഗ് സഖ്യം കൂട്ടിച്ചേർത്തത്. ഇതുവരെ മൂന്ന് സെഞ്ച്വറികൾ നേടിയിരുന്ന ഗിൽ വീണ്ടുമൊരു സെഞ്ച്വറിയിലേക്ക് എത്തുമോ എന്ന് പ്രതീക്ഷയോടെ കാത്തിരുന്നവരെ ധോണിയുടെ മിന്നൽ സ്റ്റംപിംഗ് നിരാശപ്പെടുത്തുകയായിരുന്നു. 20 പന്തുകളിൽ ഏഴു ഫോറടക്കം 39 റൺസ് നേടിയ ഗിൽ ദീപക് ചഹറിനെ ഇറങ്ങി അടിക്കാൻ ശ്രമിച്ചപ്പോഴാണ് ധോണി സ്റ്റംപ് ചെയ്തുവിട്ടത്.
തുടർന്നിറങ്ങിയ സായ് സുദർശനെ കൂട്ടുനിറുത്തി സാഹ ജ്വലിച്ചതോടെ ടൈറ്റാൻസിന്റെ സ്കോർ മുന്നോട്ടുതന്നെ കുതിച്ചു. അടുത്ത ഏഴോവറിൽ 64 റൺസ് കൂട്ടിച്ചേർത്തശേഷമാണ് സഖ്യം വേർപിരിഞ്ഞത്. 39 പന്തുകളിൽ അഞ്ചുഫോറും ഒരു സിക്സുമടക്കം അർദ്ധസെഞ്ച്വറി കടന്ന സാഹ 14-ാം ഓവറിൽ വിക്കറ്റിന് പിന്നിലേക്ക് ഉയർത്തിയടിച്ച് ധോണിക്ക് ഈസി ക്യാച്ച് നൽകുകയായിരുന്നു. ഇതോടെ ഗുജറാത്ത് ടൈറ്റാൻസ് 131/2 എന്ന നിലയിലായി.
തുടർന്ന് സായ്‌യുടെ ഊഴമായിരുന്നു. ധോണിയുടെ ബൗളിംഗ് ചേഞ്ചുകളെയും ഫീൽഡിംഗ് തന്ത്രങ്ങളെയും അതിജീവിച്ച് മുന്നേറിയ സായ്‌യ്ക്ക് മറുവശത്തുനിന്ന് നായകൻ ഹാർദിക് പാണ്ഡ്യയുടെ മികച്ച പിന്തുണയും ലഭിച്ചു.ടീമിനെ 212ലെത്തിച്ചശേഷം അവസാന ഓവറിന്റെ മൂന്നാം പന്തിലാണ് സായ് മടങ്ങിയത്. 47 പന്തുകളിൽ എട്ടുഫോറും ആറുസിക്സും പായിച്ച സായ് സെഞ്ച്വറിക്ക് നാലുറൺസകലെ പതിരാണയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങുകയായിരുന്നു. 12 പന്തുകളിൽ രണ്ട് സിക്സടക്കമാണ് ഹാർദിക് 21 റൺസുമായി പുറത്താകാതെ നിന്നത്. അവസാന പന്തിൽ റാഷിദ് ഖാൻ പുറത്തായി.
മഴ കഴിഞ്ഞ് മറുപടിക്കിറങ്ങിയ ചെന്നൈയ്ക്ക് വേണ്ടി ആദ്യ നാലോവറിൽ റിതുരാജ് ഗെയ്ക്ക്വാദും ഡെവോൺ കോൺവേയ്‌യും ചേർന്ന് 50 റൺസ് നേടി. എന്നാൽ ഏഴാം ഓവറിൽ നൂർ അഹമ്മദ് റിതുരാജിനെയും (26) കോൺവേയെയും(47 ) പുറത്താക്കിയതോടെ ചെന്നൈ 78/2 എന്ന നിലയിലായി.തുടർന്ന് വീശിയടിച്ച രഹാനെയെ (27) 11-ാം ഓവറിൽ മോഹിത് ശർമ്മ പുറത്താക്കി. അവസാന മത്സരത്തിനിറങ്ങിയ അമ്പാട്ടി എട്ടുപന്തിൽ 19 റൺസടിച്ച് വിജയപ്രതീക്ഷ തിരിച്ചെത്തിച്ച് പുറത്തായി. തുടർന്ന് ധോണി കളത്തിലിറങ്ങി ആദ്യ പന്തിൽത്തന്നെ മില്ലർക്ക് ക്യാച്ച് നൽകി. ഇതോടെ ചെന്നൈ 149/5 എന്ന നിലയിലായി.അവസാന രണ്ടോവറിൽ 21 റൺസായിരുന്നു ചെന്നൈയ്ക്ക് വേണ്ടിയിരുന്നത്. അവസാന ഓവറിൽ 13 റൺസും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |