ഹൈദരാബാദ്: ഇന്ത്യക്കെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര കളിക്കാനൊരുങ്ങുന്ന ഇംഗ്ലണ്ട് ടീമിന് ഉപദേശവുമായി മുന്‍ താരം മോണ്ടി പനേസര്‍. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള പരമ്പരയിലെ മത്സരങ്ങള്‍ ഇംഗ്ലണ്ടിനും ഇന്ത്യക്കും ഒരുപോലെ നിര്‍ണായകമാണ്. നിലവില്‍ പട്ടികയില്‍ എട്ടാമതുള്ള ഇംഗ്ലണ്ടിന് രണ്ടാമതുള്ള ഇന്ത്യയെ പരമ്പരയില്‍ വീഴ്ത്താതെ മുന്നോട്ടുപോകാന്‍ കഴിയില്ല. ഇന്ത്യയെ സംബന്ധിച്ച് നാട്ടില്‍ നടക്കുന്ന പരമ്പരയില്‍ സൂപ്പര്‍ താരം വിരാട് കൊഹ്ലിയുടെ പ്രകടനത്തിന് വലിയ പ്രാധാന്യമുണ്ട്.
ഇക്കാര്യം തിരിച്ചറിഞ്ഞ് കൊഹ്ലലിയെ പുറത്താക്കാനുള്ള ചില ഉപദേശങ്ങള്‍ നല്‍കുകയാണ് ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് പനേസര്‍. കൊഹ്ലിയെ ചുമ്മാ സ്ലെഡ്ജ് ചെയ്തിട്ട് കാര്യമില്ല. അത് അവനെ കൂടുതല്‍ അപകടകാരിയാക്കി മാറ്റുകയേ ഉള്ളൂവെന്നാണ് പനേസര്‍ പറയുന്നത്. കോഹ്ലിയുടെ ഈഗോയ്ക്ക് മുറിവേല്‍പ്പിച്ച്, അദ്ദേഹത്തെ മാനസികമായി തളര്‍ത്തിയാല്‍ വേഗം പുറത്താക്കാനാകുമെന്ന് പനേസര്‍ പറയുന്നു. അതിനായി വലിയ ടൂര്‍ണമെന്റുകളുടെ നോക്കൗട്ടില്‍ ഇന്ത്യ തോല്‍ക്കുന്നതിനെക്കുറിച്ച് പറയണം. പടിക്കല്‍ കലമുടയ്ക്കുന്നവരാണെന്ന് കളിയാക്കണം.
ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന് ഏകദിനത്തിലും ട്വന്റി20യിലും ലോകകപ്പ് നേടാനായിട്ടുണ്ട്. എന്നാല്‍ കൊഹ്ലിക്ക് ഈ ഡബിള്‍ നേട്ടം സാധിച്ചിട്ടില്ല. അതുകൊണ്ട് ഇക്കാര്യം അദ്ദേഹത്തെ മാനസികമായി തളര്‍ത്തും. പിന്നീട് പുറത്താക്കാന്‍ എളുപ്പമാണെന്നും പനേസര്‍ പറഞ്ഞു. ജയിംസ് ആന്‍ഡേഴ്‌സന്റെ റിവേഴ്‌സ് സ്വിങ്ങിനു മുന്നില്‍ കൊഹ്ലിക്ക് പിടിച്ചുനില്‍ക്കാനാവില്ലെന്നും പനേസര്‍ അവകാശപ്പെട്ടു. 2014ല്‍ ഇംഗ്ലണ്ടില്‍ പര്യടനത്തിനെത്തിയപ്പോള്‍ ആന്‍ഡേഴ്‌സണ്‍ വിരാട് കൊഹ്ലിയെ നാലു തവണ പുറത്താക്കിയിരുന്നു. ഇത്തവണയും അത് ആവര്‍ത്തിക്കുമെന്ന് താരം പറഞ്ഞു.
വ്യാഴാഴ്ചയാണ് ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. ഹൈദരാബാദിലെ രാജീവ്ഗാന്ധി സ്റ്റേഡിയത്തിലാണ് മത്സരം. രണ്ടാം മത്സരം വിശാഖപട്ടണത്തും മൂന്നാം മത്സരം രാജ്‌കോട്ടിലും നടക്കും. റാഞ്ചിയും ധരംശാലയും അവസാന രണ്ട് ടെസ്റ്റുകള്‍ക്ക് വേദിയാവും. രോഹിത് ശര്‍മ്മ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ഉപനായകന്‍. വിക്കറ്റ് കീപ്പര്‍ ദ്രുവ് ജൂറല്‍ മാത്രമാണ് ടീമിലെ പുതുമുഖം. ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിനേയാണ് ഇന്ത്യ പ്രഖ്യാപിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |