SignIn
Kerala Kaumudi Online
Wednesday, 29 May 2024 1.26 AM IST

 മമതയ്ക്ക് ഹൈക്കോടതിയുടെ പ്രഹരം -- ബംഗാളിൽ 25,​000 അദ്ധ്യാപക നിയമനം റദ്ദാക്കി

c

കൊൽക്കത്ത: പശ്ചിമ ബംഗാൾ സ്‌കൂൾ സർവീസസ് കമ്മിഷൻ 2016ൽ പ്രവേശന പരീക്ഷയിലൂടെ നടത്തിയ 25,​573 വിവാദ അദ്ധ്യാപക- അനദ്ധ്യാപക നിയമനങ്ങളും കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കി. ഇവർ ഇതുവരെ വാങ്ങിയ ശമ്പളം 12 ശതമാനം പലിശ സഹിതം നാലാഴ്ചക്കകം തിരിച്ചടയ്ക്കണം. ഇതിനായി ജില്ലാ മജിസ്ട്രേട്ടിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

അതേസമയം,​ കാൻസർ രോഗിയായ സോമദാസിന് മാത്രം കോടതി ഇളവ് നൽകി. മാനുഷിക പരിഗണന പരിഗണിച്ചാണിതെന്ന് കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ദെബാംഗ്സു ബസാക്, എം.ഡി ഷബ്ബാർ റാഷിദി എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് പൊതുതിരഞ്ഞെടുപ്പിനിടെ മമത സർക്കാരിന് കനത്ത തിരിച്ചടി നൽകിക്കൊണ്ടുള്ള വിധി.

പരീക്ഷയിൽ വൻ ക്രമക്കേട് നടന്നെന്നാണ് സി.ബി.ഐ അന്വേഷണ റിപ്പോർട്ട്. ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ജോലി ലഭിക്കാത്ത ഒരുകൂട്ടം ഉദ്യോഗാർത്ഥികളാണ് ഹൈക്കോടതിയെ സമീപിച്ചതും കോടതി സി.ബി.ഐ അന്വേഷണ ഉത്തരവിട്ടതും.

പ്രവേശന പരീക്ഷയുടെ 23 ലക്ഷം ഒ.എം.ആർ ഷീറ്റുകൾ പുനർമൂല്യനിർണയം നടത്താനും ബെഞ്ച് ഉത്തരവിട്ടു. നിയമന നടപടികളുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തി മൂന്നു മാസത്തിനകം സി.ബി.ഐ മറ്റൊരു റിപ്പോർട്ട് സമർപ്പിക്കണം. പുതിയ നിയമന നടപടികൾ ആരംഭിക്കാൻ ബംഗാൾ സ്കൂൾ സർവീസ് കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

പശ്ചിമ ബംഗാൾ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പാർത്ഥ ചാറ്റർജിയെ നിയമന അഴിമതിലെ കള്ളപ്പണ വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇ.ഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ സഹായി അർപ്പിത മുഖർജിയുടെ വീട്ടിൽ നിന്ന് 21 കോടിയുടെ കറൻസിയും ഒരു കോടിയുടെ സ്വർണവും പിടിച്ചെടുക്കുകയും ചെയ്തു. സ്കൂൾ സർവീസ് കമ്മിഷൻ മുൻ ചെയർമാൻ ശാന്തി സിൻഹയും അറസ്റ്റിലായി. സി.ബി.ഐ കുറ്റപത്രത്തിലും പാർത്ഥയായിരുന്നു ഒന്നാം പ്രതി.

24,640 ഒഴിവുകളിലേക്ക് 23 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികളാണ് സ്റ്റേറ്റ് ലെവൽ സെലക്ഷൻ ടെസ്റ്റ്-2016 എഴുതിയത്. 25,753 നിയമനക്കത്ത് നൽകിയതായി ഹർജിക്കാരുടെ അഭിഭാഷകൻ ഫിർദൗസ് ഷമീം പറഞ്ഞു.

കേസിൽ ഡിവിഷൻ ബെഞ്ചിനെ നിയമിക്കാൻ 2023 നവംബർ ഒമ്പതിനാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സുപ്രീംകോടതി നിർദ്ദേശം നൽകിയത്.

തൃണമൂൽ 100 കോടി

കൈപ്പറ്റി: സി.ബി.ഐ

2014-നും 2021-നും ഇടയിൽ പശ്ചിമ ബംഗാൾ സ്‌കൂൾ സർവീസ് കമ്മിഷനും (എസ്‌.എസ്‌.സി) പശ്ചിമ ബംഗാൾ ബോർഡ് ഒഫ് സെക്കൻഡറി എജ്യുക്കേഷനും ചേർന്ന് നടത്തിയ നോൺ ടീച്ചിംഗ് സ്റ്റാഫിന്റെയും (ഗ്രൂപ്പ് സി,ഡി) ടീച്ചിംഗ് സ്റ്റാഫിന്റെയും നിയമനത്തിലാണ് സി.ബി.ഐ അന്വേഷണം നടക്കുന്നത്. സെലക്ഷൻ പരീക്ഷയിൽ പരാജയപ്പെട്ടവരിൽ നിന്ന് 5 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ കൈക്കൂലി വാങ്ങി നിയമനം നൽകുകയായിരുന്നു. തൃണമൂൽ കോൺഗ്രസ് നേതാക്കൾ 100 കോടിയിലേറെ വാങ്ങിക്കൂട്ടിയെന്ന് സി.ബി.ഐ പറയുന്നു.

ബി.ജെ.പിയുടെ താത്പ്പര്യങ്ങൾക്ക് അനുകൂലമായാണ് കോടതി പ്രവർത്തിക്കുന്നത്. ബംഗാളിൽ രാഷ്ട്രീയ വിസ്‌ഫോടനമുണ്ടാകുമെന്ന് ബി.ജെ.പി നേതാവ് സുവേന്ദു അധികാരി കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. 26,000 പേരുടെ തൊഴിൽ ഇല്ലാതാക്കി അവരെ മരണത്തിലേക്ക് തള്ളിവിടുന്നതാണോ വിസ്‌ഫോടനം? കോടതി എന്ത് വിധിയെഴുതുമെന്ന് ബി.ജെ.പി നേതാക്കൾ എങ്ങനെയാണ് നേരത്തെ അറിഞ്ഞത്

മമതാ ബാനർജി,​

ബംഗാൾ മുഖ്യമന്ത്രി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.