SignIn
Kerala Kaumudi Online
Tuesday, 21 May 2024 10.27 AM IST

വന്യമൃഗം, റബ്ബർ വില, തൊഴിൽനഷ്ടം മലയോരം കലിപ്പിലാണ്

rubber

കണ്ണൂർ: കാടിറങ്ങുന്ന മൃഗങ്ങളുടെ ഭീഷണി. പ്രധാന വരുമാനമാർഗമായ റബ്ബറിന്റെ വിലത്തകർച്ച, വിളനാശം എന്നിങ്ങനെ ഇക്കുറി മലയോരജനതയ്ക്ക് വോട്ട് വിഷയം പലതുണ്ട്. മൂന്ന് മുന്നണികളും മലയോരമേഖലയിലെ പ്രശ്നങ്ങളിൽ അനുഭാവപൂർവമായ നിലപാടാണ് പരസ്യമായി എടുക്കുന്നതെങ്കിലും ഇതിന്റെ ഗുണം ഇവരിലേക്ക് എത്തുന്നില്ലെന്ന പരാതി നിലനിൽക്കുന്നു. കാട്ടാനകൾ തൊഴിലാളികളെ കൊലപ്പെടുത്തുന്നതും പുലിയും കടുവയും കാടിറങ്ങി വളർത്തുമൃഗങ്ങളെ കൊന്നൊടുക്കുന്നതും കാട്ടുപന്നികൾ വിളവുകൾ നശിപ്പിക്കുന്നതുമെല്ലാമായി ജീവിച്ചുപോകാൻ സാധിക്കാത്ത നിലയിലാണ് മലയോരമേഖലയിലുള്ളവർ. സ്ഥലം വിറ്റുപോകാൻ താൽപര്യപ്പെടുന്നവർക്ക് മുന്നിൽ

പ്രശ്നബാധിത സ്ഥലം ആർക്കും വേണ്ടെന്ന അവസ്ഥയും നിലനിൽക്കുന്നുണ്ട്.

കലിപ്പ് വന്യ മൃഗങ്ങളോട്

കണ്ണൂരിന്റെ മലയോര മേഖല വന്യമൃഗശല്യം മൂലം വലയുകയാണ്. പശ്ചിമഘട്ട മലനിരകളിലെ വരൾച്ചയും ഭക്ഷ്യ ക്ഷാമവുമാണ് കടുവ ഉൾപ്പൈടെ വന്യമൃഗങ്ങളെ ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരാൻ പ്രേരിപ്പിക്കുന്നത്. ഈ മേഖലയിൽ ജനജീവിതം ദുസ്സഹമാണെന്ന കാര്യത്തിൽ മുന്നണി സ്ഥാനാർത്ഥികൾക്കിടയിൽ തർക്കമില്ല. മലയോര മേഖലയിൽ കുടുംബയോഗങ്ങളിലും കൺവൻഷനുകളിലുമെല്ലാം കാട്ടുമൃഗങ്ങളുടെ ശല്യം മുഖ്യ വിഷയമായി. ഏതാനും ദിവസം മുൻപാണ് കൊട്ടിയൂരിൽ നിന്ന് കടുവയെ പിടികൂടിയത്. മേഖലയിലെ ജനതയുടെ എല്ലാ കാര്യങ്ങളിലും ഒപ്പമുണ്ടാകുമെന്നാണ് സ്ഥാനാർത്ഥികൾ നൽകുന്ന ഉറപ്പ്. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവും സ്ഥാനാർത്ഥികൾ ഉയർത്തുന്നുണ്ട്.


വലിഞ്ഞു നീളുന്നു വാഗ്ദാനങ്ങൾ

റബർ കർഷകരെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കബളിപ്പിക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്. റബർ ഉൽപാദക സംഘങ്ങളുടെയും വിവിധ കർഷക സംഘടനകളുടെയും നേതൃത്വത്തിൽ നിരവധി പ്രക്ഷോഭങ്ങളാണ് സമീപകാലത്ത് നടന്നത്. റബർ ടാപ്പിംഗ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണം, വന്യജീവിശല്യം പരിഹരിക്കണം, തുടങ്ങിയ ആവശ്യങ്ങളും ഈ മേഖലയിലുള്ളവർ ഉന്നയിക്കുന്നു. അതേ സമയം റബറിന്റെ വിലയിടിവിന് പരിഹാരം കണ്ടിട്ടെ ഇനി ഉറക്കമുള്ളൂ എന്നതാണ് മുന്നണികളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം. റബറിന്റെ താങ്ങുവില 200 രൂപയെങ്കിലും ആക്കുന്നതിന് ഏറ്റവും മുൻഗണന നൽകുകയെന്നാണ് സ്ഥാനാർത്ഥികളുടെ വാഗ്ദാനം.

തൊഴിലവസരം മുന്നണികളുടെ വാഗ്ദാനം
ന്യൂജൻ വോട്ടർമാരെ പാട്ടിലാക്കാൻ മൂന്നു മുന്നണികളും ഒരുപോലെ ഉയർത്തിക്കാട്ടുന്ന വാഗ്ദാനമാണ് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നത്.നാട്ടിൽ വ്യവസായ വത്കരണത്തിലൂടെ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഇവർ പറയുന്നു. പ്രചരണത്തിൽ യുവാക്കളെ കാണാനും അഭിപ്രായങ്ങൾ തേടാനും കുറച്ചധികം സമയം തന്നെ സ്ഥാനാർത്ഥികൾ ചെലവഴിക്കുന്നുണ്ട്. കണ്ണൂർ മണ്ഡലത്തിൽ തന്നെ ഏകദേശം 40 ശതമാനത്തോളം യുവ വോട്ടർമാരാണുള്ളത്.

മലയോരത്തിനോട് സ്ഥാനാർത്ഥികൾ

കേന്ദ്രസംസ്ഥാന സർക്കാരുകൾ വന്യജീവികളുടെ ആക്രമണം തടയാൻ ഒന്നും ചെയ്യുന്നില്ല. രണ്ടു സർക്കാരുകളും ജനങ്ങളെ വന്യജീവികളുടെ ആക്രമണത്തിന് ഇരയാകാൻ വലിച്ചെറിയുകയാണ്. വിലപ്പെട്ട ഒരു മനുഷ്യജീവനുകൾ ബലിനൽകപ്പെടുമ്പോഴും സർക്കാരുകൾ നിസ്സംഗത തുടരുകയാണ്-കെ.സുധാകരൻ (യു.ഡി.എഫ്)

പത്തുവർഷത്തെ കേന്ദ്രഭരണത്തിൽ പൊതുമേഖലയെല്ലാം വിറ്റുതുലച്ചതോടെ വൻകിട തൊഴിൽദാതാക്കളെല്ലാം ഇല്ലാതായി. അവിടെ കോർപ്പറേറ്റുകളുടെ കരാർജോലി മാത്രം സ്വപ്നംകാണേണ്ടിവരുന്ന ഒരു തലമുറ വളർന്നുവരുന്നു. വർഷം കഴിയുന്തോറും ഉയർന്നുവരുന്ന തൊഴിലില്ലായ്മയുടെ ഗ്രാഫ് ആശങ്കയുണർത്തുന്നതാണ്. എങ്കിലും എല്ലാവരുടെയും കണ്ണുകളിലും പ്രതീക്ഷയുണ്ട്. നാളെ വരാൻ പോകുന്ന മാറ്റത്തെക്കുറിച്ച് അവർ ചിന്തിച്ച് തുടങ്ങിയിരിക്കുന്നു- എം.വി.ജയരാജൻ

(എൽ.ഡി.എഫ്)

റബർ വില കൂട്ടാൻ റബർ അധിഷ്ടിത വ്യവസായ പാർക്കുകൾ ആരംഭിക്കും- സി. രഘുനാഥ്(എൻ.ഡി.എ).

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.