SignIn
Kerala Kaumudi Online
Saturday, 27 July 2024 10.03 AM IST

"ഗായത്രിയുടെ പുതിയ സീരിയൽ "ചട്ടയും മുണ്ടും", ഒരു നായകൻ മൊല്ലാക്ക, അടുത്ത നായകൻ പള്ളീലച്ചൻ"; നടിക്ക് മറുപടിയുമായി നടൻ മനോജ്

manoj

നവകേരളസദസുമായി ബന്ധപ്പെട്ട് നാദാപുരം നിയോജകമണ്ഡലത്തിൽ നടത്തിയ നടി ഗായത്രിയുടെ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.സീരിയലുകളിൽ മുസ്ലീമിന്റെയോ ക്രിസ്ത്യന്റെയോ കഥയുണ്ടോ? എല്ലാം തീരുമാനിക്കുന്നത് സവർണ ഫാസിസ്റ്റ് ഭരണകൂടമാണെന്നായിരുന്നു പരാമർശം. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടൻ മനോജ്.

'എന്റെ വളരെയടുത്ത സുഹൃത്തും സഹപ്രവർത്തകയുമായ ഗായത്രി വർഷ. പ്രശസ്ത ചലച്ചിത്ര സീരിയൽ നടിയാണ്.മിനിഞ്ഞാന്ന് ഒരു വീഡിയോ സുഹൃത്ത് അയച്ചുതന്നു. ആ വീഡിയോ കണ്ടു. ഈയൊരു വിഷയത്തെക്കുറിച്ച് വീഡിയോ ഇടണമെന്ന് തോന്നിയത് വേറൊന്നുംകൊണ്ടല്ല, നമ്മളുടെ ആ മേഖലയിൽ കേറി ചെറുതായൊന്ന് മാന്തിക്കഴിഞ്ഞപ്പോൾ എനിക്കൊന്ന് പറയാൻ തോന്നി. നമ്മളുടെ മേഖലയെന്ന് പറഞ്ഞാൽ ഞങ്ങളുടെയൊക്കെ ഉപജീവനം, അന്നം എന്നുപറയുന്നത് സീരിയൽ.


പബ്ലിക്കിനെ സംബന്ധിച്ച് നിങ്ങൾക്ക് സീരിയലിനെ പുച്ഛിക്കാം, എന്തുവേണമെങ്കിലും പറയാം. സ്വാതന്ത്ര്യമുണ്ട്. പൊതുജനങ്ങൾ പറഞ്ഞോട്ടെ കുഴപ്പമില്ല. സീരിയലെന്ന് പറയുന്നത് മഹത്തരമായ കലയാണെന്നോ, സമൂഹത്തെ ഉദ്ധരിക്കുന്ന സന്ദേശം നൽകുന്ന കലയാണെന്നൊന്നും ഞാൻ പറയില്ല. സീരിയൽ ഒരു എന്റർടെയ്ൻമെന്റ്. അവിടെ വലിയ സന്ദേശമൊന്നും കൊടുക്കുന്നില്ല. സിനിമയായാലും വലിയ സന്ദേശമൊന്നുമല്ല കൊടുക്കുന്നത്. എന്റർടെയ്ൻമെന്റാണ്. കാണുക, മറക്കുക.

ഗായത്രി എന്റെ സുഹൃത്താണ് സഹപ്രവർത്തകയാണ്. ഗായത്രി ഒരു നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. ഗായത്രി എന്നുപറയുമ്പോൾ നമുക്ക് ആദ്യം ഓർമവരുന്നത് മലയാളത്തിലെ സൂപ്പർ ഡ്യൂപ്പർ ഹിറ്റായ മീശമാധവൻ എന്ന ചിത്രത്തിലെ പട്ടാളം പുരുഷുവിന്റെ ഭാര്യ സരസു എന്ന വേഷമാണ്. അതായത് ജഗതിച്ചേട്ടൻ ചെയ്ത ഭഗീരഥൻ പിള്ളയുടെ കാമുകി. പുരുഷു അനുഗ്രഹിക്കണമെന്ന് പറയുന്നതൊക്കെ നമുക്കൊക്കെ ഒരിക്കലും മറക്കാൻ പറ്റാത്ത പൊട്ടിച്ചിരിപ്പിച്ച രംഗങ്ങളാണ്.

ഗായത്രി ഒരു അഭിനേത്രി എന്നതിനപ്പുറം ഒരു രാഷ്ട്രീയ പ്രവർത്തകയാണ്. ഇടതുപക്ഷ സഹയാത്രികയാണ്. നല്ലൊരു പ്രാസംഗികയാണ്. പുസ്തകങ്ങൾ വായിച്ചൊക്കെ നല്ല അറിവുണ്ട്. നവകേരള സദസിനോട് അനുബന്ധിച്ച് ഗായത്രി നാദാപുരത്ത് നടത്തിയിട്ടുള്ള പ്രസംഗം. ആ പ്രസംഗത്തിൽ പറഞ്ഞകാര്യങ്ങൾ, രാഷ്ട്രീയം ഞാൻ വിടുകയാണ്. ഗായത്രി ഇടതുപക്ഷ സഹയാത്രികയാണെന്നുള്ളത് എന്റെയും ഗായത്രിയുടെയും സൗഹൃദത്തിനുള്ള തടസമല്ല. ബി ജെ പി, കോൺഗ്രസ്, കമ്മ്യൂണിസ്റ്റുകാരൊക്കെ എന്റെ അടുത്ത സുഹൃത്തുക്കളുണ്ട്. രാഷ്ട്രീയ വിശ്വാസവും സൗഹൃദവും കൂട്ടിക്കുഴക്കാറില്ല.

ഗായത്രി പറഞ്ഞ രാഷ്ട്രീയ കാര്യങ്ങളൊക്കെ ഞാൻ മാറ്റിവയ്ക്കുന്നു. അതൊക്കെ ഗായത്രിയുടെ ഇഷ്ടം. സീരിയലിനെക്കുറിച്ച് പറഞ്ഞ കാര്യത്തിലേക്കാണ് ഞാൻ കടക്കുന്നത്. നമ്മുടെ സീരിയലുകൾ നിയന്ത്രിക്കുന്നത് കോർപ്പറേറ്റുകളാണ്. നമ്മുടെ സീരിയലിൽ ഒരു മൊല്ലാക്കയുണ്ടോ,പള്ളീലച്ചനെ വച്ച് നമുക്കൊരു സീരിയൽ ചെയ്യാൻ പറ്റുമോ. ഒരു ദളിതനെവച്ചെടുക്കാൻ പറ്റുമോ. അരിവാളെടുത്ത് കൊയ്യാൻ പോകുന്ന സ്ത്രീയുടെ കഥാപാത്രമെടുക്കാൻ പറ്റുമോയെന്നൊക്കെ ചോദിച്ച്, ഇവിടെ സവർണ മേധാവിത്വത്തിന്റെ എന്നൊക്കെ പറയുമ്പോൾ...

ഗായത്രീ, കുറച്ച് സീരിയലിന്റെ അന്നവും ഉണ്ട ആളല്ലേ. എന്തിനാ ഗായത്രീ സീരിയലിനെ ഇതിനകത്ത് വലിച്ചിഴക്കുന്നത്. രാഷ്ട്രീയക്കാരിയെന്ന നിലയിൽ ഗായത്രിക്ക് പറയാം. കാരണം രാഷ്ട്രീയക്കാരുടെ തുറുപ്പുചീട്ടെന്നുപറയുന്നത് ഈ വക സാധനങ്ങളാണ്. വോട്ട് കിട്ടാൻ ചീപ്പ് സാധനങ്ങൾ ഇട്ടുകൊണ്ടുള്ള കളിയാണ്. നിങ്ങൾ ന്യൂനപക്ഷം പീഡിപ്പിക്കപ്പെടുന്നു, നിങ്ങൾ അവഗണിക്കപ്പെടുന്നു, നിങ്ങളോടൊപ്പം ഞങ്ങളുണ്ട് എന്നൊക്കെ പറഞ്ഞ് പിടിച്ചിട്ടാണല്ലോ വോട്ട് മേടിക്കുന്നത്.

കലയെ അതിനകത്ത് ഉൾപ്പെടുത്തല്ലേ ഗായത്രീ. കലയിൽ അങ്ങനത്തെ ഒന്നുമില്ല. പള്ളീലച്ചന്റെ വലിയൊരു സൂപ്പർഹിറ്റ് ചിത്രമുണ്ട്. കടമറ്റത്ത് കത്തനാർ. കണ്ടിട്ടുണ്ടോ. പള്ളീലച്ചനാണ് അതിൽ ഹീറോ. പിന്നെയും ഉണ്ട്. ചട്ടയംമുണ്ടുമുടുത്ത സ്ത്രീകളുണ്ടോ സീരിയലിൽ എന്ന്. മമ്മൂക്ക ആദ്യമായി നിർമിച്ച ജ്വാലയായിൽ അനില ശ്രീകുമാർ ഇട്ടത് ചട്ടയും മുണ്ടുമാണ്. അൽഫോൺസാമ്മ എന്ന സീരിയലിൽ എന്റെ ഭാര്യയും ചട്ടയും മുണ്ടുമൊക്കെയിട്ടാ അഭിനയിച്ചത്. കന്യാസ്ത്രീകളുണ്ട്. വേണ്ട സമയങ്ങളിൽ എല്ലാം വന്നിട്ടുണ്ട്. അതൊക്കെ സൂപ്പർഹിറ്റുമായിട്ടുണ്ട്. അതിവിടത്തെ ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയുമടങ്ങുന്ന കേരള സമൂഹമാണ് സ്വീകരിച്ചത്. അങ്ങനെയൊന്നും പറഞ്ഞ് സ്‌പ്ലിറ്റാക്കാൻ നോക്കരുത്.

പിന്നെ മൊല്ലാക്കയുടെ കഥയുണ്ടോന്ന് ചോദിച്ചു. മൊല്ലാക്കയുടെ കഥ എന്ത് പറയാനാണ് ഗായത്രി സീരിയലിൽ. മൊല്ലാക്കമാരുടെ കഥകളിടുമ്പോൾ അതിന്റെയകത്ത് എതെങ്കിലുമൊരു വാക്കോ പ്രശ്നമോ വന്നാൽ ഇവിടെ വർഗീയത ആളിക്കത്തും.


പറയുന്നതിന് എന്തെങ്കിലുമൊരു ഔചിത്യം വേണ്ടേ ഗായത്രീ. സീരിയലിൽ ഇവരെയൊന്നുമെടുക്കാത്തത് സവർണ മേധാവിത്വമാണ്. മുകളിലിരുന്ന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും കോർപറേറ്റുകളുമൊക്കെയാണ് മലയാളം സീരിയലിന്റെ ഇതൊക്കെ എഴുതിക്കൊടുത്തതെന്ന്. കഷ്ടമാണ്. ഇത്രയും വലിയ ഫൂളിഷ്‌നെസ് ഇത്രയും ആളുകളുടെ മുന്നിൽ പറയുമ്പോൾ ഗായത്രി ഒന്നി ചിന്തിക്കുക, ആ വീഡിയോ തലങ്ങും വിലങ്ങുമൊക്കെ നോക്കിയിട്ടും ഒരു കൈയടിപോലും ഗായത്രിയ്ക്ക് കിട്ടുന്നില്ല.' - മനോജ് പറഞ്ഞു.

'ഗായത്രി സംവിധാനം ചെയ്യുന്ന അടുത്ത സീരിയലിലെ ഒരു നായകൻ മൊല്ലാക്ക, അടുത്ത നായകൻ പള്ളീലച്ചൻ.സീരിയലിന്റെ പേര് ചട്ടയും മുണ്ടും, അല്ലെങ്കിൽ പൊന്നരിവാൾ അമ്പിളി. ഇതെടുക്കാനുള്ള ആർജവം ഗായത്രി കാണിക്കുക. എന്തായാലും ഗായത്രിയ്ക്ക് ചാനൽ കിട്ടും. ഒരു തർക്കവുമില്ല. ആ ചാനലിൽ ഈ സീരിയലുമായി വന്ന് വിപ്ലവം സൃഷ്ടിക്കുക. റേറ്റിംഗിൽ ഗംഭീരമായി പോകട്ടെ. വേറെയൊന്നും പറയാനില്ല.'- അദ്ദേഹം വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GAYATHRI, CPM, NAVAKERALA SADAS, ACTOR MANOJ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.