SignIn
Kerala Kaumudi Online
Saturday, 27 July 2024 12.35 PM IST

കഞ്ചാവും വർക്കൗട്ടും തമ്മിലെന്താണ് ബന്ധം; അമേരിക്കയിൽ വളരുന്ന ട്രെൻഡ്, ഇന്ത്യൻ ഡോക്‌ടർമാർ പറയുന്നത്

workout

ജീവിതശൈലീ രോഗങ്ങളും പൊണ്ണത്തടിയുമെല്ലാം വർദ്ധിച്ചതോടെ ഇന്ന് കേരളത്തിലടക്കം രാജ്യത്തെ 90 ശതമാനം ജിമ്മുകളും ഹൗസ് ഫുൾ ആണ്. ബോഡി ബിൽഡിംഗ് ചെയ്യാനും സീറോ സൈസ് ഫിഗർ നിലനിറുത്താനുമെല്ലാം ഇഷ്ടപ്പെടുന്നവരാണ് ഇന്നത്തെ ചെറുപ്പക്കാർ. കൂടാതെ സമൂഹമാദ്ധ്യമങ്ങളിലൂടെയും മറ്റ് വ്യായാമ പരിശീലനങ്ങൾ നൽകുന്നവരും ഇന്ന് ധാരാളമായുണ്ട്.

വർക്കൗട്ട് ചെയ്യുന്നവർ ശീലിക്കേണ്ട ഡയറ്റുകളും ധാരാളമുണ്ട്. തടി കുറയ്ക്കാനും ബോഡി ബിൽഡിംഗ് ചെയ്യാനും ആഗ്രഹിക്കുന്നവർ കൃത്യമായി ഭക്ഷണം ക്രമീകരിക്കുകകൂടി ചെയ്തെങ്കിൽ മാത്രമേ ഫലം കിട്ടുകയുള്ളൂ. ഡയറ്റ് ചെയ്യുന്നവരും വർക്കൗട്ട് ചെയ്യുന്നവരും ലഹരി പദാർത്ഥങ്ങൾ ഒഴിവാക്കണമെന്ന് പറയാറുണ്ട്. എന്നാൽ അമേരിക്കയിൽ ഇതിന് വിരുദ്ധമായി ഒരു ട്രെൻഡ് നടക്കുകയാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. കഞ്ചാവ്, ചരസ് അടക്കമുള്ള ലഹരിവസ്തുക്കൾ (കന്നബിസ്) ഉപയോഗിക്കുന്നത് ഇന്ത്യയിൽ നിയമവിരുദ്ധമാണ്. എന്നാൽ ഇവ യു എസിലെ 'ജിമ്മന്മാരും ജിമ്മത്തികളും' വ്യാപകമായി ഉപയോഗിക്കുന്നുവെന്നാണ് ഒരു പുതിയ പഠനം വെളിപ്പെടുത്തുന്നത്. യു എസിൽ കഞ്ചാവ് നിയമവിധേയമാണ്.

പഠനം

കഞ്ചാവ് ഉപയോഗിക്കുകയും ജിമ്മിൽ പോവുകയും ചെയ്യുന്ന 42 പേരിലാണ് പഠനം നടത്തിയത്. കഞ്ചാവ് ഉപയോഗിച്ചതിനുശേഷം വർക്കൗട്ട് ചെയ്യുമ്പോൾ സാധാരണ നിലയേക്കാൾ കൂടുതൽ അനുകൂല അനുഭവങ്ങൾ ഉണ്ടാവുന്നതായി ഇവർ പറയുന്നു. കൂടുതൽ ഉന്മേഷം ലഭിക്കുന്നുവെന്നും ആസ്വദിച്ച് ചെയ്യാൻ സാധിക്കുന്നുവെന്നും ഇവർ വെളിപ്പെടുത്തുന്നു.

പഠനത്തിൽ പങ്കെടുത്തവരിൽ 90 ശതമാനം പേരും പറഞ്ഞത് കഞ്ചാവ് ഉപയോഗിക്കുന്നത് കഠിന വ്യായാമങ്ങൾ ആസ്വദിക്കാൻ സഹായിക്കുന്നുവെന്നാണ്. വ്യായാമം ചെയ്യുന്നതുമൂലമുണ്ടാവുന്ന വേദന കുറയ്ക്കാൻ ക‌ഞ്ചാവ് സഹായിക്കുമെന്നാണ് 79 ശതമാനം പേരും വ്യക്തമാക്കിയത്. എന്നാലിതിന് പ്രകടനം മെച്ചപ്പെടുത്താനാവില്ലെന്നും പഠനത്തിൽ പറയുന്നു. കൂടാതെ ടി എച്ച് സി (ഡൽറ്റ 9 ടെട്രഹൈഡ്രോകന്നാബിനോൾ) ആധിപത്യമുള്ള കഞ്ചാവ് ഉപയോഗിച്ചവർ നിയന്ത്രിത വേഗതയിൽ വർക്കൗട്ട് ചെയ്യുമ്പോൾ പോലും ഉയർന്ന തലത്തിൽ അദ്ധ്വാനം വേണ്ടതായി വരുന്നുവെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

കഞ്ചാവും വർക്കൗട്ട് തമ്മിൽ ബന്ധമുണ്ടോ?

കഞ്ചാവിൽ പ്രധാനമായും രണ്ട് ഘടകങ്ങളാണുള്ളത്. ടി എച്ച് സി, സി ബി ഡി (കന്നബിഡിയോൾ). മനസിനെ നിയന്ത്രിക്കാൻ കഴിവുള്ള സൈക്കോ ആക്‌ടീവ് സംയുക്തമാണ് ടി എച്ച് സി. എന്നാൽ ടി എച്ച് സിയെപ്പോലെ ആസക്തി നൽകാനുള്ള കഴിവ് സി ബി ഡിക്കില്ല. ഇതിന് ധാരാളം മെഡിക്കൽ ഗുണങ്ങളുമുണ്ടെന്ന് പല ആരോഗ്യ വിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്നു.

വർക്കൗട്ടിന് മുൻപും ശേഷവും കഞ്ചാവ് ഉപയോഗിക്കുന്നത് യു എസിൽ സാധാരണമാണ്. കഞ്ചാവ് ചെടിയുടെ ആന്റി ഇൻഫ്ളമേറ്ററി ഘടകങ്ങളാണ് വർക്കൗട്ട് ചെയ്യുന്നവരിൽ ഇതിനെ പ്രിയപ്പെട്ടതാക്കുന്നത്. ഇത്തരം ഗുണങ്ങളുള്ളതിനാൽ കഠിനമായ വ്യായാമ മുറകൾ ചെയ്യുമ്പോഴുണ്ടാവുന്ന വേദന കുറയ്ക്കാൻ സഹായിക്കുന്നു. വ്യായാമം ചെയ്യുമ്പോൾ മൂഡ് നല്ലതാകുന്നു. കഞ്ചാവ് ഉപയോഗിച്ചതിനുശേഷം വ്യായാമം ചെയ്യുന്നത് മൂഡ് കൂടുതൽ മെച്ചപ്പെട്ടതാക്കുമെന്നും പഠനത്തിൽ പറയുന്നു.

കഞ്ചാവിലെ ടി എച്ച് സി, സി ബി ഡി സംയുക്തങ്ങൾ ശരീരത്തിന്റെ എൻഡോകന്നബിനോയിഡ് സംവിധാനവുമായി കൂടിച്ചേരുമ്പോൾ വേദനയെ സ്വാധീനിക്കുകയും ഉത്കണ്ഠ കുറയ്ക്കുകയും ചെയ്യുന്നു. അതികഠിനമായ വേദനയിൽ നിന്ന് രോഗികൾക്ക് രക്ഷ നൽകാൻ മരിജ്വാന സഹായിക്കുമെന്ന് ചില പഠനങ്ങളിൽ കണ്ടെത്തിയിട്ടുള്ളതായി ആർട്ടെമിസ് ആശുപത്രിയിലെ ഹെഡ്, പെയിൻ മെഡിസിൻ ആന്റ് പാലിയേറ്റീവ് കെയർ വിഭാഗത്തിലെ ഡോക്ടർ അശുകുമാർ ജെയിൻ പറയുന്നു. ശരീരത്തിലെയും തലച്ചോറിലെയും കന്നബിനോയിഡ് റിസപ്‌ടറുകളെ ഉണർത്തുകയാണ് ടി എച്ച് സി ചെയ്യുന്നത്. ഇതാണ് വേദന കുറവ് അനുഭവപ്പെടാൻ കാരണം. സിബിഡിയിലുള്ള ആന്റി ഇൻഫ്ളമേറ്ററി ഘടകങ്ങൾ വ്യായാമത്തിന് ശേഷമുള്ള അസ്വസ്ഥതകൾ കുറയ്ക്കാനും സഹായിക്കുന്നുവെന്ന് ഡോ. ജെയിൻ അഭിപ്രായപ്പെട്ടു.

കൂടാതെ കഞ്ചാവ് ഉത്‌കണ്ഠ കുറച്ച് കൂടുതൽ സമാധാനപരമായി ഇരിക്കാൻ സഹായിക്കുന്നു. ഇത് വ്യായാമം അനായാസേന ചെയ്യാൻ സഹായിക്കുന്നു. ടി എച്ച് സിയിലെ സൈക്കോ ആക്‌ടീവ് ഘടകങ്ങൾക്ക് ഉല്ലാസപരമായ ഒരു അനുഭവം നൽകാൻ കഴിവുണ്ട്. ഇത് താത്‌കാലികമായി സമ്മർദ്ദവും ഉത്‌കണ്ഠയും കുറയ്ക്കുകയും ചെയ്യുന്നുവെന്നാണ് പഠനത്തിൽ പറയുന്നത്. എന്നാൽ സിബിഡിയിൽ സൈക്കോ ആക്ടീവ് ഘടകങ്ങൾ ഇല്ലെങ്കിലും ശാന്തത നൽകുന്ന, ആന്റി ആംഗ്‌സൈറ്റി ഘടകങ്ങൾ ഇതിലടങ്ങിയിട്ടുണ്ടെന്ന് സൈക്യാട്രിസ്റ്റായ ഡോ. ഗൗരവ് ഗുപ്‌ത പറയുന്നു. മാത്രമല്ല സിബിഡി തലച്ചോറിലുള്ള ന്യൂറോട്രാൻസ്മിറ്ററുകളായ സെറോട്ടോണിനെയും ഡോപ്പമൈനെയും സ്വാധീനിക്കുകയും ഉത്‌കണ്ഠയിൽ നിന്ന് താത്‌കാലികാശ്വാസം നൽകുകയും ചെയ്യുന്നു. ഇത് സ്‌ട്രസ് കൂടാതെ വ്യായാമം ചെയ്യാൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കഞ്ചാവിന്റെ പാർശ്വഫലങ്ങൾ

വർക്കൗട്ട് ചെയ്യുമ്പോൾ കൂടുതൽ ഉന്മേഷവും ആവേശവും നൽകാൻ കഞ്ചാവിന് സാധിക്കുമെങ്കിലും ഇതിന്റെ പാർശ്വഫലങ്ങൾ വിസ്‌മരിക്കാൻ പാടില്ല. കഞ്ചാവിന് അടിമപ്പെടുന്നത് ആസക്തി, സൈക്കോസിസ്, വിഷാദരോഗം, ബൈപ്പോളാർ ഡിസോർഡർ എന്നിവയ്ക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. മരിജ്വാന ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുമെന്നും ഡോക്‌ടർമാർ വ്യക്തമാക്കുന്നു.

ഇന്ത്യയിലെ കഞ്ചാവ് ഉപഭോഗം

ഇന്ത്യയിൽ ഹെംപ്, സിബിഡി ഉത്‌പന്നങ്ങൾ ആരോഗ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് വ്യാപകമാവുകയാണ്. വ്യാവസായിക ആവശ്യങ്ങൾക്കായി വളർത്തുന്ന ഒരുതരം കഞ്ചാവ് ചെടിയാണ് ഹെംപ്. ഇതിൽ ടി എച്ച് സിയുടെ അളവ് 0.3 ശതമാനത്തിൽ താഴെയായതിൽ സൈക്കോ ആക്റ്റീവ് ഘടകങ്ങൾ അടങ്ങിയിട്ടില്ല.

ആയുഷ് മന്ത്രാലയത്തിന് കീഴിൽ ലൈസൻസുള്ള ഹെംപ് സ്റ്റാർട്ടപ്പുകൾ രാജ്യത്ത് ഇന്ന് ധാരാളമായി പ്രവർത്തിക്കുന്നു. സിബിഡി ഓയിൽ, ഹെംപ് പ്രോട്ടീൻ പൗഡർ, സിബിഡി റോൾ-ഓണുകൾ തുടങ്ങി വിവിധ ഉത്പന്നങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇവയ്ക്ക് വേദന, സമ്മർദ്ദം, ഉത്കണ്ഠ എന്നിവ ലഘൂകരിക്കാൻ കഴിയുമെന്നാണ് അവകാശവാദം.

മെഡിക്കൽ രംഗത്തെ ആവശ്യങ്ങൾക്കായി കഞ്ചാവ് കൃഷി നിയമവിധേയമാക്കുന്നത് ആലോചനയിലുണ്ടെന്ന് കഴിഞ്ഞവർഷം ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു പറഞ്ഞിരുന്നു. 2018ൽ ഉത്തരാഖണ്ഡ് ഇത് നിയമവിധേയമാക്കിയിരുന്നു. വ്യാവസായികവും ശാസ്ത്രീയവുമായ ആവശ്യങ്ങൾക്കായി കഞ്ചാവ് കൃഷി നിയമവിധേയമാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WORKOUT, GYM GOERS, GYM, HEALTH CLUBS, US, CANNABIS, HEMP, MARIJUANA, GANJAA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.