കോഴിക്കോട്: നാദാപുരത്ത് കുന്നുമ്മക്കരയിൽ ഷബ്ന തൂങ്ങിമരിച്ച സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. യുവതി ജീവനൊടുക്കുന്നതിനു മുൻപുള്ള ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് മരണത്തിന് പിന്നിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ഭർത്താവിന്റെ അമ്മ, അമ്മാവൻ, സഹോദരി എന്നിവരുമായി ഷബ്ന വഴക്കിടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. യുവതി തന്നെയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഇതിന് ശേഷമാണ് ഷബ്ന മുറിയിൽ കയറി ജീവനൊടുക്കിയത്.
ഭർതൃവീട്ടുകാർ യുവതിയെ ഉപദ്രവിക്കുന്ന വിവിധ ദൃശ്യങ്ങൾ മുൻപ് തന്നെ പുറത്തുവന്നിരുന്നു. ‘‘നിങ്ങൾക്ക് കുറെ ഗുണ്ടായിസമുണ്ടല്ലോ പണ്ടുകാലം മുതൽ, അടിക്കുകയും മറ്റും ചെയ്യുന്നത്...’’ എന്ന് വഴക്കിനിടെ ഷബ്ന പറയുന്നത് കേൾക്കാം. പെണ്ണുങ്ങൾ ആണുങ്ങളുടെ മുൻപിൽ വന്ന് വർത്തമാനം പറയരുത് എന്ന് ഷബ്നയോടെ മറുവശത്തു നിന്ന് ഭർത്താവിന്റെ അമ്മാവൻ പറയുന്നതും വിഡിയോയിലുണ്ട്.
പെണ്ണിനെ ഒഴിവാക്കാനല്ല പറഞ്ഞു കൊടുക്കേണ്ടതെന്നും അത് ഭർത്താവ് ഹബീബ് വന്നു പറയട്ടെയെന്നും ഷബ്ന വിഡിയോയിൽ പറയുന്നുണ്ട്. ഇതിനിടെ മറ്റൊരു വ്യക്തി ഷബ്നയെ അടിക്കാനായി വരുന്നതും ദൃശ്യങ്ങളിലുണ്ട്. ‘‘ആ... അടിക്ക് എല്ലാം വിഡിയോയിലുണ്ട്’’ എന്ന് ഷബ്ന തിരിച്ചു പറയുന്നതും കേൾക്കാം. ഇവിടെ കോടതിയും പൊലീസും നിയമവും ഒന്നുമില്ലേ എന്നും ഷബ്ന ചോദിക്കുന്നുണ്ട്.
ഷബ്നയുടെ മരണത്തിൽ ഭർത്താവിന്റെ മാതാവിനെയും സഹോദരിയെയും പൊലീസ് കസ്റ്റഡിയിലെടുക്കും. കേസിൽ അറസ്റ്റിലായ ഭർത്താവിന്റെ അമ്മാവൻ ഹനീഫയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഷബ്നയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധന പീഡനമാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് ബന്ധുക്കളുടെ പരാതി.
അതേസമയം, കാസർകോട് ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തി. പളളിക്കര സ്വദേശി മുർസീനയെയാണ് ഭർത്താവിന്റെ ബേഡകത്തുളള വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.
മകൾ ആത്മഹത്യചെയ്യില്ലെന്നും മരണം കൊലപാതകമാണെന്നും മുർസീനയുടെ മാതാപിതാക്കൾ ആരോപിച്ചിരുന്നു,സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് അസ്കറും കുടുംബവും നിരന്തരം പീഡിപ്പിച്ചിരുന്നതായും യുവതി മുൻപും മാതാപിതാക്കളോട് പറഞ്ഞിട്ടുണ്ട്.മുർസീനയുടെ മരണം തങ്ങളെ വൈകിയാണ് അറിയിച്ചതെന്നും, അതിൽ അസ്വാഭാവികത ഉണ്ടെന്നും കുടുംബം ആരോപിക്കുന്നു.
മരണത്തിൽ യുവതിയുടെ കുടുംബം കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് പരാതി നൽകി. 2020ലായിരുന്നു മുർസീനയുടെയും അസ്കറിന്റെയും വിവാഹം. ഇരുവർക്കും രണ്ട് വയസുളള മകളുണ്ട്, പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണത്തിൽ വ്യക്തത ലഭിക്കുകയൂളളൂവെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |