ന്യൂഡൽഹി: ഹൈക്കോടതി ഇടപെടലിനെ തുടർന്ന് ഇന്നലെ ഫലം പ്രഖ്യാപിച്ച ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ ഭരണപക്ഷമായ ആംആദ്‌മി പാർട്ടിയും ബി.ജെ.പിയും മൂന്നു വീതംസീറ്റുകൾ നേടി. ഉന്നത തീരുമാനങ്ങളെടുക്കുന്ന കമ്മിറ്റിയിൽ ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ ഇതോടെ കലഹം തുടരുമെന്നുമുറപ്പായി.
ഫെബ്രുവരി 24 ന് നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി കൗൺസിലറുടെ വോട്ട് ആം ആദ്മി പാർട്ടിയിൽ നിന്നുള്ള മേയർ ഷെല്ലി ഒബ്‌റോയ് അസാധുവാക്കിയിരുന്നു. ഇതു ചോദ്യം ചെയ്‌ത് ബി.ജെ.പി കൗൺസിലർമാരായ ശിഖ റായിയും കമൽജീത് സെഹ്‌രാവത്തും ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. മേയറുടെ തീരുമാനം കോടതി റദ്ദാക്കിയതോടെ ബി.ജെ.പിക്കും മൂന്ന് അംഗങ്ങളെ ലഭിക്കുകയായിരുന്നു. ബഹളത്തെ തുടർന്ന് തടസപ്പെട്ട തിരഞ്ഞെടുപ്പ് വീണ്ടും നടത്താനുള്ള മേയറുടെ നീക്കവും തടഞ്ഞ കോടതി ഫെബ്രുവരി 24ന്റെ ഫലം പ്രഖ്യാപിക്കാൻ ഉത്തരവിട്ടിരുന്നു.
ആംആദ്‌മി പാർട്ടിയുടെ രമീന്ദർ കൗർ, മോഹിനി ജിൻവാൾ, അമിൽ മാലിക് ബി.ജെ.പിയുടെ കമൽജീത് സെഹ്‌രാവത്, പങ്കജ് ലൂത്ര, ഗജേന്ദ്ര ദരാൽ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട സ്റ്റാന്റിംഗ്കമ്മിറ്റി അംഗങ്ങൾ. പങ്കജ് ലൂത്രയ്‌ക്ക് ലഭിച്ച വോട്ടാണ് മേയർ അസാധുവായി പ്രഖ്യാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |