ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് പത്രം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായി ബന്ധമുള്ള 752 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.
പത്രം നടത്തിപ്പ് കമ്പനിയായിരുന്ന അസോസിയേറ്റഡ് ജേണൽസിന്റെ ഉടമസ്ഥതയിലായിരുന്ന 661.69 കോടി വിലമതിക്കുന്ന ഡൽഹിയിലെയും മുംബയിലെയും നാഷണൽ ഹെറാൾഡ് ഹൗസുകളും ലഖ്‌നൗവിലെ നെഹ്‌റു ഭവനും അസോസിയേറ്റഡ് ജേണൽസിന്റെ ഒാഹരി നിക്ഷേപമായ 90.21 കോടി രൂപയുമാണ് കണ്ടുകെട്ടിയത്.
സോണിയയുടെയും രാഹുലിന്റെയും ഉടമസ്ഥതയിലുള്ള യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി, അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് ഏറ്റെടുത്ത കേസിൽ വഞ്ചന, ഗൂഢാലോചന, ക്രിമിനൽ വിശ്വാസ ലംഘനം എന്നീ ആരോപണങ്ങളാണ് ഇഡി ഉന്നയിക്കുന്നത്. സോണിയ, രാഹുൽ, പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തുടങ്ങിയവരെ ഇഡി ചോദ്യം ചെയ്‌തിരുന്നു. വീണ്ടും ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്.
രാഷ്ട്രീയ പകപോക്കലിന് കേന്ദ്രം അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ച കോൺഗ്രസ്, കള്ളപ്പണം വെളുപ്പിച്ചതിനോ പണം കൈമാറ്റത്തിനോ തെളിവില്ലെന്ന് വ്യക്തമാക്കി.
വായ്‌പയെടുത്ത് കുടുങ്ങി
നാഷണൽ ഹെറാൾഡ് ദിനപത്രത്തിന്റെ നടത്തിപ്പ് കമ്പനിയായിരുന്ന അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ്, ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്ന് 90 കോടി രൂപ പലിശയില്ലാ വായ്പ എടുത്തിരുന്നു. ഈ തുക തിരിച്ചടയ്ക്കാതെ വന്നപ്പോൾ 2010 ൽ അഞ്ചു ലക്ഷം രൂപ മൂലധനവുമായി രൂപീകരിച്ച യങ് ഇന്ത്യൻ എന്ന കമ്പനി 5000 കോടിയുടെ സ്വത്തുള്ള അസോസിയേറ്റഡ് ജേണൽസ് കമ്പനിയെ കൈവശപ്പെടുത്തിയെന്നാണ് ആരോപണം. സോണിയ, രാഹുൽ, മല്ലികാർജുൻ ഖാർഗെ, സാം പിട്രോഡ തുടങ്ങിയവരാണ് യങ് ഇന്ത്യൻ കമ്പനിയുടെ ഡയറക്ടർമാർ. സുബ്രഹ്മണ്യൻ സ്വാമിയാണ് കേസ് കൊടുത്തത്.
സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരേ സുബ്രഹ്മണ്യൻ സ്വാമി ഡൽഹി ഹൈക്കോടതിയിൽ നൽകിയ കേസ്.
സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും കൂട്ടാളികളും ചേർന്ന്, കോടിക്കണക്കിനു രൂപയുടെ സ്വത്തുള്ള എ.ജെ.എൽ എന്ന കമ്പനിയെ യങ് ഇന്ത്യ എന്നൊരു കമ്പനി രൂപീകരിച്ച് തട്ടിയെടുത്തു എന്നാണ് സുബ്രഹ്മണ്യം സ്വാമി ആരോപിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |