തിരുവനന്തപുരം: ആപ്പിൽ മുഖം മിനുക്കി ഹോളിവുഡ് നായകനെയും നായികയെയും പോലെയാവാൻ എന്തെളുപ്പം. രാജകുമാരനോ രാജകുമാരിയോ കുതിരപ്പുറത്തു വരുന്നതുപോലെ നിങ്ങൾക്കാവണോ, അതും റെഡി. അടുത്തിടെ തരംഗമായ ഫോട്ടോ ലാബ് എന്ന ആപ്ലിക്കേഷന് ഇതിനൊക്കെ നിമിഷങ്ങൾ മതി. പക്ഷേ, നിർമ്മിതബുദ്ധിയുടെ പുതിയ സാദ്ധ്യത ഉപയോഗിക്കുന്ന ഇത്തരം ആപ്പുകളിൽ 'മുഖം വച്ചുകൊടുക്കുന്നവർ' അപകടക്കെണിയിലാണ്.
സിനിമാ നടന്മാരടക്കം പോസ്റ്റ് ചെയ്ത ഫോട്ടോലാബ് ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിൽ വൈറലാണ്. പ്ലേസ്റ്റോറിൽ ഡൗൺലോഡ് ചെയ്ത് ആപ്പിൽ ഫോട്ടോ അപ്‌ലോഡ് ചെയ്ത് ഫിൽറ്ററുകൾ മാറ്റിയാൽ രൂപവും ഭാവവും മാറും. ഡൗൺലോൾഡ് ചെയ്യുമ്പോൾ കാണിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും വായിക്കാതെയാണ് പലരും ഇത്തരത്തിലുള്ള ആപ്പുകളിൽ അഭിരമിക്കുന്നത്.സ്വകാര്യ വിവരങ്ങളടക്കം ഉപഭോക്താവിന്റെ സമ്മതത്തോടെ ആപ്പ് പിടിച്ചെടുക്കുന്നതാണ് അപകടം.
അടുത്തിടെ സംസ്ഥാനത്ത് ടെക്ക് സ്റ്റാർട്ടപ്പിന് സ്‌പോൺസറെ തിരഞ്ഞപ്പോൾ യുവസംരംഭകനോട് ഒരു കമ്പനിയുടെ സി.ഇ.ഒ ആവശ്യപ്പെട്ടത് 15 ലക്ഷം പേരുടെ വിവരങ്ങളാണ്. ഫോട്ടോലാബിലൂടെ നടക്കുന്നതും വിവരച്ചോർച്ചയാണ്. പേര്, മെയിൽ അഡ്രസ്, ഫോട്ടോ തുടങ്ങിയ വ്യക്തിവിവരങ്ങൾ ആപ്പിൽ സൂക്ഷിക്കും. തുടർന്ന് കോർപറേറ്റ് കമ്പികൾക്കടക്കം വലിയ വിലയ്ക്ക് കൈമാറും. നമ്മുടെ ഇഷ്ടനിറം, വസ്ത്രം, സിനിമ തുടങ്ങിയവ മനസിലാക്കി അതിനനുസരിച്ച് സമൂഹമാദ്ധ്യമങ്ങളിൽ സൗന്ദര്യവർദ്ധന ഉത്പന്നങ്ങളുടെ പരസ്യങ്ങളെ പ്രത്യക്ഷപ്പെടുത്തും. ആപ്പ് ഫോണിൽ നിന്ന് കളയുമ്പോഴേക്ക് വിവരം പലകൈ മറിഞ്ഞിരിക്കും. മുമ്പ് തരംഗമായിരുന്നു ഫേസ് എഡിറ്റർ, പ്രിസ്‌മ, റെമിനി എന്നീ ആപ്പുകളിലും മുഖത്തിന്റെ ഘടനയിൽ മാറ്റാമായിരുന്നെങ്കിലും കൃത്യത കുറവായിരുന്നു. ഫോട്ടോ ലാബിൽ ശരീരഘടന ഉൾപ്പെടെ രാജകീയമാക്കാം.
കുരുക്കുകൾ ഇങ്ങനെ
സ്ത്രീകളുടെയും കുട്ടികളുടെയും നഗ്നചിത്രമുപയോഗിച്ച് ഭീഷണിപ്പെടുത്തൽ
വ്യാജ പാസ്‌പോർട്ട്, ആധാർ എന്നിവ നിർമ്മിച്ചുള്ള ആൾമാറാട്ടം
സമൂഹമാദ്ധ്യമങ്ങളിലെ പാസ്‌വേഡുൾപ്പെടെ ഹാക്ക് ചെയ്യൽ
ഫോണിൽ വേഗത്തിൽ വൈറസ് കടത്തിവിടാം
ഫോട്ടോ ലാബ്?
അമേരിക്കൻ കമ്പനിയായ ലൈൻറോക്ക് ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് പുറത്തിറക്കിത്
ലോകത്താകെ 10 കോടി ഡൗൺലോഡ്
850ലേറെ ഫിൽറ്ററുകൾ
'ദിവസേന നൂറുകണക്കിന് ആപ്പുക്കളിറങ്ങുന്നുണ്ട്. ട്രെൻഡിനൊപ്പം പായുമ്പോൾ പലരും സുരക്ഷയെപ്പറ്റി ചിന്തിക്കാറില്ല. സൈബർ ഇടങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണം".
- വിജയ് തോമസ്, സൈബർ വിദഗ്‌ദ്ധൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |