തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ 500 കിലോ സ്വർണം അഞ്ചു വർഷത്തേക്ക് ആർ.ബി.ഐയിൽ നിക്ഷേപിക്കും. സ്വർണ വിലയ്‌ക്ക് ആനുപാതികമായി രണ്ടേകാൽ ശതമാനം പലിശ നിരക്കിൽ വർഷം ആറു കോടി രൂപ വരുമാനം കിട്ടുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അഞ്ചുവർഷമാണ് നിക്ഷേപ കാലാവധി. എസ്.ബി.ഐയുടെ മുംബയ് ശാഖയാണ് ഇതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
ആഭരണങ്ങൾ ദൈനംദിന ഉപയോഗത്തിനുള്ളവ, പൗരാണിക ആഭരണങ്ങൾ, ആട്ട വിശേഷത്തിന് ഉപയോഗിക്കുന്നവ എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. ഇവയൊഴികെ സ്ട്രോംഗ്റൂമിൽ സൂക്ഷിച്ചിട്ടുള്ള ആഭരണങ്ങളാണ് നിക്ഷേപിക്കുന്നത്. സ്വർണത്തിന്റെ തൂക്കം ഉറപ്പുവരുത്തുന്നതിന് ദേവസ്വം കമ്മിഷണർ, തിരുവാഭരണം കമ്മിഷണർ, വിജിലൻസ് എസ്.പി, സ്റ്റേറ്ര് ഓഡിറ്റ് ഡെപ്യൂട്ടി ഡയറക്‌ടർ എന്നിവരെ ചുമതലപ്പെടുത്തി. ഹൈക്കോടതി നിർദ്ദേശപ്രകാരമാണിത്.
ദേവസ്വം ബോർഡ് അംഗങ്ങളായ എസ്.എസ്. സജീവൻ, ജി.സുന്ദരേശൻ, കമ്മിഷണർ ബി.എസ്. പ്രകാശ്, സെക്രട്ടറി ജി. ബൈജു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
കാണിക്ക സ്വർണം
കട്ടികളാക്കി ബാങ്കിൽ
ദേവസ്വം ക്ഷേത്രങ്ങളിലെ കാണിക്ക സ്വർണമാണ് നിക്ഷേപിക്കുന്നത്
ചെറിയ അളവിലുള്ളവ ഉരുക്കി സ്വർണക്കട്ടികളാക്കി ബാങ്കിന് നൽകണം
സ്വർണ ശുദ്ധീകരണം ആർ.ബി.ഐയുടെ ഹരിയാനയിലെ മൈനിംഗ് കേന്ദ്രത്തിൽ
നിക്ഷേപം എപ്പോൾ പിൻവലിച്ചാലും സ്വർണമായോ പണമായോ തിരികെ ലഭിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |