തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ കോർപ്പറേഷനിലെ റവന്യു ഉദ്യോഗസ്ഥൻ കെ. നാദിർഷായെ വിജിലൻസ് പിടികൂടിയത് ബുദ്ധിപരമായ നീക്കത്തിനൊടുവിൽ. വീടിന്റെ ഉടമസ്ഥാവകാശം മാറ്റാനുള്ള സർട്ടിഫിക്കറ്റിനായി രണ്ടായിരം രൂപയാണ് നാദിർഷാ കൈക്കൂലി വാങ്ങിയത്. വിജിലൻസ് നൽകിയ ഫിനോഫ്‌തലിൻ പുരട്ടിയ 2000 രൂപയുടെ നോട്ടുകളാണ് പരാതിക്കാരൻ നാദിർഷായ്ക്ക് കൈമാറിയത്.
ഓഫീസിന് പുറത്തു കാത്തുനിന്ന വിജിലൻസ് സംഘം ഉടൻതന്നെ ഓഫീസിലേക്ക് ഓടിക്കയറുകയായിരുന്നു. അതിനിടെ പണം പാന്റ്‌സിന്റെ പോക്കറ്റിലാണ് നാദിർഷാ ഒളിപ്പിച്ചത്. ഓഫീസിലെത്തിയ വിജിലൻസ് സംഘം പണം എവിടെയെന്ന് ചോദിച്ചു. വിജിലൻസ് സംഘമാണെന്ന് മനസിലാക്കിയ ഇദ്ദേഹം ആദ്യം ഒന്നും പ്രതികരിക്കാൻ തയ്യാറായില്ല. പണം പാന്റ്‌സിന്റെ പോക്കറ്റിലാണെന്ന് മനസിലാക്കിയ വിജിലൻസ് ഉദ്യോഗസ്ഥർ അത് ഊരി നൽകാൻ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥനെ മുണ്ടുടുപ്പിച്ച ശേഷം പാന്റ്സ് ഊരിവാങ്ങിയാണ് വിജിലൻസ് നടപടികൾ പൂർത്തിയാക്കിയത്.
ഉദ്യോഗസ്ഥന്റെ ക്വാർട്ടേഴ്‌സിലും വിജിലൻസ് പരിശോധന നടത്തി. ഇയാളുടെ ബാങ്ക് അക്കൗണ്ടുകളും വിശദമായി പരിശോധിക്കും.
അമ്മയുടെയും സഹോദരിയുടെയും പേരിലുള്ള വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായി കണിമംഗലം ഓഫീസിൽ പരാതിക്കാരൻ അപേക്ഷ സമർപ്പിച്ചിരുന്നു. റവന്യു ഇൻസ്പെകിടർ ആയ നാദിർഷാ സ്ഥലം പരിശോധന നടത്തുകയും ഓണർഷിപ്പ് മാറ്റുന്നതിനായി 2000രൂപ ആവശ്യപ്പെടുകയും ചെയ്തു തുടർന്ന് പരാതിക്കാരൻ കൗൺസിലർ മുഖേന വിജിലൻസിനെ വിവരമറിയിക്കുകയായിരുന്നു. . വിജിലൻസ് സംഘത്തിൽ ഡിവൈ.എസ്.പി ജിം പോൾ സി ജി, ഗ്രേഡ് എസ്.ഐമാരായ പീറ്റർ പി ഐ, ജയകുമാർ എ.എസ്.ഐ ബൈജു, സി.പി.ഒമാരായ വിബീഷ്, സൈജു സോമൻ, രഞ്ജിത്ത്, സിബിൻ, സന്ധ്യ, ഗണേഷ്, അരുൺ, സുധീഷ് ഡ്രൈവർമാരായ ബിജു, എബി തോമസ് എന്നിവരാണുണ്ടായിരുന്നത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |